ഷാര്‍ജയില്‍ അക്ഷര നഗരി തെളിഞ്ഞു. ഇനി ആഘോഷപ്പെരുന്നാള്‍


ഷാര്‍ജ: അക്ഷര സ്‌നേഹികളുടെ ആഘോഷപ്പെരുന്നാളായ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് തുടക്കമായി. ഇനി പത്തുനാള്‍ അറിവിന്റെ, അക്ഷരലോകത്ത് അതിരുകളില്ലാത്ത സഞ്ചാരം.
ഷാര്‍ജ എക്‌സ്‌പോ സെന്ററിലാണ് ഇത്തവണയും മേള അരങ്ങേറുന്നത്. ബുധനാഴ്ച രാവിലെ 10 മണിക്ക് ഔപചാരിക ചടങ്ങുകളേതുമില്ലാതെയായിരുന്നു ഉദ്ഘാടനം. മഹാമാരിയുടെ പിടിയിലമര്‍ന്ന ലോകത്തിനോട് ലോകം വായിക്കുന്നു ഷാര്‍ജയില്‍നിന്ന് എന്ന ശീര്‍ഷകത്തിലാണ് പുസ്തകമേള സംവദിക്കുന്നത്. 39വര്‍ഷമായി മുടങ്ങാതെ നടക്കുന്ന പുസ്തക മേള ഇത്തവണ ഉണ്ടാവുമോ എന്ന ഭീതിയിലായിരുന്നു അക്ഷര സ്‌നേഹികള്‍. കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശുചിത്വ പ്രോട്ടോകോള്‍ ഉറപ്പുവരുത്തി ഷാര്‍ജ ലോകത്തിന് തന്നെ പുതു ആവേഷം സമ്മാനിക്കുകയാണ് പുസ്തകോത്സവത്തിലൂടെ. സന്ദര്‍ശകരുടെ പ്രവേശനത്തിലുള്‍പ്പെടെ ആരോഗ്യസുരക്ഷയും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. തിങ്ങി നിറഞ്ഞ സദസ്സോ, വായനക്കാരെ സാക്ഷിയാക്കിയുള്ള ഔദ്യോഗിക പുസ്തക പ്രകാശനങ്ങളോ ഔപചാരിക പരിപാടികളോ ഇത്തവണയില്ല. ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ പുസ്തകമേളയായ ഷാര്‍ജ പുസ്തകമേള എല്ലാ വര്‍ഷവും ലോകത്തിലെ ഉന്നതരായ എഴുത്തുകാരുടെ സാന്നിധ്ധ്യം കൊണ്ടാണ് ശ്രദ്ധ നേടാറുള്ളത്. എന്നാല്‍ 73 രാജ്യങ്ങളില്‍ നിന്നായി 1024 പ്രസാധകരാണ് ഇത്തവണ മേളക്കെത്തിയിരിക്കുന്നത്. 30 ല്‍പരം ഭാഷകളിലായി 80,000ത്തോളം തലക്കെട്ടുകളിലെ പുസ്തകങ്ങളാണ് ഷാര്‍ജ നഗരിയില്‍ എത്തിയിരിക്കുന്നത്. മലയാളത്തിനുണ്ടായിരുന്ന പ്രത്യേക ഏഴാം നമ്പര്‍ ഹാള്‍ കോവിഡ് പ്രോട്ടോകോള്‍ കാരണം ഒഴിവാക്കിയെങ്കിലും കേരളത്തില്‍നിന്ന് പത്തോളം പ്രസാധകര്‍ ഇത്തവണയും എത്തിയിട്ടുണ്ട്. അറബ് മേഖലയിലും അന്താരാഷ്ട്ര രംഗത്തുമുള്ള 60ല്‍പരം എഴുത്തുകാരും സാംസ്‌കാരിക വ്യക്തിത്വങ്ങളും പുസ്തകമേളയുടെ ഭാഗമാകും. 64ല്‍പരം വൈവിധ്യങ്ങളായ വൈജ്ഞാനിക വിഷയങ്ങളിലുള്ള സംവാദങ്ങള്‍ ഇനിയുള്ള ദിവസങ്ങളില്‍ നടക്കും. പല ഭാഷകളില്‍, വ്യത്യസ്ത സംസ്‌കാരങ്ങളില്‍, വേറിട്ട ചരിത്രങ്ങളില്‍, വിഭിന്നമായ ഭാവനകളില്‍ വായനയുടെ നറുവസന്തം തീര്‍ക്കുന്ന 11 ദിവസങ്ങള്‍ കടല്‍ കടന്നും കാതങ്ങള്‍ താണ്ടിയും വിരുന്നെത്തുന്ന ചരിത്രം ലോകത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ ഷാര്‍ജക്ക് മാത്രം സ്വന്തം. ഷാര്‍ജ ബുക്ക് അതോറിറ്റിയുടെ നേതൃത്വത്തില്‍ ഈ മാസം 14 വരെ തുടരുന്ന പുസ്തക മേളയില്‍ കഴിഞ്ഞ വര്‍ഷം രെക്കാര്‍ഡ് ജനക്കൂട്ടമാണ് പങ്കെടുത്ത്. കോവിഡ് പലരുടെയും യാത്രകളില്‍ വില്ലനായി മാറി.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar