മലദ്വാര രോഗങ്ങളും ആയുര്‍വ്വേദ ചികിത്സയും

നമ്മുടെ ഇപ്പോഴത്തെ ഭക്ഷണ രീതിയും വ്യായാമക്കുറവും നിരവധി രോഗങ്ങളെയാണ് ക്ഷണിച്ചു വരുത്തുന്നത്. ദഹന -വിസര്‍ജ്ജന പ്രക്രിയ ശരിയായി നടക്കാത്ത ശരീരത്തില്‍ ഉടലെടുക്കുന്ന രോഗങ്ങളില്‍ ഏറെയും മലദ്വാരത്തിലാണ് കേന്ദ്രീകരിക്കുന്നത്. നടക്കാനും ഇരിക്കാനും പറ്റാതെ ഇത്തരം രോഗികള്‍ക്ക് ജീവിതം വലിയ പ്രയാസമായി തീരുന്നു. ഇരുന്നുള്ള ജോലികളും ശോധനക്കുറവും അമിതമായ മാംസാഹാര ശീലവുമെല്ലാം മലദ്വാര രോഗങ്ങളുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നു. പ്രവാസികളെ ഏറ്റവും കൂടുതല്‍ പ്രയാസപ്പെടുത്തുന്ന മലദ്വാര രോഗങ്ങളും അവയ്ക്ക്ുള്ള ആയുര്‍വ്വേദ ചികിത്സാ രീതിയുമാണ് ഈ ലേഖനത്തില്‍ വിശദമാക്കുന്നത്. ചിട്ടയായ ചികിത്സയിലൂടെയും മരുന്നു സേവയിലൂടെയും മലദ്വാര രോഗങ്ങളെ കൊണ്ടുള്ള പ്രയാസത്തില്‍ നിന്നും മുക്തിനേടാവുന്നതാണ്. ആയുര്‍വ്വേദാചാര്യന്മാരുടെ ഗ്രന്ഥങ്ങളില്‍ നിന്നുള്ള ചികിത്സാ രീതികളെ ആധുനികമായ ഗവേഷണം കൂടി യോജിപ്പിച്ചുകൊണ്ടാണ് പ്രമുഖ ആയുര്‍വ്വേദ ഡോക്ടറായ അമീര്‍ ആയുര്‍ലോകം ഈ രംഗത്ത് ഗവേഷണ പരീക്ഷണങ്ങളിലൂടെ നിരവധി രോഗികള്‍ക്ക് സാന്ത്വനം പകര്‍ന്നത്.

:……….ഡോക്ടര്‍. അമീര്‍ ആയുര്‍ലോകം ………:

രീരത്തില്‍ പ്രധാനമല്ലാത്ത ഭാഗങ്ങള്‍ ഒന്നും ഇല്ല. മലദ്വാരവുമായി ബന്ധപ്പെട്ട രോഗങ്ങള്‍ പലപ്പോഴും ആളുകള്‍ക്ക് പുറത്തുപറയാന്‍ മടിയാണ്. വാ വഴി അകത്തു കടന്ന ആഹാരത്തെ വേണ്ട വിധം ദഹിപ്പിച്ച ശേഷം അതിന്റെ അവശിഷ്ടത്തെ സുഖകരമായി പുറത്തു കളയുന്ന ദൗത്യം മലദ്വാരമാണ് നിര്‍വ്വഹിക്കുന്നത്. അതിന് തൊട്ടു മുമ്പായി മലത്തെ താല്‍ക്കാലികമായി തടഞ്ഞു നിര്‍ത്തുന്ന റെക്ടം എന്ന ഭാഗം മനുഷ്യരെ സംബന്ധിച്ചേടത്തോളം വലിയൊരു അനുഗ്രഹമാണ്. അല്ലായിരുന്നെങ്കില്‍ ആഹാരം കുടലിലൂടെ നീങ്ങി നീങ്ങി മറുവശത്തെത്തുമ്പോഴേക്കും നിയന്ത്രണമില്ലാതെ പുറത്തു പോയേനെ. കുടലിലെ അവശിഷ്ടത്തെ തടഞ്ഞു നിര്‍ത്തുന്ന സംരക്ഷണ അറയാണ് റെക്ടം. ഈ സംവ്വിധാനം ഇല്ലായിരുന്നെങ്കില്‍ പക്ഷികളെപ്പോലെ ഏത് നേരത്തും എവിടെ വെച്ചും മലം പോയെന്നിരിക്കും. ഇതോടെ മനുഷ്യ ജീവിതം ദുസ്സഹമാകുമെന്ന് പറയേണ്ടതില്ലല്ലൊ. എന്നാല്‍ മലം ഒട്ടും പുറത്ത് പോകാതിരുന്നാലോ പറഞ്ഞറിയിക്കാനാകാത്ത അസ്വസ്ഥതകള്‍ അനുഭവിക്കേണ്ടി വരും. പുറമെ മറ്റു രോഗങ്ങള്‍ക്ക് അത് കാരണമായിത്തീരുകയും ചെയ്യും.

ഈ പ്രയാസങ്ങളൊന്നുമില്ലാതെ ആവശ്യമുള്ളത്ര സമയം മലത്തെ തടഞ്ഞു നിര്‍ത്തുകയും സമയാസമയം അതിനെ പുറം തള്ളുകയും ചെയ്യുന്ന സുപ്രധാനമായ ദൗത്യമാണ് മലദ്വാരം നിര്‍വ്വഹിക്കുന്നത്. അത്‌കൊണ്ട് തന്നെ മലദ്വാരവുമായി ബന്ധപ്പെട്ട രോഗങ്ങള്‍ യാതൊരു കാരണവശാലും അവഗണിക്കരുത്.

പ്രധാനമായും പൈല്‍സ്,ഫിഷര്‍,ഫിസ്റ്റുല എന്നിങ്ങനെ മൂന്ന് രോഗങ്ങളാണ് മലദ്വാരത്തെ ബാധിക്കുന്നത്.അതിനു പുറമെ പോളിപ്പുകളും, അപൂര്‍വ്വമായി കാന്‍സറും ബാധിച്ചേക്കാം. അതിനാല്‍ കൃത്യമായ രോഗനിര്‍ണയവും ചികിത്സയും ഏറെ പ്രാധാന്യമര്‍ഹിക്കുന്നു.


:പൈല്‍സ് …..

പൈല്‍സ് എന്നത് മലദ്വാരത്തിലെ രക്തക്കുഴലുകളുമായി ബന്ധപ്പെട്ട ഒരു രോഗമാണ്. രക്തക്കുഴലുകളുടെ വാരിക്കോസിറ്റി,അഥവാ തടിച്ചു തൂങ്ങല്‍ ആണിത്. രക്തക്കുഴലുകളോടൊപ്പം മലദ്വാരത്തിന്റെ ഉള്‍ഭിത്തിയിലെ ആവരണ കോശങ്ങള്‍കൂടി തൂങ്ങി വരുന്നു. അത് ക്രമേണ വലുതായി മലദ്വാരത്തില്‍ നിന്ന് പുറത്തേക്ക് ഇറങ്ങി വരും. പൈല്‍സിന്റെ ഒന്നാമത്തെ ഘട്ടത്തില്‍ മലദ്വാരത്തിന് പുറത്തേക്ക് തൂങ്ങിവന്നുകൊള്ളണമെന്നില്ല. പക്ഷെ, മല വിസര്‍ജ്ജനത്തിന് മുന്നോടിയായി വേദനയൊന്നും കൂടാതെ തന്നെ ടോയ്‌ലറ്റില്‍ രക്തം ചീറ്റി പോകുന്നത് കണ്ടേക്കാം. രണ്ടാം ഘട്ടത്തില്‍ പുറത്തേക്ക് തൂങ്ങിവരുമെങ്കിലും മലവിസര്‍ജ്ജനത്തിനു ശേഷം തനിയേ ഉള്ളിലേക്ക് കയറിപ്പോകും. മൂന്നാം ഘട്ടത്തില്‍ പുറത്തു വന്ന പൈല്‍സിനെ വിരല്‍ കൊണ്ട് തള്ളി വെച്ചെങ്കില്‍ മാത്രമേ അകത്ത് കയറിപ്പോകൂ. നാലാം ഘട്ടത്തിലാകട്ടെ എന്ത് ചെയ്താലും പൈല്‍സ് പുറത്ത് തൂങ്ങിയിരിക്കും. ഇന്റേര്‍ണല്‍ പൈല്‍സിന്റെ നാലുഘട്ടങ്ങളാണ് ഇവ.
. അത് പോലെ മലദ്വാരത്തിന് പുറത്ത് തൊലി   കൂടെ ചേര്‍ന്ന് എക്‌സ്റ്റേര്‍ണല്‍ പൈല്‍സും ഉണ്ടാകാം. അത് എപ്പോഴും പുറത്ത് തന്നെ ഇരിക്കും. ഇന്റേര്‍ണല്‍ പൈല്‍സ് ഇരിക്കുന്നത് മലദ്വാരത്തിന്റെ രണ്ട് സെന്റി മീറ്റര്‍ ഉള്ളിലായിട്ടാണെങ്കില്‍ അവയെ വേദനയില്ലാതെ നീക്കം ചെയ്യാനാകും.കാരണം ആ ഭാഗത്ത് വേദന അറിയുന്ന ഞരമ്പുകളില്ല. ഒന്നാമത്തെയോ രണ്ടാമത്തെയോ ഘട്ടത്തിലുള്ള അത്തരം പൈല്‍സിനെ ക്ഷാരസൂത്ര ലിഗേഷന്‍ കൊണ്ടോ റബ്ബര്‍ബാന്റ് ലിഗേഷന്‍ കൊണ്ടോ വളരെ എളുപ്പത്തില്‍ നീക്കം ചെയ്യാം. ചികിത്സയ്ക്ക് ശേഷമുള്ള അഞ്ച് മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ പൈല്‍സ് സ്വയം മുറിഞ്ഞ് രോഗി അറിയാതെ മലത്തിന്റെ കൂടെ പുറത്ത് പോകുകയാണ് ചെയ്യുന്നത്. മൂന്നാമത്തെയോ,നാലാമത്തെയോ ഘട്ടത്തിലുള്ള പൈല്‍സില്‍ ക്ഷാരസൂത്ര ലിഗേഷനോടൊപ്പം ഛേദനം(മുറിച്ചു നീക്കല്‍)കൂടി വേണ്ടി വന്നേക്കാം. രക്ത നഷ്ടവും വേദനയും വളരെ കുറവുള്ള ഈ ചികിത്സയുടെ വിജയ സാധ്യത വളരെ കൂടുതലാണ്. ഔഷധങ്ങളും ആഹാര നിയന്ത്രണങ്ങളും കൂടെ ആയാല്‍ രണ്ടാമത് വരാനുള്ള സാധ്യത വളരെയധികം കുറക്കുകയും ചെയ്യാം. എന്നാല്‍ എക്‌സ്റ്റേണല്‍ പൈല്‍സ് സ്ഥിതി ചെയ്യുന്നത് വേദന സംവേദനം ഉള്ള ഭാഗത്തായതിനാല്‍ ബാന്റിംഗോ,ക്ഷാരസൂത്ര ലിഗേഷനോ ചെയ്യുന്നത് പ്രായോഗികമല്ല. ഛേദനം തന്നെയാണ് അവയില്‍ ചെയുന്നത്. ഈ ചികിത്സാ രീതിയില്‍ തുറന്ന മുറിവുകള്‍ അവശേഷിക്കുന്നില്ല എന്നതിനാല്‍ രക്ത നഷ്ടവും അണുബാധയ്ക്കുള്ള സാധ്യതയും വളരെ കുറവായിരിക്കും. അത് കൊണ്ട് തന്നെ പലപ്പോഴും ആശുപത്രി വാസം ആവശ്യമുണ്ടാകാറില്ല. ചികിത്സ കഴിഞ്ഞ ഉടനെ വീട്ടിലേക്ക് മടങ്ങാം.

:ഫിസ്റ്റുല…………..

ഫിസ്റ്റുല എന്നത് മലദ്വാരത്തിന് പുറത്തായി മറ്റൊരു ദ്വാരമുണ്ടാകുന്ന അവസ്ഥയാണ്. ഈ ദ്വാരത്തിലൂടെ മലമോ,അധോ വായുവോ,പഴുപ്പോ എല്ലാം അനിയന്ത്രിതമായി പുറത്തേക്ക് ഇറങ്ങി വരാം. അതു കാരണം വസ്ത്രത്തില്‍ ഇവ പുരണ്ടിരിക്കാനിടയുള്ളതിനാല്‍ രോഗി പറഞ്ഞറിയിക്കാനാകാത്ത വിധം അസ്വസ്ഥതകള്‍ അനുഭവിക്കെണ്ടി വരുന്നു. പുറത്ത് കാണുന്ന ദ്വാരം ഒരു റ്റിയൂബ് പോലെ നീണ്ട് മറു വശം മലദ്വാരത്തിനകത്ത് തുറന്നിരിക്കും. അതു വഴിയാണ് ഇവ പുറത്തു വരുന്നത്.ഈ നാളിയുടെ ഉള്‍വശം നാരുകോശങ്ങള്‍ (ഫൈബ്രസ് റ്റിഷ്യൂ)വന്ന് അടിഞ്ഞു കൂടി ശരീരത്തിന് ഉണക്കിയെടുക്കാനാകാത്ത വിധം ഒരു ട്യൂബ്‌
ആയിത്തന്നെ നിലനില്‍ക്കുന്നു. മലദ്വാരത്തില്‍ ഒരു സ്‌നിഗ്ദ്ധത നിര്‍മ്മിക്കുന്ന ആനല്‍ ഗ്ലാന്റ്‌സ് എന്ന് പേരുള്ള ഗ്രന്ഥികളില്‍ ഉണ്ടാകുന്ന അണുബാധയാണ് ഈ രോഗത്തിന് തുടക്കമിടുന്നത്. ആ അണുബാധ ചുറ്റുമുള്ളള്ള  (Buttocks) പൃഷ്ഠഭാഗത്തെക്ക് കടന്നു കഴിഞ്ഞാല്‍ അവിടെ പഴുപ്പ് നിറഞ്ഞുതുടങ്ങുന്നു. ആ പഴുപ്പിനെ ഏതെങ്കിലും വിധത്തില്‍ പൊട്ടിച്ച് പുറത്തുകളയാന്‍ ശരീരം ശ്രമിക്കുന്നു. അതിന്റെ ഭാഗമായി ചിലപ്പോള്‍ മലദ്വാരത്തിനകത്തേക്ക് പൊട്ടി മലത്തിലൂടെ പഴുപ്പ് പുറത്ത് പോകാം. അതേ സമയം തന്നെ പൃഷ്ഠത്തില്‍ ദ്വാരത്തിന് ചുറ്റും എവിടെയെങ്കിലുമായി ഒരു കുരു പോലെ (ആബ്‌സസ്) വന്ന് തൊലി പൊട്ടിച്ച് കളയാനും ശരീരം ശ്രമിക്കും. പുറം ഭാഗങ്ങള്‍ പെട്ടെന്ന് ഉണങ്ങുന്നതിനാല്‍ പൂര്‍ണമായും പഴുപ്പ് പോയി തീരുന്നില്ല. വീണ്ടും ഉള്ളില്‍ പഴുപ്പ് നിറയുകയും ഉള്ളിലെ മര്‍ദ്ദം കൂടുമ്പോള്‍ അതേ വഴികളിലൂടെ തന്നെ അല്‍പ്പം ചലം പുറത്ത് കളയുകയും ചെയ്യും. ഈ ചക്രം ആവര്‍ത്തിക്കുന്നതിനാല്‍ ഈ പഴുപ്പ് നിറഞ്ഞ നാളത്തിന്റെ ഉള്‍ഭിത്തിയില്‍ നാരു കോശങ്ങള്‍ വന്ന് അടിയുകയും ആ നാളം സ്ഥിരമായി അവിടെ നില നില്‍ക്കുകയും ചെയ്യും. അത് വഴിയാണ് പിന്നീട് മലവും പഴുപ്പുമെല്ലാം ഇറങ്ങി വരുന്നത്. ഈ ഫൈബ്രോസ്ഡ് നാളിയെ (ട്രാക്ക്‌) മുറിച്ചു നീക്കുന്ന ഫിസ്റ്റുലെക്ടമി എന്ന ശസ്ത്രക്രിയയാണ് ആധുനിക വൈദ്യം ചെയ്യുന്നത്. ശസ്ത്രക്രിയയ്ക്ക് ശേഷം വളരെ വേഗം തന്നെ രോഗം തിരിച്ചു വരുന്നു എന്നതാണ് ഈ രീതിയുടെ പോരായ്മ. പഴുപ്പിന്റെ അംശം ഉള്ളില്‍ അവശേഷിച്ചാല്‍ അവിടം വീണ്ടും പഴുപ്പ് നിറഞ്ഞ് പഴയ പടി ട്രാക്ക് രൂപപ്പെടാന്‍ സാധ്യതയുണ്ട്. സങ്കീര്‍ണ്ണമായ ട്രാക്കുകള്‍ ഉള്ള അവസ്ഥയില്‍ ഫിസ്റ്റുലെക്ടമി ദുഷ്‌കരവുമാണ്. മലത്തെ പിടിച്ച് നിര്‍ത്തുന്ന സ്ഫിങ്ങ്ചറുകള്‍ക്ക് ശസ്ത്രക്രിയാ വേളയില്‍ പരിക്കേറ്റാല്‍ മലം തടഞ്ഞു വെക്കാനുള്ള കഴിവ് നഷ്ടപ്പെടാന്‍ ഇടയുണ്ടെന്നതും മറ്റൊരു പോരായ്മയാണ്. ശസ്ത്രക്രിയാനന്തരം പൃഷ്ഠഭാഗത്ത് ആഴത്തിലുള്ള വലിയൊരു മുറിവ് രൂപം കൊള്ളും എന്നതും അത് തുന്നിക്കെട്ടാതെ ഉണക്കിയെടുക്കണമെന്നതിനാല്‍ ആവര്‍ത്തിച്ചുള്ള ഡ്രസ്സിംഗ് ആവശ്യമാണെന്നതും ആ കാലയളവില്‍ കലശലായ വേദനയുണ്ടാകുമെന്നതും രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്.
ആയുര്‍വ്വേദത്തില്‍ ഭഗന്തരം എന്ന് അറിയപ്പെടുന്ന ഈ രോഗത്തില്‍ ക്ഷാര സൂത്ര ചികിത്സയാണ് ചെയ്യുന്നത്. ക്ഷാരഗുണമുള്ള ചില ഔഷധങ്ങള്‍ തേച്ച് പിടിപ്പിച്ച പ്രത്യേക തരം നൂലുകളാണ് ഇതില്‍ ഉപയോഗിക്കുന്നത്. ഫിസ്റ്റുല ട്രാക്കിലൂടെ ഈ നൂല്‍ കടത്തി മലദ്വാരത്തിനകത്തുള്ള ഇന്റേര്‍ണല്‍ ഓപ്പണിംഗിലൂടെ പുറത്തെടുക്കുന്നു. ക്ഷാരസൂത്രത്തിലുള്ള ക്ഷാരത്തിന്റെ തീക്ഷ്ണ ഗുണം നാരു കോശങ്ങള്‍ വന്ന് അടിഞ്ഞു കൂടിയ ട്രാക്കിന്റെ ഉള്‍വശം വിഘടിപ്പിക്കുന്നു. അത് വഴി ആരോഗ്യകരമായ കോശങ്ങളുടെ (ഗ്രാനുലേഷന്‍ ടിഷ്യൂ) വളര്‍ച്ചയ്ക്ക് ആക്കം കൂടുന്നു. ആഴ്ച തോറും ഈ നൂല്‍ മാറ്റുകയും മുറുക്കിക്കെട്ടുകയും ചെയ്യുന്നു. പതുക്കെ ഈ ട്രാക്ക് ഒരു വശത്ത് നിന്ന് മുറിഞ്ഞ് വരുന്നു. മുറിയുന്ന ഭാഗങ്ങള്‍ അതേ സമയം തന്നെ ഉണങ്ങാനും തുടങ്ങുന്നു. അത് കൊണ്ട് ഒരേ സമയം കട്ടിങ്ങും ഹീലിങ്ങുമാണ് ഇവിടെ നടക്കുന്നത്. ആ നൂല്‍ എപ്പോഴും അവിടെ ഉണ്ടെന്നതിനാല്‍ ട്രാക്കിന്റെ രണ്ടറ്റവും കൂടിച്ചേരാതെ തുറന്നു തന്നെയിരിക്കുന്നു. അതിനാല്‍ പഴുപ്പ് എപ്പോഴും ഒഴുകിപ്പോയ്‌ക്കൊണ്ടേയിരിക്കും. പഴുപ്പ് നീങ്ങിയ ഭാഗത്ത് മുറിവുണക്കുന്ന ഗ്രാനുലേഷന്‍ കോശങ്ങള്‍ വേഗം വളരും. ക്രമേണ ആ ട്രാക്ക് മുഴുവനായും ഉണങ്ങി ആരോഗ്യകരമായ സ്‌കാര്‍ ടിഷ്യൂ ഉണ്ടായി വരുന്നു. കട്ട് ചെയ്യുന്നതോടൊപ്പം തന്നെ ഹീല്‍ ചെയ്യുന്നതിനാല്‍ മലദ്വാരത്തിന്റെ സ്ഫിങ്ചറുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നില്ല. അതിനാല്‍ മലം പിടിച്ചു നിര്‍ത്താനാകാത്ത ഇന്‍കോണ്ടിനന്‍സ് എന്ന അവസ്ഥ ഉണ്ടാകുന്നില്ല. ഈ ചികിത്സാ രീതിയില്‍ മാറിയ ഭാഗത്ത് വീണ്ടും ട്രാക്ക് ഉണ്ടാകാനുള്ള സാധ്യത വളരെ വളരെ കുറവാണ്. വളരെയധികം സമയമെടുക്കും എന്നതും ചികിത്സാ കാലയളവില്‍ വേദനയുണ്ടാകും എന്നതും ഈ രീതിയുടെ പോരായ്മയാണെന്ന് പറയാം. വേദനയകറ്റാന്‍ ഔഷധങ്ങളെ ആശ്രയിക്കേണ്ടിയും വരും.

    :ഫിഷര്‍…..
ഫിഷര്‍ എന്നാല്‍ മലദ്വാരത്തില്‍ വിള്ളലുണ്ടാകുന്ന അവസ്ഥയാണ്. സ്ഥിരമായി മലബന്ധമുണ്ടാകുന്ന ആളുകള്‍ക്ക് ഫിഷര്‍ വരാനുള്ള സാധ്യത ഏറെയാണ്. മലത്തോടൊപ്പം രക്തം കാണുന്നതും, മലം പോയ ശേഷം അതിയായ നീറ്റല്‍ അനുഭവപ്പെടുന്നതും രോഗ ലക്ഷണങ്ങളാണ്. മലബന്ധമുള്ളപ്പോള്‍ മലം പുറത്തു കളയാനായി മുക്കേണ്ടി വരും (സ്‌ട്രെയ്‌നിംഗ്). അത്തരം അവസരങ്ങളില്‍ മലദ്വാരം അമിതമായി വികസിക്കുക വഴി അതിന്റെ ഉള്‍ഭിത്തിയില്‍ വിള്ളലുണ്ടാകുന്നു. അത് ഒരു മുറിവായി നിലനില്‍ക്കും. നിത്യവും മലം അതു വഴി പോകുന്നതിനാല്‍ ആ മുറിവിന് ഉണങ്ങാന്‍ സമയം ലഭിക്കുന്നില്ല. അതുകൊണ്ട് തന്നെ ഫിഷര്‍ മാറാതെ ഏറെ കാലം തുടരാന്‍ സാധ്യതയുണ്ട്.ഇതിന്റെ വേദന കാരണം മലദ്വാരം ചുരുങ്ങിപ്പോകാനിടയുണ്ട്. ചുരുങ്ങിയത് കാരണം മലം പുറത്ത് കളയാന്‍ കൂടുതല്‍ മുക്കേണ്ടി വരും. ഈ മുക്കല്‍ കാരണം ആദ്യം വന്ന വിള്ളല്‍ അധികരിച്ചേക്കും.അത് മൂലമുണ്ടാകുന്ന കഠിന വേദന വീണ്ടും മലദ്വാരം ചുരുങ്ങാനിടയാക്കും.ഈ പ്രക്രിയ തുടരുന്നതിനാല്‍ ഫിഷര്‍ ഒരുപാട് കാലം മാറാതെ നില്‍ക്കാന്‍ ഇടയുണ്ട്. മലം അയഞ്ഞ് പോകാനുള്ള മരുന്നുകള്‍ നല്‍കുകയാണ് ആദ്യം ചെയ്യേണ്ടത്. അത് കാരണം ആ മുറിവിന് അധികം ആഘാതം സൃഷ്ടിക്കാതെ മലം പുറത്ത് പൊയ്‌ക്കൊള്ളും. അതോടൊപ്പം മലദ്വാരത്തെ വികസിപ്പിച്ചുകൊടുക്കാനുള്ള ക്രിയകളും ചെയ്യേണ്ടി വരാറുണ്ട്.മുറിവ് പൂര്‍ണമായും ഉണങ്ങുന്നതു വരെ മലം അയഞ്ഞു പോകാന്‍ സഹായിക്കുന്ന ആഹാരങ്ങളും ഔഷധങ്ങളും ഉപയോഗിച്ചുകൊണ്ടിരിക്കണം. ചില അവസ്ഥകളില്‍ ക്ഷാര കര്‍മ്മം ചെയ്യേണ്ടി വരാറുണ്ട്.
ഫിഷര്‍ മാറുന്ന സമയത്ത് മലദ്വാരത്തിന് പുറത്തായി തൊലിയുടെ ടാഗ് രൂപം കൊള്ളാറുണ്ട്. സെന്റിനല്‍ ടാഗ് എന്നും സെന്റിനല്‍ പൈല്‍സ് എന്നുമെല്ലാം ഇത് അറിയപ്പെടുന്നു.പൊതുവെ നിരുപദ്രവകാരികളായ ഇതിനെ ആവശ്യമെങ്കില്‍ പൈല്‍സ് പോലെ തന്നെ നീക്കം ചെയ്യാവുന്നതേ ഉള്ളൂ.

:പോളിപ്പുകള്‍ …..

പോളിപ്പുകള്‍ എന്നാല്‍ മലാശയത്തില്‍ നിന്നും ഒരു തണ്ടില്‍പുറത്തേക്ക് തൂങ്ങി നില്‍ക്കുന്ന പിണ്ഡമാണ്. ചിലപ്പോള്‍ മലാശയത്തില്‍ പറ്റിപ്പിടിച്ചിരിക്കുന്ന രീതിയിലും ആകാം. പലപ്പോഴും ഇത് ലക്ഷണങ്ങളൊന്നും കാണിക്കാറില്ല. എങ്കിലും ചിലര്‍ക്ക് മലത്തോടൊപ്പം രക്തം പോകാന്‍ കാരണമാകാറുണ്ട്. ഭാവിയില്‍ അര്‍ബുദമായി മാറാന്‍ സാധ്യതയുള്ളതിനാല്‍ എത്രയും പെട്ടെന്ന് നീക്കം ചെയ്യുന്നതാണ് നല്ലത്.
അപൂര്‍വ്വമാണെങ്കിലും മലദ്വാരവുമായി ബന്ധപ്പെട്ട അര്‍ബുദത്തിന്റെ (കാന്‍സറിന്റെ)സാധ്യതയും തള്ളിക്കളയാനാകില്ല. അതുകൊണ്ടു തന്നെ ചികിത്സ നിശ്ചയിക്കുന്നതിന്  മുമ്പുള്ള കൃത്യമായ രോഗ നിര്‍ണയം ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്.

………………………………………………………………………………………………………………………………………………………………

കൂടുതല്‍ വിവരങ്ങള്‍ക്കും ചികിത്സക്കും വിളിക്കുക……….
ഡോക്ടര്‍. അമീര്‍ ആയുര്‍ലോകം
9400992345

email: dr.ameerayurlokam@gmail.com

………………………………………………………………………………………………………………………………………………………………….

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar