സീതാറാം യെച്ചൂരിയുടെ നിലപാട് പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ചു

ഹൈദരബാദ്: പൊളിറ്റ് ബ്യൂറോയും കേന്ദ്ര കമ്മിറ്റിയും തള്ളിയ സീതാറാം യെച്ചൂരിയുടെ നിലപാടാണ് പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ചത്. കോണ്‍ഗ്രസ് സഹകരണം രാഷ്ട്രീയ നയത്തില്‍ എഴുതി വയ്ക്കേണ്ടതില്ലെന്ന പ്രകാശ് കാരാട്ടിന്റെ നിലപാടിനെ ആദ്യഘട്ടം മുതല്‍ യെച്ചൂരി എതിര്‍ത്തിരുന്നു. പാര്‍ട്ടിക്കു സ്വാധീനമില്ലാത്ത പ്രദേശങ്ങളില്‍ ബിജപിക്കെതിരായി കോണ്‍ഗ്രസിനാണ് വോട്ടുകള്‍ ചെയ്യുന്നത്. പിന്തുണയും നല്കുന്നു. ഈ യാഥാര്‍ഥ്യം മറച്ചു വയ്ക്കേണ്ടതില്ലെന്ന നിലപാടാണ് യെച്ചൂരി സ്വീകരിച്ചത്. കൊല്‍ക്കൊത്ത പ്ലീനത്തില്‍ സ്വീകരിച്ച രാഷ്ട്രീയ അടവു നയത്തില്‍ കോണ്‍ഗ്രസ് സഹകരണം ഉള്‍പ്പെടുത്തിയിരുന്നില്ല. എന്നാല്‍ ബംഗാളില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുകയും അവരുടെ പിന്തുണ സ്വീകരിക്കുകയും ചെയ്തിരുന്നു.
വരുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നുണ്ട്. കഴിഞ്ഞ മൂന്നു വര്‍ഷമായി പല സംസ്ഥാനങ്ങളിലും നടന്ന തെരഞ്ഞെടുപ്പില്‍ സിപിഎം ഒറ്റയ്ക്കു മത്സരിച്ചു. അവിടെയൊക്കെ മതേതര കക്ഷികളുടെ വിജയത്തിനു സഹായകമാകാത്ത നിലപാടായിരുന്നു ഇത്. ഈ വസ്തുതകള്‍ കണ്ടില്ലെന്നു നടിക്കരുതെന്നായിരുന്നു യെച്ചൂരിയുടെ പക്ഷം. കോണ്‍ഗ്രസ് സഹകരണം വേണമെന്നു വാദിച്ച യെച്ചൂരിയെ പിന്തുണയ്ക്കുന്ന നിലപാടാണു ബംഗാള്‍ ഘടകം സ്വീകരിച്ചത്. കേരളം ഇതിനെ ശക്തിയുക്തം എതിര്‍ത്തു. ഇതോടെ പാര്‍ട്ടി കോണ്‍ഗ്രസില്‍ വ്യക്തമായ ചേരിതിരിവുണ്ടായി.
പാര്‍ട്ടി കോണ്‍ഗ്രസ് ആരംഭിക്കുന്നതിനു മുന്‍പു തന്നെ ചേരിതിരിവു വ്യക്തമായിരുന്നു. അതുകൊണ്ടാണു കേന്ദ്ര കമ്മിറ്റി വോട്ടിനിട്ടു തള്ളിയ ന്യൂനപക്ഷ നിലപാട് പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കാന്‍ യെച്ചൂരിക്ക് അനുമതി നല്‍കിയത്. ഈ അവസരം യെച്ചൂരി സ്വന്തം നിലപാടു വിശദീകരിക്കാന്‍ ഉപയോഗിച്ചു. കോണ്‍ഗ്രസ് സഹകരണം എന്തു കൊണ്ടു വേണമെന്നു വാദിക്കുന്നുവെന്നു വിശദീകരിക്കാനായിരുന്നു യെച്ചൂരി ശ്രമിച്ചത്. ഈ വാദങ്ങളാണ് യെച്ചൂരിയുടെ നിലപാടിനു പിന്തുണ വര്‍ധിപ്പിച്ചത്.
ഇന്നലെ ഉച്ചഭക്ഷണത്തിനു പാര്‍ട്ടി കോണ്‍ഗ്രസ് പിരിയുമ്പോഴും യെച്ചൂരിയുടെ നിലപാട് അംഗീകരിക്കപ്പെടില്ല എന്നതായിരുന്നു കാരാട്ടിന്റെയും അദ്ദേഹത്തിന്റെ വാദങ്ങള്‍ അംഗീകരിച്ചവരുടെയും ധാരണ. എന്നാല്‍ രഹസ്യ ബാലറ്റ് ആവശ്യപ്പെട്ട പ്രതിനിധികളുടെ വികാരം മുതിര്‍ന്ന നേതാക്കള്‍ക്കു വ്യക്തമായിരുന്നു. ഇതായിരുന്നു അവസാനവട്ട അനുരജ്ഞനത്തിന് പ്രേരിപ്പിച്ചത്. നേതാക്കളുടെ അഭിപ്രായം അവഗണിക്കാന്‍ പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ക്കു കഴിഞ്ഞില്ല. തുടര്‍ന്നു നടന്ന ചര്‍ച്ചകളിലായിരുന്നു രാഷ്ട്രീയ സഖ്യമില്ലെന്നു മാത്രം വ്യക്തമാക്കി കോണ്‍ഗ്രസ് സഹകരണം ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്.
രാഷ്ട്രീയ സഖ്യമില്ലെന്ന തീരുമാനം കേരള ഘടകത്തിന് ആശ്വാസമാണ്.
രാഷ്ട്രീയ സഖ്യമില്ലെന്നതിന് അര്‍ത്ഥം തെരഞ്ഞെടുപ്പ് സഖ്യമില്ല എന്നതാണെന്ന് പ്രകാശ് കാരാട്ട് വിശദീകരിച്ചതും കേരള ഘടകത്തെ മുന്നില്‍ കണ്ടാണ്. ധാരണയുണ്ടാകും എന്ന വ്യവസ്ഥയിലൂടെ ബംഗാള്‍ ഘടകത്തെയും അനുനയിപ്പിച്ചു. തെരഞ്ഞെടുപ്പു സഖ്യമില്ല എന്നതു കാരാട്ട് സ്വീകരിച്ച നിലപാടിന്റെ വിജയമാണെന്ന വാദം ഉയര്‍ത്തി കേന്ദ്ര കമ്മിറ്റി സ്വീകരിച്ച നിലപാടിനൊപ്പമുള്ളവര് ആശ്വസിക്കുമ്പോള്‍, കേന്ദ്ര കമ്മിറ്റി തള്ളിയ ആവശ്യം പാര്‍ട്ടി കോണ്‍ഗ്രസില്‍ അംഗീകരിപ്പിക്കാന്‍ കഴിഞ്ഞതോടെ യെച്ചൂരി വിജയിക്കുക മാത്രമല്ല കൂടുതല്‍ കരുത്തനാകുകയും ചെയ്തു.
0 Comments