അച്ഛന്‍ കുത്തിക്കൊലപ്പെടുത്തിയ ആതിരയുടെ കവിതകള്‍ നോവായ് നിറയുന്നു

കിഴുപറമ്പ്. ദുരഭിമാനത്തിന്റെ പേരില്‍ അച്ഛന്‍ കുത്തിക്കൊലപ്പെടുത്തിയ ആതിരയുടെ കവിതകള്‍ നോവായ് നിറയുന്നു ഗ്രാമവാസികളില്‍. പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ ആതിര എഴുതിയ അവള്‍ എന്ന കവിതയിലെ അവസാന വരികള്‍ ഇങ്ങനെയാണ്….മുള്‍ച്ചെടികള്‍ നിറഞ്ഞ വഴിയിലൂടെ..മരണത്തിന്റെ മടിത്തട്ടില്‍..മഞ്ഞുപോലുരുകുമ്പോഴും…അവള്‍ ഓര്‍ത്തത് കുടുംബത്തെ മാത്രം….അതെ, ഇഷ്ടപ്പെട്ടവന്റെ കൂടെ ഇറങ്ങിപ്പോകാമായിരുന്നിട്ടും അവള്‍ ഒര്‍ത്തതും കരുതല്‍ നല്‍കിയതും കുടുംബത്തിനും ബന്ധത്തിനും മാത്രം. കുടുംബത്തെയും മാതാപിതാക്കളെയും വേണ്ടെന്നു വെച്ച് ഭാവി വരനൊപ്പം ഇറങ്ങിപ്പോകാമായിരുന്നിട്ടും ആതിര കാത്തിരുന്നു കുടുംബത്തിന്റെ അനുഗ്രഹത്തിനു വേണ്ടി. പോലീസ് സ്‌റ്റേഷനില്‍ നിന്നു എസ്.ഐയുടെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ നടന്നപ്പോഴും ബ്രിജേഷിനൊപ്പം പോകാതെ മാതാപിതാക്കളെ വിശ്വസിച്ച് കൂടെ വീട്ടിലേക്ക് പോരുകയായിരുന്നു ആതിര.അത് മരണത്തിലേക്കുള്ള യാത്ര ആവുമെന്നോ, ജന്മം തന്ന കൈകള്‍ കൊണ്ട് തന്നെ ജീവന്‍ അപഹരിക്കപ്പെടുമെന്നോ ആതിര ഓര്‍ത്തുകാണില്ല. ബ്രിജേഷ് എന്ന ദളിത് യുവാവിനെ ജീവിതത്തിലേക്ക് കൂട്ടുമ്പോള്‍ ആതിര ഓര്‍ത്തത് അയാള്‍ മനുഷ്യന്‍ ആണല്ലോ എന്നായിരുന്നു. ജാതിയുടെ അതിര്‍വരമ്പുകളില്ലാതെ സ്‌നേഹിക്കാനറിയുന്ന ഒരാളെ ജീവിതത്തിലേക്ക് കൂട്ടുമ്പോള്‍ ആതിരയുടെ മുന്നില്‍ മറ്റൊന്നും നിറഞ്ഞു നിന്നില്ലെന്നാണ് കൂട്ടുകാരികള്‍ പറയുന്നത്. കല്ല്യാണത്തിന് വിളിക്കുമ്പോള്‍ ആതിര ഏറെ സന്തോഷവതി ആയിരുന്നെന്നും ബ്രിജേഷ് സ്‌നേഹിക്കാന്‍ അറിയുന്ന ചെറുപ്പക്കാരനാണെന്നു ആതിര പറഞ്ഞതായും കൂട്ടുകാരികള്‍ വേദനയോടെ ഓര്‍മ്മിച്ചു.നന്നായി കവിതകള്‍ എഴുതിയ ആതിര രാജന്‍ എന്ന പെണ്‍കുട്ടിയുടെ ഓര്‍മ്മകളില്‍ വിറങ്ങലിച്ചു നില്‍ക്കുകയാണ് കൂട്ടുകാരും സഹപാഠികളും.
ഇന്നു നടക്കാനിരുന്ന കല്ല്യാണത്തിനു വേണ്ടി ഭര്‍തൃ സഹോദരിയാണ് അല്‍പ്പം ആഭരണങ്ങളും വസ്ത്രവുമെല്ലാം വാങ്ങി നല്‍കിയത്. ഇവയെല്ലാം വീട്ടു മുറ്റത്തിട്ടു കത്തിച്ചു കളഞ്ഞ ശേഷമാണ് അഛ്ഛന്‍ രാജന്‍ ആതിരയെ കുത്തിക്കൊലപ്പെടുത്തിയത്. വീട്ടില്‍ ബഹളം ശക്തി പ്രാപിച്ചപ്പോള്‍ തൊട്ടടുത്ത തറവാട്ടിലേക്ക് ഓടിയ ആതിരയെ രാജന്‍ പിന്തുടരുകയായിരുന്നു. പ്രാണ രക്ഷാര്‍ത്ഥം ഓടിയ ആതിരക്കു പിന്നാലെ രാജന്‍ ഓടിയപ്പോള്‍ തൊട്ടടുത്ത മുസ്ലിം വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു ആതിര. പിന്നാലെ പിന്തുടര്‍ന്ന രാജന്‍ ആ വീട്ടില്‍ വെച്ചാണ് ആതിരയെ മാരകമായി കുത്തിക്കൊലപ്പെടുത്തിയത്. മകള്‍ താഴ്ന്ന ജാതിക്കാരനൊപ്പം ജീവിക്കാന്‍ തുനിഞ്ഞിറങ്ങിയത് തനിക്ക് അഭിമാന ക്ഷതമാണെന്ന ചിന്തയാണത്രെ ക്രൂരതക്ക് പ്രേരിപ്പിച്ചതെന്ന് രാജന്‍ പോലീസിനു മൊഴി നല്‍കിയതോടെയാണ് ദുരഭിമാനക്കൊലയാണിതെന്ന് ലോകം തിരിച്ചറിഞ്ഞത്.
0 Comments