മീശ നോവല്‍ പുറത്തിറങ്ങി.
കോട്ടയം: മാതൃഭൂമി ആഴ്ച്ചപതിപ്പില്‍ ഖണ്ഡശ പ്രസിദ്ധീകരണം ആരംഭിക്കുകയൂം സംഘപരിവാര ശക്തികളുടെ ഭീഷണിയെ തുടര്‍ന്ന് എഴുത്തുകാരന്‍ എസ് ഹരീഷ് പിന്‍വലിക്കുകയും ചെയ്ത മീശ എന്ന നോവല്‍ പുറത്തിറങ്ങി. ഡി.സി ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. ഇതറിഞ്ഞ് സംഘപരിവാര ഭീഷണി ഡിസി ബുക്ക്‌സിനു നേരെയും. രവി ഡിസി കോട്ടയം ഈസ്റ്റ് പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. പ്രധാന ബുക്ക് സ്റ്റാളുകളിലെല്ലാം ബുക്ക് ലഭ്യമാണ്.
അരനൂറ്റാണ്ട് മുമ്പുള്ള കേരളീയ ജാതിജീവിതത്തെ ദലിത് പശ്ചാത്തലത്തില്‍ ആവിഷ്‌കരിക്കുന്ന മീശ എന്ന നോവല്‍ കഴിഞ്ഞ 21നാണ് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ നിന്നു ഹരീഷ് പിന്‍വലിച്ചത്. നോവലിലെ രണ്ടു കഥാപാത്രങ്ങള്‍ തമ്മിലുള്ള സംഭാഷണം ഹിന്ദുമതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നും ക്ഷേത്രത്തില്‍ പോവുന്ന സ്ത്രീകളെ അപമാനിക്കുന്നതാണെന്നും ആരോപിച്ച് സംഘപരിവാര ശക്തികള്‍ ഹരീഷിനും കുടുംബത്തിനും നേരെ സൈബര്‍ ആക്രമണം നടത്തുകയായിരുന്നു.എഴുത്തുകാരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു നേരെ സംഘ് പരിവാര്‍ ഉയര്‍ത്തുന്ന ഭീഷണി പരിധി വിട്ടപ്പോഴാണ് ഹരീഷ് നോവല്‍ മാതൃഭൂമിയില്‍ നിന്നും പിന്‍വലിച്ചത്.പുസ്തക പ്രസാധനത്തോടനുബന്ധിച്ച് ഡിസിയുടെ വാര്‍ത്താ കുറിപ്പ്:
പ്രിയമുള്ളവരേ,
എസ്. ഹരീഷിന്റെ മീശ ഞങ്ങള്‍ പ്രസിദ്ധീകരിക്കുകയാണ്. മലയാളം വാരിക, ദേശാഭിമാനി, ഗ്രീന്‍ബുക്‌സ്, ഇന്‍സൈറ്റ് പബ്ലിക്ക, സൃഷ്ടി എന്നിവര്‍ അതിന്റെ പ്രസിദ്ധീകരണം ഏറ്റെടുക്കാമെന്ന് അറിയിപ്പിട്ടിരുന്നെങ്കിലും എസ് ഹരീഷ് മുന്‍ പുസ്തകങ്ങളെപ്പോലെ ഡി സി ബുക്‌സിനെ ഏല്‍പ്പിക്കുകയാണ് ചെയ്തത്. അതിനാല്‍ത്തന്നെ അതിന്റെ പ്രസീദ്ധീകരണം നിര്‍വ്വഹിക്കുക എന്നത് ഞങ്ങളുടെ കര്‍ത്തവ്യമായി ഏറ്റെടുത്തു. എക്കാലത്തും എഴുത്തുകാരോടും വായനക്കാരോടൊപ്പമാണ് ഞങ്ങള്‍. മീശ ഇപ്പോള്‍ ഇറക്കാതിരിക്കുകയാണെങ്കില്‍ മലയാളത്തില്‍ ഇനിയൊരു നോവലോ കഥയോ പ്രസിദ്ധീകരിക്കല്‍ അസാധ്യമായി വന്നേക്കാം. ബഷീറിന്റെയോ വി കെ എന്റെയോ ചങ്ങമ്ബുഴയുടെയോ വി ടി യുടെയോ ഇന്നത്തെ എഴുത്തുകാരുടെയോ കൃതികള്‍ പ്രസിദ്ധീകരിക്കുന്നതിന് പലരുടെയും അനുവാദം വാങ്ങേണ്ടിയും വന്നേക്കാം. അതിനാല്‍ മീശയുടെ പ്രസിദ്ധീകരണം ഞങ്ങള്‍ നിര്‍വ്വഹിക്കുന്നു, താങ്കളുടെ സര്‍വ്വ പിന്തുണയും ഉണ്ടാകുമെന്ന ഉറപ്പോടെ.
സ്‌നേഹത്തോടെ
ഡി സി ബുക്‌സ് പ്രസിദ്ധീകരണ വിഭാഗം
0 Comments