40 ലക്ഷത്തിലേറെ പേര്‍ പൗരത്വ രജിസ്റ്ററിന്റെ കരട് പട്ടികക്ക് പുറത്ത്

ന്യൂഡല്‍ഹി: അസം ദേശീയ പൗരത്വ രജിസ്റ്ററിന്റെ കരട് പട്ടിക പുറത്തിറക്കിയപ്പോള്‍ പുറത്തായത് 40 ലക്ഷത്തിലേറെ പേര്‍. അസം പ്രദേശങ്ങളെ അന്നത്തെ കിഴക്കന്‍ പാകിസ്താനോട് കൂട്ടിച്ചേര്‍ക്കാനുള്ള ശ്രമങ്ങളെ ചെറുത്ത സ്വാതന്ത്ര്യസമര പോരാളികളുടെ കുടുംബങ്ങള്‍ മുതല്‍ അസം അസംബ്ലിയിലെ മുന്‍ ഡെപ്യൂട്ടി സ്പീക്കറുടെ കുടുംബവും മുന്‍ ഡിജിപിയുടെ കുടുംബവും വരെ പട്ടികയില്‍ നിന്ന് പുറത്തായി. മൂന്ന് പതിറ്റാണ്ടിലേറെ സര്‍ക്കാര്‍ സേവനം ചെയ്ത് റിട്ടയര്‍ ചെയ്തവരും പൗരന്‍മാരല്ലാതായി. മതഭ്രാന്തും വെറുപ്പും മാത്രമാണ് ദേശീയ പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കിയവരെ നയിച്ചതെന്നാണ് ഇതില്‍ നിന്ന് മനസ്സിലാവുന്നതെന്ന് രാജ്യത്തെ പ്രധാന മുസ്‌ലിം സംഘടനകളുടെ ഐക്യവേദിയായ ഓള്‍ഇന്ത്യ മുസ്‌ലിം മജ്‌ലിസെ മുശാവറ പ്രസിഡന്റ് നാവിസ് ഹമീദ് പ്രതികരിച്ചു.
ബംഗാളി സംസാരിക്കുന്ന പൗരന്‍മാരെ (ഭൂരിഭാഗവും മുസ്‌ലിംകള്‍) പരമാവധി ഒഴിവാക്കുകയായിരുന്നു ലക്ഷ്യം. ബിഹാറില്‍ വേരുകളുള്ള നിരവധി പേരും പട്ടികയ്ക്ക് പുറത്തായി. പാസ്‌പോര്‍ട്ട്, ആധാര്‍ പോലുള്ള രേഖകള്‍ പോലും അവഗണിച്ചുകൊണ്ട് തയ്യാറാക്കിയ പൗരത്വ രജിസ്റ്റര്‍ കൃത്രിമവും പിഴവുകള്‍ നിറഞ്ഞതുമാണ്. രാജ്യത്ത് വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കാനും ബംഗാളി സംസാരിക്കുന്നവര്‍ നുഴഞ്ഞുകയറിയവരാണെന്ന പ്രതീതി സൃഷ്ടിക്കാനുമുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.
പൗരത്വ പട്ടികയില്‍ പേര് ഇല്ലാത്തവരെ ഉടനെ തടവ് കേന്ദ്രങ്ങളിലേക്ക് അയക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും ചുരുങ്ങിയ ദിവസത്തിനുള്ളില്‍ 40 ലക്ഷത്തോളം പേര്‍ക്ക് ഇനിയും എന്ത് രേഖകള്‍ കാണിച്ചാണ് പൗരത്വം തെളിയിക്കുക എന്ന ആശങ്ക നിലനില്‍ക്കുകയാണ്.
രാജ്യത്തിന്റെ സാമൂഹിക ഭൂമിശാസ്ത്ര സാഹചര്യത്തില്‍ വലിയ ആഘാതങ്ങള്‍ സൃഷ്ടിക്കുന്ന ഗുരുതര സ്ഥിതിവിശേഷമാണ് ഉണ്ടായിരിക്കുന്നതെന്ന് ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് ജനറല്‍ സെക്രട്ടറി മൗലാനാ മഹ്മൂദ് മദനി പറഞ്ഞു. ഇക്കാര്യത്തി ല്‍ എന്തെങ്കിലും നിലപാട് എടുക്കുന്നതിന് മുമ്പ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഇതിന്റെ മാനുഷിക വശം അവഗണിക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംഘടന സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ആവശ്യക്കാര്‍ക്ക് സാധ്യമായ എല്ലാ സഹായങ്ങളും ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് നല്‍കും. സുപ്രിംകോടതിയില്‍ നിയമപോരാട്ടം തുടരുമെന്നും അദ്ദേഹം അറിയിച്ചു.
പട്ടികയില്‍ നിന്ന് പുറത്തായവര്‍ക്ക് രേഖകള്‍ ശരിയാക്കാന്‍ ആവശ്യമായ സഹായങ്ങള്‍ ന ല്‍കാന്‍ അസമിലെ ജംഇയ്യത്ത് യൂനിറ്റുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അഭിഭാഷകരും മറ്റ് വിദഗ്ധരും ഉള്‍പ്പെട്ട 1,500 പേരെ ഇതിനായി പ്രത്യേകം നിയോഗിച്ചിട്ടുണ്ടെന്നും മഹ്മൂദ് മദനി പറഞ്ഞു.
ഇന്ത്യക്കാരല്ലെന്ന് അധികൃതര്‍ പറയുന്ന 40 ലക്ഷം പേരെ എവിടേക്കാണ് അയക്കാന്‍ പോവുന്നതെന്ന് രാജ്യസഭാ എംപിയും എ ന്‍സിപി നേതാവുമായ അഡ്വ. മജീദ് മേമന്‍ ചോദിച്ചു. ഒരു രാജ്യവും അവരെ സ്വീകരിക്കില്ല. അവരെ ബംഗാള്‍ ഉള്‍ക്കടലില്‍ എറിയുകയാണോ വേണ്ടതെന്നും അദ്ദേഹം ചോദിച്ചു.
പെട്ടെന്നൊരു ദിവസം പൗരന്‍മാരല്ലാതാവുന്നത് ചിന്തിക്കാനാവില്ല. രാജ്യത്തെ പൗരന്‍മാരാണോ എന്ന് തീരുമാനിക്കുന്നതിന് 50 വര്‍ഷം കാലപരിധിവയ്ക്കുന്നത് നിയമവിരുദ്ധമാണെന്ന് മേമന്‍ അഭിപ്രായപ്പെട്ടു.

 

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar