വയല്‍ നികത്താന്‍ ക്വാറി വേസ്റ്റ്, ശുദ്ധജലത്തിനും മത്സ്യ സമ്പത്തിനും ഭീഷണി

: സ്വന്തം ലേഖകന്‍ :
വയലും ചതുപ്പു നിലവും നികത്താന്‍ മണ്ണെടുക്കാന്‍ പാടില്ലെന്ന് നിയമം കര്‍ശനമാക്കിയതോടെ ഉപയോഗിക്കുന്നത് മാരക വിഷ പദാര്‍ത്ഥങ്ങള്‍ അടങ്ങിയ കോറി വേസ്റ്റ്. കെട്ടിടങ്ങളുടെ ഫൗണ്ടേഷന്‍ ഫില്ല് ചെയ്യാനും ചതുപ്പ് നിലങ്ങള്‍ നികത്താനും റോഡ് പണിക്കും വരെ ഉപയോഗിക്കുന്നത് എം സാന്റിന്റെ വേസ്റ്റാണ്. മാരക കെമിക്കല്‍ ഉപയോഗിച്ചതിനാല്‍ ഇത്തരം വേസ്റ്റ് വലിയ പാരിസ്ഥിതിക പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നതെന്ന് പ്രകൃതി സ്‌നേഹികള്‍ പറയുന്നു. പുഴ മണല്‍ ലഭ്യത കുറഞ്ഞതോടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം ഉപയോഗിക്കുന്നത് കൃത്രിമ കോറി മണല്‍ അഥവാ എം സാന്റ് ആണ്. കരിങ്കല്‍ ആധുനിക യന്ത്രങ്ങള്‍ ഉപയോഗിച്ചു മണല്‍ രൂപത്തിലാക്കുകയാണ് ചെയ്യുന്നത്. ചെറിയ തരികളാക്കി മാറ്റുമ്പോള്‍ അവയില്‍ പറ്റിപ്പിടിച്ച പൊടികള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ വേണ്ടിയാണ് കൂറ്റന്‍ വെള്ള ടാങ്കുകള്‍ നിര്‍മ്മിച്ച് വെള്ളം കൊണ്ട് കഴുകി ശുചിയാക്കുന്നത്. പതിനായിരം ഇരുപതിനായിരം ലിറ്റര്‍ സംഭരണ ശേഷിയുള്ള കൂറ്റന്‍ കൃത്രിമ തടാകങ്ങള്‍ നിര്‍മ്മിച്ച് അവയില്‍ വെള്ളം നിര്‍ത്തിയാണ് മണല്‍ കഴുകി ഉണക്കുന്നത്. ഇങ്ങനെ കഴുകുമ്പോള്‍ വെള്ളം പെട്ടെന്ന് ചെറിയ മണല്‍തരികളും ചെളിയും കാരണം വൃത്തികേടാവുന്നു. ഇങ്ങനെ കേടുവന്ന വെള്ളത്തില്‍ മാരകമായ കെമിക്കല്‍ ഉപയോഗിച്ച് വെള്ളം പ്യൂരിഫൈ ചെയ്യുകയാണ് ചെയ്യുന്നത്. മണല്‍ പൊടിയും ചെളിയും വെള്ളത്തില്‍ ഊറാന്‍ വേണ്ടിയാണ് കെമിക്കല്‍ ഉപയോഗിക്കുന്നത്. ഈ കെമിക്കല്‍ ഉപയോഗിച്ചാല്‍ മണിക്കൂറുകള്‍ക്കകം കലങ്ങിയ വെള്ളം ശുചിയാവുകയും പൊടി പടലങ്ങളും ചെളിയും വെള്ളത്തിന്നടിയില്‍ അടിഞ്ഞു കൂടുകയും ചെയ്യുന്നു. തെളിഞ്ഞ വെള്ളം ടാങ്കുകളിലേക്ക് പമ്പു ചെയ്ത് വീണ്ടും ഉപയോഗിക്കുകയാണ് ചെയ്യുന്നത്. ക്വാറികളില്‍ വേനല്‍കാലത്ത് ജലക്ഷാമം അനുഭവപ്പെടുന്നതിനാലാണ് കെമിക്കല്‍ ട്രീറ്റ്‌മെന്റിലൂടെ വെള്ളം ശുചിയാക്കുന്നത്.
വെള്ളത്തിന്നടിയില്‍ അടിഞ്ഞു കൂടിയ വേസ്റ്റാണ് പറമ്പിലും പാടത്തും യാതൊരു നിയന്ത്രണവുമില്ലാതെ നിക്ഷേപിക്കുന്നത്. വെള്ളം പുനര്‍ ഉപയോഗത്തിന്നു വേണ്ടി ശുദ്ധീകരിക്കുന്ന കെമിക്കല്‍ ഉത്പന്നം പൊതു വിപണിയില്‍ ലഭിക്കുന്നവയല്ല എന്നതിനാല്‍ തന്നെ മാരകമായ വിപത്തുക്കള്‍ വരുത്തുന്നവയായിരിക്കുമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നത്. തമിഴ്‌നാട്ടില്‍ നിന്നും വരുന്നവയാണ് ഈ കെമിക്കല്‍ എന്നാണ് ചിലര്‍ നല്‍കുന്ന സൂചന. നേരത്തെ ഈ കെമിക്കല്‍ വിപണിയില്‍ ഉണ്ടായിരുന്നെങ്കില്‍ ഗ്വാളിയോര്‍ റയോണ്‍സ് ജല മലിനീകരണത്തിന്റെ പേരില്‍ അടച്ചു പൂട്ടേണ്ടി വരില്ല എന്നാണ് ചിലരുടെ അഭിപ്രായം. ഉപയോഗിച്ച വെള്ളം തന്നെ വീണ്ടും വീണ്ടും ഉപയോഗിക്കാന്‍ കഴിയുന്നതിനാല്‍ വെള്ളത്തിനു വേണ്ടി വലിയ തുക മുടക്കുന്നതാണ് ഒഴിവായികിട്ടുന്നത്. ഏത് കടുത്ത വേനലിലും ഉത്പാദനം മുടങ്ങാതിരിക്കുകയും ചെയ്യും. തുഛമായ കാശു മുടക്കി വെള്ളം പുനരുപയോഗ പ്രദമാക്കുന്നതിനു വേണ്ടി ഉപയോഗിക്കുന്ന കെമിക്കല്‍ അടങ്ങിയ ക്വാറി വേസ്‌ററ് ഗ്രാമങ്ങളില്‍ കൊണ്ടു പോയി നിക്ഷേപിക്കുന്നതാണ് പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നത്.
വയലിലും പറമ്പിലും മറ്റും ഈ പൊടി തള്ളുമ്പോള്‍ അവ മഴക്കാലത്ത് കുളത്തിലും തോട്ടിലും കൃഷി ഭൂമികളിലും വന്നു ചേരുന്നു. വളരെ ചെറിയ തരികളാണ് ഈ വേസ്റ്റ്. അവ മത്സ്യങ്ങളുടെ ചെകിളക്കുള്ളില്‍ അകപ്പെട്ട് മത്സ്യസമ്പത്തിനു വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. പാടങ്ങളില്‍ കര്‍ഷകന്റെ മിത്രങ്ങളായ തവള,മണ്ണിര,ഒച്ച്, പലതരത്തിലുള്ള വെള്ളത്തിലെ ജീവികള്‍ എന്നിവക്കെല്ലാം ഭീഷണിയാവുന്നുണ്ട്. കെമിക്കല്‍ കലര്‍ന്നതിനാലും ഈ പൊടി വെള്ളത്തിലൂടെ ഒഴുകിപോവുന്നതിനാലും ആവാസ വ്യവസ്ഥയെ താങ്ങി നിര്‍ത്തുന്ന ജീവികള്‍ ചത്തൊടുങ്ങുകയാണ്.
ക്വാറി വേസ്റ്റ് അവിടെത്തന്നെ കുഴിച്ചുമൂടണമെന്നാണ് നിയമം. എന്നാല്‍ സ്ഥലം കാണിച്ചു കൊടുത്താല്‍ മതി സൗജന്യമായി ക്വാറി ഉടമകള്‍ ആവശ്യക്കാര്‍ക്ക് അവിടെ എത്തിച്ചു കൊടുക്കും എന്നതാണ് ഇപ്പോഴത്തെ രീതി.ഒരു മുതല്‍ മുടക്കുമില്ലാതെ പാടവും ചതുപ്പ് നിലവും നികത്തി കിട്ടുമെന്നതിനാല്‍ എല്ലാവരും ആവശ്യക്കാരാണിന്ന്. പഞ്ചായത്തുകളോ മറ്റു ഉദ്യാഗസ്ഥരോ ഇക്കാര്യം ശ്രദ്ധിക്കുന്നില്ല എന്നതിനാല്‍ തന്നെ യഥേഷ്ടം ഗ്രാമ പ്രദേശങ്ങളില്‍ തള്ളുകയാണ് ഇത്തരം വേസ്റ്റുകള്‍. വയല്‍ മണ്ണിട്ടു നികത്തുന്നതു തന്നെ ആരെങ്കിലും പരാതിയായി ചെന്നാല്‍ മാത്രമാണ് ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കുന്നത്. ഈ പാറപ്പൊടിക്കൊപ്പം മണ്ണും നികത്തി പാടങ്ങള്‍ പറമ്പുകളാക്കി മാറ്റുകയാണ് പലയിടത്തും ചെയ്യുന്നത്.വലിയ പാരിസ്ഥിക ദൂഷ്യം വയലുകളിലും കുളങ്ങളിലും അരുവികളിലും സൃഷ്ടിക്കുന്ന ക്വാറി വേസ്റ്റിന്നെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ലെങ്കില്‍ നമ്മുടെ മത്സ്യ സമ്പത്തും ജലാശയങ്ങളും മനുഷ്യ ശരീരത്തിനു വലിയ രോഗങ്ങള്‍ സംഭാവന ചെയ്യുമെന്നതില്‍ സംശയമില്ല. വെള്ളം ശുചീകരിക്കാന്‍ ഉപയോഗിക്കുന്ന മാരക കെമിക്കല്‍ ഉയര്‍ത്തുന്ന വിപത്തിന്നെതിരെ നടപടികള്‍ കൈകൊള്ളണമെന്നും അത്തരം കെമിക്കല്‍ ഉപയോഗിച്ച ക്വാറി വേസ്റ്റുകള്‍ വയലിലും ചതുപ്പുനിലങ്ങളിലും നിക്ഷേപിക്കുന്നത് തടയണമെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നു.
0 Comments