മരുപ്പച്ചകള്‍ എരിയുമ്പോള്‍,ഗ്രാമീണതയുടെ ചൈതന്യപ്രവാഹം നിറഞ്ഞ നോവല്‍

മരുപ്പച്ചകള്‍ എരിയുമ്പോള്‍ എന്ന പ്രവീണ്‍ പാലക്കിലിന്റെ നോവല്‍ എം.ടി കഥകളിലെ കൊതിപ്പിക്കുന്ന ബിംബ കല്പനകളമായി നമ്മില്‍ ആഹ്ലാദമുണര്‍ത്തുന്നു.

…………….: കെ. പി സുധീര :…………………

കാലവ്യൂഹത്തിനകത്ത് നടക്കുന്ന കുഴമറിച്ചിലിനെക്കുറിച്ച്, പ്രവാസിയുടെ മനഃശാസ്ത്രമറിയുന്ന ഒരു പ്രവാസി, നോവല്‍ എഴുതിയിരിക്കുന്നു.ആദി മധ്യാന്തങ്ങള്‍ ഉള്ള ഒരു നോവല്‍. പ്രവാസ ജീവിതത്തിന്റെ സ്പന്ദനങ്ങളേക്കാള്‍ അയാള്‍ മനസ്സര്‍പ്പിക്കുന്നത്,സ്വന്തം നാടിനെ,നാട്ടിന്‍പുറത്തിനെയാണ്. പരീക്ഷണോന്മുഖമായ ഒരു രചനയല്ലിത്. പുതുമയ്ക്കുവേണ്ടി കൃത്രിമഭാഷ ചമച്ച്, ആധുനിക ശ്ലഥഘടനയിലൂടെ, നമ്മെ പൊറുതിമുട്ടിക്കുന്ന കഥാകൃത്തുക്കള്‍ക്കിടയിലല്ല,പുതിയൊരു നോവലുമായ് രംഗത്തേക്ക് കടന്നു വന്ന പ്രവീണിന്റെ സ്ഥാനം.
വര്‍ഷങ്ങളായി ഈ ചെറുപ്പക്കാരന്‍ യു.എ .ഇയില്‍ ജോലി ചെയ്യുന്നു. അവിടുത്തെ പ്രവാസിയുടെ മാനസിക സംഘര്‍ഷങ്ങളേയും,ശരീരവും മനസും തകര്‍ന്നുപോകുന്ന സാമ്പത്തിക പ്രയാസങ്ങളെയും,ദാരിദ്രത്താല്‍ വടു കെട്ടിയ ചില ജീവിതങ്ങളേയും കാണായ്കയല്ല,എന്നാല്‍ അയാളുടെ മനസ് കുതറിപ്പായുന്നത്,സ്വന്തം ഗ്രാമത്തിലേക്കാണ്. സ്വന്തം നാടിനെ സ്പുടീകരിക്കുന്ന ഒരു കഥ പറയുകയാണ്, അയാള്‍ക്കിഷ്ടം.
ഈ നോവലിന്റെ ആരംഭത്തില്‍ കൗമാര പ്രണയത്തിന്റെ അഷ്ട സുഗന്ധം നിറഞ്ഞ അനേക സന്ദര്‍ഭങ്ങളുമുണ്ട്. സ്വന്തം അമ്മാവന്റെ മകളായ രാധയെ പ്രണയിക്കുന്നുവെന്ന് പറയാന്‍ പോലും സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ രാധാകൃഷ്ണന് ധൈര്യമില്ല. സ്വന്തം അമ്മ,ചട്ടിയില്‍ എണ്ണ പുരട്ടി വിളക്കിന്റെ കരിപിടിപ്പിച്ചുണ്ടാക്കുന്ന കണ്മഷിയാണ് രാധ കണ്ണില്‍ തേക്കുന്നത്. മഷിയെഴുതിക്കറുപ്പിച്ച അവളുടെ കണ്ണുകളുടെ ചടുല കടാക്ഷങ്ങള്‍ക്കായ് ആര്‍ത്തിപുണ്ടുനില്‍ക്കുന്ന ഒരു കൗമാരകാലം. പ്രണയത്തിന്റെ അനശ്വര ഗീതങ്ങള്‍ ആമ്പല്‍കുളത്തില്‍നിന്നും തേന്മാവിന്‍ കൊമ്പത്തേക്കുയരുന്ന പൊന്മാന്‍ കൈതക്കാട്ടില്‍ മറഞ്ഞിരുന്ന് ഇണയെ ആകര്‍ഷിക്കുന്ന കുളക്കോഴി. ചുളപ്പുവിന്റെ ഉന്മാദ ഗന്ധം,രാധയുടെ തലമുടിയില്‍ നിന്നുയരുന്ന കാച്ചിയ എണ്ണയുടെ ഹൃദയഹാരിയായ മണം, ശീമക്കൊന്നയില്‍ ചിലക്കുന്ന അണ്ണാറക്കണ്ണന്‍ കടവത്തെ ചെമ്പകപ്പൂസുഗന്ധം, പുല്ലു തിരയുന്ന പശുക്കള്‍, നൃത്തമാടുന്ന വാടാര്‍മല്ലിക, അങ്ങനെ ഉള്‍നാടിന്റെ മനോഹരങ്ങളായ പ്രതിബിംബങ്ങള്‍. പൊയ്‌പ്പോയ കാലത്തിന്റെ തീരാ നഷ്ട്ടങ്ങളായ അനശ്വര പ്രതാപങ്ങള്‍ തികഞ്ഞ ഗൃഹാതുരതയോടെ നാം അനുഭവിക്കുകയാണ്, നോവലിന്റെ ആദ്യഭാഗത്ത്. നാലുപതിറ്റാണ്ടുകള്‍ക്കപ്പുറം നാമറിഞ്ഞ നാട്ടുനന്മകള്‍ പുഞ്ചപ്പാടത്തെ കൊയ്ത്തുകഴിഞ്ഞ വയലേലകളിലൂടെ, പ്രണയത്തിന്റെ നീര്‍ച്ചോലയായ് നമ്മിലേക്ക് വാര്‍ന്നു വീഴുന്നു. അമ്മയുടെ നാമജപം, പാട്ടിനൊത്ത് താളംപിടിക്കുന്ന മഴയും, പ്രണയമറിയിക്കാന്‍ കഴിയാതെ ഭയപ്പെട്ട് പരിഭ്രമിച്ചുനില്‍ക്കുന്ന കൗമാരക്കാരനുമെല്ലാം എം.ടി കഥകളിലെ കൊതിപ്പിക്കുന്ന ബിംബ കല്പനകളായി നമ്മില്‍ ആഹ്ലാദമുണര്‍ത്തുന്നു.
പ്രണയത്തിലും, വിവാഹത്തിലും, രതിയിലും നാണം കൊണ്ട് ചുവന്നുപോകുന്ന കന്യകമാര്‍ നമുക്കിന്നുണ്ടോ? വിവാഹപിറ്റേന്ന് കുളിച്ചു പുളിയിലക്കര മുണ്ടുചുറ്റി,ചന്ദനംതൊട്ട്,കുടമുല്ല പൂച്ചുടി ഭാര്‍ത്താവിനെ ചായയുമായ് ഉണര്‍ത്തുന്ന പെണ്‍കുട്ടികളുണ്ടോ? പഴമയുടെ ഇക്കഥകളെല്ലാം ഈ ചെറുപ്പക്കാരന്‍ എങ്ങനെ അറിഞ്ഞുവെച്ചു എന്നതാവും വായനക്കാരന്റെ അതിശയം. മാഞ്ഞുപോയ പല നന്മകളെയും ഓര്‍ത്തെടുക്കുന്ന ഒരുനോവല്‍.


വിദ്യാഭ്യാസവും വിവാഹവും കഴിഞ്ഞ കഥാനായകന്‍,മരുപ്പച്ച തേടി മരുഭൂവിലെത്തുന്നു.അപ്പോഴും എല്ലാവരെയും പോലെ അയാളുടെ മനസ് പാഞ്ഞുനടക്കുന്നത് ജന്മനാട്ടിലാണ്. ഊര്‍ജ്ജസ്വലവും,നിഷ്‌കളങ്കവും വികാര സാന്ദ്രവുമായ മനസ്സാണ് കൃഷ്ണന്റേത്.എന്നാല്‍ അയാള്‍ക്കു രാധയുടെ മനസിന്റെ നിഗുഢ മണ്ഡലങ്ങളെ കണ്ടെത്തനായില്ല. ഒരുതനി നാട്ടുമ്പുറത്തുകാരിയായിട്ടുപോലും സമൂഹത്തിന്റെയും വീട്ടുകാരുടെയും സകല എതിര്‍പ്പുകളെയും തൃണവല്‍കണിച്ച് അവള്‍ നഗരത്തിലേക്കും മറ്റ് പുരുഷകരങ്ങളിലേക്കും ഒഴുകി പോകുമെന്ന് അയാള്‍ക്ക് ഊഹിക്കാനേ കഴിഞ്ഞില്ല. സ്വകീയവും,പരകീയവുമായ എല്ലാ പ്രഭാവങ്ങളില്‍നിന്നും പുറത്താക്കപ്പെടുമ്പോഴാണ് പ്രവാസി പലപ്പോഴും സ്വയം മനസിലാക്കുന്നത്. പണമുണ്ടാക്കാനായി വിയര്‍പ്പു ചിന്തികളയുമ്പോള്‍,അവര്‍ പ്രിയപ്പെട്ടവരുടെ അഭിലാഷങ്ങളെ ചിലപ്പോള്‍ മറന്നു പോകും. അതാണ് കഥയുടെ കേന്ദ്രബിന്ദു.
ഭൂതകാലത്തിന്റെ ഭാരം ചുമന്ന് ജീവിക്കുന്ന പ്രവാസികള്‍ എത്രയോ ഉണ്ട്. അവനവനോടൊപ്പം ജീവിക്കാന്‍ കഴിയണം. അതിന് ആത്മാവ് സജീവമായിരിക്കണം. ഭയമില്ലാതെ വസ്തുക്കളെ നോക്കിക്കാണാനുള്ള മനസിന്റെ ലാളിത്യം ഈ നോവലില്‍ പലപ്പോഴും രാധാകൃഷ്ണന് നഷ്ട്ടമാകുന്നുണ്ട്. സ്വന്തം അച്ഛന്റെ മരണത്തില്‍ പോലും നാട്ടില്‍പോകാനാവാതെ, തളര്‍വാതം പിടിക്കപ്പെട്ട അമ്മയെ ഒരുനോക്കു കാണാനാവാതെ, ജീവിതം നാശോന്മുഖമായപ്പോഴാണ് അയാള്‍ തിരികെ നാട്ടിലേക്ക് വരുന്നത്.
ജീവിതത്തെക്കുറിച്ച് ഉല്‍കൃഷ്ടമായ ചിന്തകള്‍വെച്ചുപുലര്‍ത്തുന്ന നോവലിസ്റ്റിന്റെ മനസ് നിറഞ്ഞൊഴുകുന്ന ഒരു പാനപാത്രമാണ് അതില്‍നിന്ന് കവിഞ്ഞു തൂവുന്ന നന്മകള്‍ നമ്മെ ആകര്‍ഷിക്കുന്നു. പ്രവാസികളുടെ ആത്മസംഘര്‍ഷങ്ങളും,ആത്മരോഷങ്ങളും അറിഞ്ഞനുഭവിച്ച സാഹിത്യകാരന്റെ സഹജ ദര്‍ശനങ്ങള്‍ നോവലില്‍ ഉടനീളമുണ്ട്. ജീവിതത്തെ ദുരിതഭൂമിയാക്കിയ അനുഭവങ്ങള്‍,വേര്‍പാടുകള്‍ ഹൃദയത്തെ കാര്‍ന്നുതിന്നുന്ന വേദന, ചിറകുനഷ്ടമായ പക്ഷിയെപ്പോലെ, പറന്നുയരാനാകാതെ തളര്‍ന്നുനില്‍കുന്ന രാധാകൃഷ്ണന്‍ എന്ന മനുഷ്യന്റെ വേദന, വായനക്കാരന്റെതായിത്തീരുന്നു.
ജിവിതത്തിന്റെ ഏതോ ഇരുണ്ട അഗാധതയിലേക്ക് വീഴുമ്പോഴും ഉള്ളില്‍ പ്രത്യാശയുടെ മണിദീപം കൊളുത്തിവെക്കുവാന്‍ നമുക്കാവണം എന്ന് വായനക്കാരന്‍ നോവലിലൂടെ സ്വയം തിരിച്ചറിയുന്നു.
രൂക്ഷ യാഥാര്‍ത്ഥ്യങ്ങളുടെ കനവും കരുത്തും മാത്രമല്ല, ശാന്തികെടുത്തുന്ന പല അറിവുകളും ഈ നോവല്‍ നമുക്ക് പകര്‍ന്നു നല്‍കുന്നു. നമ്മുടെയൊക്കെ ആന്തരികമായ മരവിപ്പിനെ കീറിമുറിക്കുന്ന ഈ ചൈതന്യ പ്രവാഹത്തിലേക്ക്,വായനക്കാരെ,കടന്ന് വരിക. നിരവധി വര്‍ഷമായി പ്രവാസലോകത്തു ജീവിക്കുന്ന പ്രവീണ്‍ എന്ന എഴുത്തുകാരന്റെ മനസ്സില്‍ നിറയുന്ന ജന്മദേശവും പ്രവാസ ഭൂമിയും ആനുഭവങ്ങളുടെ തീക്ഷണതകൊണ്ട് മനസ്സിനെ മുറിപ്പെടുത്തുന്നു. ഹൃദ്യമായ ഭാഷയും ആഖ്യാന രീതിയും മരുപ്പച്ചകള്‍ എരിയുമ്പോള്‍ എന്ന നോവലിനെ വേറിട്ട വായനാലോകത്ത് നിര്‍ത്തുന്നു.

പ്രസാധനം  : ചിരന്തന ദുബൈ
വിതരണം    : സമയം പബ്ലിക്കേഷന്‍ കണ്ണൂര്‍
വില                : 110 രൂപ

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar