നോട്ട് നിരോധനം കര്‍ഷകരെ ദുരിതത്തിലാക്കിയെന്ന് കേന്ദ്ര കൃഷി മന്ത്രാലയം
കള്ളപ്പണം പുറത്തുകൊണ്ടുവരുമെന്നും രാജ്യത്തെ ഡിജിറ്റല്‍ എക്കോണമിയിലേക്ക് നയിക്കുമെന്നും പ്രഖ്യാപിച്ച് നടപ്പിലാക്കിയ നോട്ട് നിരോധനം വന്‍ദുരന്തമായെന്ന് സമ്മതിച്ച് കേന്ദ്ര കൃഷിമന്ത്രാലയം തന്നെ രംഗത്തെത്തി. രണ്ട് വര്‍ഷം മുമ്പ് നടപ്പിലാക്കിയ നോട്ട് നിരോധനം രാജ്യത്തെ കര്‍ഷകരെ മഹാദുരന്തത്തിലേക്ക് തള്ളി വിട്ടതായി കൃഷി മന്ത്രാലയം പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മിറ്റിക്ക് മുന്നില്‍ സമര്‍പ്പിച്ച റിപോര്‍ട്ടില്‍ പറയുന്നു.
നോട്ട് നിരോധനം കാരണം കൃഷിക്കാര്‍ക്ക് തങ്ങളുടെ ശീതകാല വിളകള്‍ക്കു വേണ്ടി വിത്തും വളവും വാങ്ങാന്‍ സാധിച്ചില്ലെന്ന് റിപോര്‍ട്ടില്‍ പറയുന്നു. മധ്യപ്രദേശിലെ ജാബുവയില്‍ നടന്ന റാലിയില്‍, നോട്ട് നിരോധനം എന്ന കയ്പ്പുള്ള മരുന്ന്, പണം ബാങ്കിങ് സംവിധാനത്തിലേക്ക് തിരിച്ചുകൊണ്ടുവരാനും അഴിമതി തുടച്ചുമാറ്റാനും സഹായിച്ചു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച അതേ ദിവസമാണ് കൃഷിമന്ത്രാലയത്തിന്റെ റിപോര്‍ട്ട്.
നോട്ട് നിരോധനത്തിന്റെ ആഘാതം സംബന്ധിച്ച് കൃഷി, തൊഴില്‍, ചെറുകിട വ്യവസായ മന്ത്രാലയങ്ങള്‍ സമര്‍പ്പിച്ചിച്ച റിപോര്‍ട്ടിലെ വിവരങ്ങള്‍ ചൊവ്വാഴ്ച്ചയാണ് കോണ്‍ഗ്രസ് എംപി വീരപ്പ മൊയ്‌ലി അധ്യക്ഷനായുള്ള പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മിറ്റി പുറത്തുവിട്ടത്.
കര്‍ഷകര്‍ ഖാരിഫ് വിളകള്‍ വില്‍ക്കാനും റാബി വിളകള്‍ വിതയ്ക്കാനും തയ്യാറായി നില്‍ക്കുന്ന വേളയിലാണ് നോട്ട് നിരോധനം വന്നതെന്ന് കൃഷി മന്ത്രാലയം സമര്‍പ്പിച്ച റിപോര്‍ട്ടില്‍ പറയുന്നു. രണ്ടിനും വലിയ തോതില്‍ പണം വേണം. നോട്ട് നിരോധനം വന്നതോടെ ഈ പണമാണ് വിപണിയില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടത്.
ഇന്ത്യയിലെ 263 ദശലക്ഷം കര്‍ഷകരില്‍ ഭൂരിഭാഗവും നേരിട്ടുള്ള പണം വിനിമയത്തിന് ആശ്രയിക്കുന്നവരാണ്. നോട്ട് നിരോധനത്തോട് കൂടി ദശലക്ഷക്കണക്കിന് കര്‍ഷകര്‍ക്ക് വിത്തും വളവും വാങ്ങാന്‍ കൈയില്‍ കാശില്ലാതായി. വന്‍കിട കര്‍ഷകര്‍ പോലും ദിവസക്കൂലി കൊടുക്കാന്‍ പണമില്ലാതെ ബുദ്ധിമുട്ടി.
നാഷനല്‍ സീഡ്‌സ് കോര്‍പറേഷന് നോട്ടിന്റെ അഭാവം മൂലം 1.38 ലക്ഷം ക്വിന്റല്‍ ഗോതമ്പ് വിത്താണ് വില്‍ക്കാന്‍ സാധിക്കാതെ വന്നത്. ക്രമേണ, 500, 1000 രൂപ നോട്ടുകള്‍ ഗോതമ്പ് വിത്തിന്റെ വില്‍പ്പനയ്ക്ക് ഉപയോഗിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും പ്രശ്‌നം പരിഹരിക്കപ്പെട്ടില്ല.
നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശ്, രാജസ്ഥാന്‍, ചത്തീസ്ഗഡ് സംസ്ഥാനങ്ങളില്‍ കര്‍ഷകരുടെ ദുരിതം ഒരു പ്രധാന പ്രചരണ വിഷയമാണ്.
0 Comments