കാർഷിക വിപ്ലവത്തിന് ഇന്ത്യ മുന്തിയ പരിഗണന നൽകണം.

എ.എ.കെ മുസ്തഫ.
മാനേജിങ് ഡയരക്ടർ എ എ കെ ഫ്രൂട്സ് ആൻഡ് വെജിറ്റബ്ൾസ്. ദുബൈ

കോവിഡ് അതിജീവനത്തിന്റെ പാതയിലാണെങ്കിലും ലോക വിപണിയിൽ ആശങ്കകൾ വിട്ടുമാറിയിട്ടില്ല. വ്യവസായ വാണിജ്യ സ്ഥാപനങ്ങൾ പൂർവ്വ സ്ഥിതിയിൽ എത്തണമെങ്കിൽ മാസങ്ങൾ ഇനിയും കഴിയണമെന്നാണ് ഞാൻ കണക്കു കൂട്ടുന്നത്. ലോകത്തെ അറുപതോളം രാജ്യങ്ങളിൽ നിന്നും പഴം പച്ചക്കറി എന്നിവ കൊണ്ട് വരികയും ജി സി സി രാജ്യങ്ങളിൽ വിതരണം നടത്തുകയും ചെയ്യുന്ന ദുബായിലെ എന്റെ സ്ഥാപനത്തിൽ ഉത്പന്നങ്ങൾക്ക് ക്ഷാമം നേരിടാൻ തുടങ്ങിയിരിക്കുന്നു. ഇത് സൂചന നൽകുന്നത് വിവിധ രാജ്യങ്ങളിലെ കാർഷിക മേഖലയിൽ പോലും കോവിഡ് ഏതു വിധത്തിൽ ദുരിതം വിതച്ചിരിക്കുന്നു എന്നതാണ്. കർഷകർക്ക് ആവശ്യമായ വളം ലഭ്യത കുറഞ്ഞതും മനുഷ്യ ശേഷി ഉപയോഗപ്പെടുത്താൻ കഴിയാത്തതുമാണ് പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുന്നത്. വ്യോമ ഗതാഗതം വേണ്ടത്ര സുലഭമാവാത്തിടത്തോളം ഈ പ്രശ്നം അത്തരത്തിൽ തുടരാനാണ് സാധ്യത. കാർഷിക മേഖലയിലെ തൊഴിൽ നഷ്ട്ടവും അവശ്യ വസ്തുക്കളുടെ ദൗർലഭ്യവും ഉണ്ടാക്കിയ പ്രത്യാഘാതങ്ങൾ വരാനിരിക്കുന്നെ ഉള്ളു. പഴവർഗങ്ങൾ സീസൺ വ്യാപാരമാണ്. അതുകൊണ്ട് തന്നെ വിളവെടുത്തു മണിക്കൂറുകൾക്കകം ലോക വിപണിയിൽ എത്തിക്കുക എന്നതാണ് വിപണന രീതി. കോവിഡ് വ്യാപനവും അതു മൂലമുള്ള ലോക് ഡൗണും താളം തെറ്റിച്ചിരിക്കുന്നത് ഈ വിപണിയുടെ സുഖമമായ നടത്തിപ്പിനെയാണ്. കപ്പൽ, വിമാന യാത്ര പഴയ രീതിയിൽ സജീവമാകുന്നത് വരെ ഈ വിപണിയിൽ കടുത്ത പ്രതിസന്ധി തുടരുക തന്നെ ചെയ്യും.
കാർഷിക മേഖലയിൽ ഉണ്ടാവുന്ന ഓരോ പ്രതിസന്ധിയും അതത് രാജ്യത്തെ അടിസ്ഥാന ജനവിഭാഗത്തെയാണ് ബാധിക്കുക. അതിനാൽ തന്നെ സാധാരണക്കാരായ മനുഷ്യരുടെ ജീവിതത്തെ അത് സാരമായി ബാധിക്കും. ഉത്പന്നങ്ങളുടെ ഏക് സ്‌പോർട്ടിങ് സാധ്യമല്ലെന്ന കാരണം നിരത്തി കർഷകരിൽ നിന്നു കുറഞ്ഞ വിലക്ക് ഉത്പന്നങ്ങൾ സ്വന്തമാക്കാൻ ആഗോള കുത്തകകൾക്ക് അവസരം ഒരുങ്ങും. ഇത്തരം ചൂഷണങ്ങളിൽ നിന്നും കർഷകരെ രക്ഷിക്കാൻ അതത് രാജ്യത്തെ ഭരണകൂടങ്ങൾ നിയമവും കടുത്ത നിയന്ത്രണങ്ങളും നടപ്പിലാക്കേണ്ടതുണ്ട്. അടിസ്ഥാന കർഷക വിഭാഗങ്ങൾക്ക് സാമ്പത്തിക പാക്കേജുകൾ പ്രഖ്യാപിക്കുക. വളം വിത്ത്, കാർഷിക ഉപകരണങ്ങൾ എന്നിവ സൗജന്യമായി അനുവദിക്കുക, വിപണിയിലെ കുത്തകകളെ നിയന്ത്രിച്ചു ഉത്പന്നങ്ങൾക്ക് അർഹമായ വില നൽകുക എന്നീ നടപടികളാണ് ജനകീയ സർക്കാറുകൾ പ്രഖ്യാപിക്കേണ്ടത്. കർഷക ജനതയുടെ ക്ഷേമം മുൻ നിർത്തിയുള്ള നടപടികളിലൂടെ മാത്രമേ ആഭ്യന്തര വിപണിക്കും വരും കാലത്തു പിടിച്ചു നിൽക്കാൻ കഴിയുകയുള്ളു. ജനം കൂടുതലായി കാർഷിക രംഗത്തേക്ക് ഇറങ്ങുന്നതിനു ള്ള സാഹചര്യമാണ് ഇപ്പോൾ രൂപപ്പെട്ടു വരുന്നത്. ലോക വിപണി മുന്നിൽ കണ്ടുള്ള കാർഷിക വിളകൾ ധാരാളം ഉല്പാദിപ്പിക്കാൻ കർഷകരെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. വിദേശ നാണ്യം ധാരാളമായി സമാഹരിക്കാനും ആഭ്യന്തര വിപണിയിൽ നിന്ന് ലാഭം നേടാനും ഇത് വഴി സാധിക്കും. നിരവധി പഴങ്ങൾ വിളയുന്ന മണ്ണാണ് ഇന്ത്യയുടേത്. വ്യവസായ വിപ്ലവം പോലെ കാർഷിക വിപ്ലവത്തിനും മുന്തിയ പരിഗണന ഇന്ത്യ നൽകേണ്ടതുണ്ട്. സ്വദേശികൾക്കാവശ്യമായ ഭക്ഷ്യ ധാന്യങ്ങളുടെ ഉത്പാദനം പോലും ശുഷ്ക്കമാണിന്നു. തരിശു നിലങ്ങളിലേക്ക് വിത്തും കൈക്കോട്ടുമായി ജനം വ്യാപിക്കുമെന്ന ശുഭ വാർത്തയാണ് ഇന്നത്തെ സാഹചര്യം നൽകുന്നത്. ഓരോ വീട്ടിലേക്കും ആവശ്യമായ പച്ചക്കറികളും പഴങ്ങളും വീട്ടുമുറ്റത്തു തന്നെ നടുന്നതിലേക്ക് തിരിച്ചു വരും.
അനാവശ്യത്തിന് പണം ചെലവഴിച്ച രീതികൾ മാറും. ആവശ്യം എന്നതിന് തന്നെ രണ്ടുമൂന്നും തട്ടുകൾ വരും. അതിൽ പ്രധാനപ്പെട്ടത് പോലും പൂർത്തീകരിക്കാൻ ജനം മടിക്കും. എന്ന് വെച്ചാൽ പണത്തിന്റെ വരവ് കുറയുന്നതിനാൽ തന്നെ ചെലവും പരിമിതപ്പെടുത്തും.
കോവിഡ് പശ്ചാത്തലത്തിൽ തുടരുന്ന ലോക് ഡൗൺ ഏറെ ബാധിച്ചിരിക്കുന്നത് ഇടത്തരം വരുമാനക്കാരെയും കൂലിപ്പണിക്കരെയുമാണ്. അവരിൽ വലിയ മാനസിക പിരിമുറുക്കങ്ങൾ ഭാവിയെ കുറിച്ചുള്ള ആശങ്കകൾ നിമിത്തം സംജാതമായിട്ടുണ്ട്. അത്തരം ജനതക്ക് ജീവിതം തിരിച്ചുപിടിക്കാൻ ആവശ്യമായ സഹായങ്ങൾ സർക്കാർ അടിയന്തിരമായി നൽകേണ്ടതുണ്ട്. ഈ ഗണ ത്തിലേക്കാണ് തിരിച്ചെത്തുന്ന വിവിധ ഗൾഫു രാജ്യങ്ങളിൽ നിന്നുള്ളവർ കൂടി ചേരുക. അവരിൽ പ്രതീക്ഷയും ആത്മധൈര്യവും സൃഷ്ട്ടിക്കാൻ നമുക്ക് കഴിയേണ്ടതുണ്ട്.
ബിസിനസ്‌ തിരക്കുകളിൽ നിന്നും മാറി ഒതുങ്ങി നിൽക്കേണ്ടി വന്ന ലോക് ഡൗൺ കാലത്ത് മനസ്സിനേറ്റവും സന്തോഷം പകർന്നത് ഏറെ ഇഷ്ട്ടമുള്ള സാമൂഹ്യ സേവന രംഗത്ത് സജീവമാകാൻ കഴിഞ്ഞു എന്നതാണ്. ദുബൈ കെ എം സി സി, ഇന്ത്യൻ ബിസിനസ്‌ സംരംഭകരുടെ കൂട്ടായ്മയായ ഐ, പി, എ, (ഇന്റർനാഷണൽ പ്രമോട്ടേഴ്സ് അസോസിയേഷൻ ദുബൈ )എന്നിവയുടെ ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ വ്യാപൃതമാകാൻ കഴിഞ്ഞു. ഭക്ഷണ കിറ്റുകൾ എത്തിക്കുക, ഐസൊലേഷൻ ക്യാമ്പുകൾ ഒരുക്കുക, സൗജന്യ മരുന്നുകൾ എത്തിക്കുക എന്നീ സഹായങ്ങളിൽ സന്നദ്ധ പ്രവർത്തകർക്കൊപ്പം സജീവമായിക്കൊണ്ട് ലോക് ഡൗൺ ദിവസത്തിന്റെ അലസത ഇല്ലാതാക്കി. ഐ പി എ യുടെ സി എസ് ആർ തലവൻ എന്ന നിലക്ക് നിരവധി സേവനങ്ങൾ അർഹരിലെത്തിക്കാൻ കഴിഞ്ഞു.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar