ബിനീഷ് സാധാരണ മനുഷ്യന്‍, എന്റെ രണ്ട് കുട്ടികളുടെ അഛന്‍
ബിനിഷ് എന്റെ രണ്ടു കുഞ്ഞുങ്ങളുടെ അച്ഛനാണ്. മാധ്യമങ്ങളും പോലീസും ഇ.ഡിയും പറയുന്നപോലെ അദ്ദേഹം ആരുടേയും ഡോണല്ല, മയക്കുമരുന്ന് രാജാവല്ല, ബോസല്ല. ഒരു സാധാരണ മനുഷ്യനാണ്. കുറേ സുഹൃത്തുക്കള്‍ അദ്ദേഹത്തിനുണ്ടെന്നല്ലാതെ ഒരു ദുരൂഹതയും അദ്ദേഹത്തിന്റെ ജീവിതത്തിലില്ല. പരിശോധനക്കിടെ ഇ.ഡി മാനസികമായി
പീഡിപ്പിക്കുകയാണെന്ന് ബിനീഷ് കോടിയേരിയുടെ ഭാര്യ ആരോപിച്ചു.
ഉദ്യോഗസ്ഥര്‍ ഏതൊക്കെയോ പേപ്പര്‍ എടുത്തുകൊണ്ടുവന്ന് അതില്‍ ഒപ്പിടാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. ബിനീഷ് കുടുങ്ങാന്‍ പോകുകയാണ്. അവിടെ നിന്നും പുറത്തിറങ്ങണമെന്ന് ആഗ്രഹമുണ്ടോ. ഉണ്ടെങ്കില്‍ ഒപ്പിടണമെന്ന് ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തി. എന്നാല്‍
അനൂപ് മുഹമ്മദിന്റെ പേരിലുള്ള കാര്‍ഡ് കണ്ടപ്പോള്‍ ഒപ്പിടാനാകില്ലെന്ന് ഞാന്‍ ഉദ്യോഗസ്ഥരെ അറിയിച്ചു.
അത്തരത്തിലൊരു കാര്‍ഡ് ബിനീഷിന്റെ മുറിയില്‍ നിന്നും കണ്ടെടുത്തെങ്കില്‍ അത് എടുക്കുമ്പോള്‍ എന്നെ വിളിച്ചു കാണിക്കണമായിരുന്നു. അത്തരത്തില്‍ കാണിക്കാത്ത സാഹചര്യത്തില്‍ ഒപ്പിടാനാകില്ലെന്ന് തീര്‍ത്തു പറഞ്ഞു. ബിനീഷ് പറഞ്ഞാല്‍ ഒപ്പിടുമോയെന്ന് ചോദിച്ചു. ബിനീഷല്ല,
ആരു പറഞ്ഞാലും ബോധ്യപ്പെടാത്ത കാര്യത്തില്‍ ഒപ്പിടില്ലെന്നും അറിയിച്ചു. അല്ലെങ്കില്‍ നിങ്ങള്‍ കൊണ്ടുവന്നുവെച്ചതാണെന്ന് എഴുതി താന്‍ ഒപ്പിട്ടു നല്‍കാമെന്ന് അറിയിച്ചു. എന്നാല്‍ അത് പറ്റില്ലെന്ന് ഇ.ഡി അറിയിച്ചെന്നും ബിനീഷിന്റെ ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു.
ഇപ്പോള്‍ വ്യക്തമായി. തന്റെ ഭര്‍ത്താവിന്റെ പേരില്‍ ഇവരെടുത്ത കേസ്. അതിനായി ഉണ്ടാക്കിയ തെളിവുകള്‍. എല്ലാം കെട്ടിചമച്ചതാണെന്നതിനു ഇതില്‍പരം തെളിവുവേണോ ? അവര്‍ ചോദിച്ചു..
ഇ.ഡി ഉദ്യോഗസ്ഥര്‍ കൊണ്ടുവന്ന സാക്ഷി ഹാളില്‍ ഇരിക്കുകയായിരുന്നു. സാക്ഷി മുറിയിലേക്ക് പോയിരുന്നില്ലെന്നും ബിനീഷിന്റെ ഭാര്യ പറഞ്ഞു. തന്റെ ഫോണ്‍ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു. രാത്രി കുഞ്ഞിന് ഉറങ്ങാന്‍ പോലും കഴിഞ്ഞില്ല. കുഞ്ഞിന് ഭക്ഷണം നല്‍കാനോ
വസ്ത്രം മാറാന്‍ പോലും സാധിച്ചിട്ടില്ല. പാല്‍പ്പൊടി മാത്രമാണ് നല്‍കിയതെന്നും ബിനീഷിന്റെ ഭാര്യ പറഞ്ഞു.
തങ്ങളോട് അവിടെ ഇരിക്കാന്‍ പറഞ്ഞു. അതിനു ശേഷം ഏതെല്ലാമോ പേപ്പറുകള്‍ കണ്ടെടുത്തുവെന്നും ഒപ്പിടണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ പേപ്പറുകള്‍ കണ്ടെടുത്തപ്പോള്‍, അവിടെയുണ്ടായിരുന്ന തന്നെ കാണിക്കണമെന്നും, അല്ലാതെ പറയുന്ന രേഖകളില്‍ ഒപ്പിടാനാകില്ലെന്നും
അറിയിച്ചതായി ബിനീഷിന്റെ ഭാര്യ പറഞ്ഞു. ഉടന്‍ പോകാമെന്ന് കരുതിയാണ് വന്നത് അതിനാല്‍ കുട്ടിയുടെ ഡ്രസ്സോ, പാംപേഴ്‌സ് പോലും കരുതിയിരുന്നില്ലെന്നും അവര്‍ വ്യക്തമാക്കി. തന്റെ ഭര്‍ത്താവ് ഡോണോ, മയക്കുമരുന്ന് രാജാവോ അല്ല, വെറും സാധാരണ മനുഷ്യനാണെന്നും ബിനീഷിന്റെ
ഭാര്യ പറഞ്ഞു.
0 Comments