ഒരിഞ്ചു പിറകോട്ടുപോകില്ലെന്ന്, അമിത്ഷാ

ജോധ്പൂര്‍: രാജ്യം പ്രതിഷേധച്ചൂടില്‍ കത്തിയമരുമ്പോഴും കടുത്തഭാഷയില്‍ നിലപാടിലുറച്ച് അമിത്ഷാ.ആരെല്ലാം എതിരു നിന്നാലും പൗരത്വഭേദഗതി നിയമത്തില്‍ നിന്ന് ബി.ജെ.പി ഒരിഞ്ചു പോലും പിറകോട്ടു പോകില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നിങ്ങള്‍ക്ക് ഇഷ്ടമുള്ളയത്ര തെറ്റിദ്ധാരണകള്‍ പരത്തൂവെന്നും ഷാ പറഞ്ഞു. ജോധ്പൂര്‍ ബി.ജെ.പി റാലിയില്‍ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. വിഷയത്തില്‍ കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷ രാഹുല്‍ഗാന്ധിയെയും അദ്ദേഹം വെല്ലുവിളിച്ചു. രാഹുല്‍ ബാബാ, ആദ്യം നിയമം വായിക്കൂ. എന്നിട്ട് എവിടെ വെച്ചും ചര്‍ച്ചയാകാം. നിങ്ങള്‍ വായിച്ചിട്ടില്ലെങ്കില്‍ അത് ഇറ്റാലിയന്‍ ഭാഷയിലേക്ക് ഭാഷാന്തരം ചെയ്ത് അയച്ചു തരാം. എന്നിട്ട് വായിക്കൂ – അമിത് ഷാ പരിഹസിച്ചു.
വോട്ടു ബാങ്ക് രാഷ്ട്രീയത്തിനു വേണ്ടിയാണ് കോണ്‍ഗ്രസ് സര്‍വക്കറെ പോലുള്ള മഹാവ്യക്തിത്വങ്ങള്‍ക്കെതിരെ സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന് സ്വയം നാണം തോന്നുന്നില്ലേ എന്നും അദ്ദേഹം ചോദിച്ചു. പൗരത്വഭേദഗതി നിയമത്തിനെതിരെ സമരം ചെയ്യുന്നതിന് പകരം ഓരോ ദിവസവും കോട്ട ആശുപത്രിയില്‍ മരിച്ചു വീഴുന്ന കുട്ടികളില്‍ ശ്രദ്ധിക്കൂ എന്നും ഷാ പറഞ്ഞു. അവര്‍ക്ക് കുറച്ചു പരിഗണന നല്‍കൂ. അമ്മമാര്‍ നിങ്ങളെ ശപിക്കുന്നുണ്ടാകും- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈയിടെ പാര്‍ലമെന്റ് പാസാക്കിയ പൗരത്വഭേദഗതി നിയമത്തിനെതിരെ രാജ്യത്തുടനീളം പ്രക്ഷോഭം തുടരുന്ന സാഹചര്യത്തിലാണ് അമിത് ഷാ നിലപാട് വ്യക്തമാക്കിയത്. പ്രതിഷേധങ്ങള്‍ക്കു പിന്നില്‍ കോണ്‍ഗ്രസാണെന്ന് അദ്ദേഹം പലവുരു ആരോപിച്ചിരുന്നു. എന്നാല്‍ ഇതാദ്യമായാണ് തീരുമാനം പുനഃപരിശോധിക്കില്ല എന്ന് ഷാ വ്യക്തമാക്കുന്നത്. കേരളം, പശ്ചിമബംഗാള്‍, പഞ്ചാബ് തുടങ്ങിയ പ്രതിപക്ഷം അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങള്‍ നിയമം നടപ്പാക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. കേരള നിയമസഭ നിയമത്തിനെതിരെ പ്രമേയം പാസാക്കുകയും ചെയ്തിരുന്നു.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar