ജമ്മുകശ്മീരില്‍ ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തി.

ന്യൂഡൽഹി:ജമ്മുകശ്മീരില്‍ ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തി. ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്താനുള്ള ശുപാര്‍ശയില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പിട്ടു. മൂന്ന് വര്‍ഷത്തിന് ശേഷമാണ് കശ്മീരില്‍ വീണ്ടും ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തുന്നത്. സുരക്ഷ വിലയിരുത്താന്‍ ഗവര്‍ണര്‍ ഉച്ചയ്ക്ക് 2.30ന് യോഗം വിളിച്ചു. പിഡിപി-ബിജെപി സഖ്യം പിരിഞ്ഞതിനെ തുടര്‍ന്നാണ്  ജമ്മു കശ്മീരില്‍ ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തിയത്.

മെഹബൂബ മുഫ്തിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രാജിവെച്ചതിനെ തുടര്‍ന്ന് ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തണമെന്ന് ശുപാര്‍ശ ഇന്നലെ കേന്ദ്ര ആഭ്യന്തര മന്താലയത്തിന് നല്‍കിയിരുന്നു. മന്ത്രാലയം ഇത് രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയച്ചു. തുടര്‍ന്നാണ് രാഷ്ട്രപതി ശുപാര്‍ശയ്ക്ക് അംഗീകാരം നല്‍കിയത്. ഇതോടെ ജമ്മു കശ്മീരില്‍ എട്ടാം തവണയാണ് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നത്.

കശ്മീരിലെ സുരക്ഷാ കാര്യങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ഇന്നലെ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിന്‍റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നിരുന്നു . അതേസമയം പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്ന് കശ്മീരിലെത്തും. മാധ്യമ പ്രവര്‍ത്തകന്‍ ഷുജാത്ത് ബുഖാരിയുടെ വധത്തില്‍ പ്രതിഷേധിച്ച് വിഘടനവാദികള്‍ ഇന്ന് സംസ്ഥാനത്ത് സമരത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

ജമ്മു കശ്മീരില്‍ മെഹബൂബ മുഫ്തിയുടെ പിഡിപിക്ക് ബിജെപി നല്‍കിയിരുന്ന പിന്തുണ ഇന്നലെ പിന്‍വലിച്ചിരുന്നു. ഇതോട മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മെഹ്ബൂബ രാജിവെക്കുകയും സര്‍ക്കാര്‍ താഴെ വീഴുകയും ചെയ്തു.  ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങിന്‍റെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ദോവല്‍, ഐബി മേധാവി, ആഭ്യന്തര മന്ത്രാലയ ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട സൈനികന്‍ ഔറന്‍ഗസേബിന്‍റെ വീട് സന്ദര്‍ശിക്കാനായി ഇന്ന് കശ്മീരിലെത്തുന്ന പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമനും സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്തിയേക്കും. സംസ്ഥാനത്ത് ഇന്ന് വിവിധ വിഘടനവാദി സംഘടകള്‍ സംയുക്തമായി സമര പരിപാടികള്‍ക്ക് ആഹ്വാനം ചെയ്തിട്ടുണ്ട്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഷുജാത്ത് ബുഹാരിയുടെ വധത്തിലും കഴിഞ്ഞ ദിവസം സൈനിക വെടിവെപ്പില്‍ പ്രദേശവാസികള്‍ കൊല്ലപ്പെട്ടതിലും പ്രതിഷേധിച്ചാണ് സമരം.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar