പ്രവാസി വോട്ടവകാശം ബി.ജെ.പിക്ക് തുണയാവുമോ.

:…..അമ്മാര്‍ കിഴുപറമ്പ്………….:
വിദേശ ഇന്ത്യക്കാരുടെ നീണ്ട നാളത്തെ ആവശ്യങ്ങളിലൊന്നായിരുന്നു പ്രവാസികള്‍ക്ക് വോട്ടവകാശം എന്നത്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി ഇന്ത്യ ഭരിച്ച എല്ലാ സര്‍ക്കാറിനു മുന്നിലും പ്രവാസി ഭാരതീയര്‍ ഇക്കാര്യത്തിന്നായി മുറവിളി കൂട്ടിയിരുന്നു. എന്നാല്‍ ആതുര സേവന മേഖലയിലെ കോടീശ്വരനായ ഡോ.ഷംസീര്‍ വയലില്‍ നല്‍കിയ നിയമ നടപടികളുടെ ഫലമായാണ് ഇപ്പോള്‍ വോട്ടവകാശം സാധ്യമാകുന്നത്. ഇത്തവണത്തെ വര്‍ഷകാല സമ്മേളനത്തില്‍ ലോക്‌സഭ പ്രവാസികള്‍ക്ക് വോട്ട് രേഖപ്പെടുത്താന്‍ അനുവദിക്കുന്നതിനായി ജനപ്രാതിനിധ്യ നിയമം (ഭേദഗതി)2018 പാസാക്കി കഴിഞ്ഞു. ബില്‍ രാജ്യസഭയുടെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണ്.
നിലവില്‍ വിദേശത്തുള്ള ഇന്ത്യക്കാര്‍ക്ക്, നാട്ടില്‍ സ്ഥിരതാമസമാക്കിയ സ്ഥലത്തെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവകാശമുണ്ട്. എന്നാല്‍ തെരഞ്ഞെടുപ്പ് ദിവസം നേരിട്ടെത്തിയാല്‍ മാത്രമെ വോട്ട് രേഖപ്പെടുത്താന്‍ സാധിക്കുകയുള്ളൂ എന്നത് വലിയ പോരായ്മയായിരുന്നു.. പുതിയ ബില്ലിലെ ചട്ടങ്ങള്‍ പ്രകാരം പ്രവാസികള്‍ക്ക് പകരക്കാരെ ഉപയോഗിച്ച് തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കാന്‍ സാധിക്കും.അടുത്ത സമ്മേളനത്തില്‍ രാജ്യസഭ ബില്‍ പാസാക്കുന്നതോടെ പ്രവാസി ഭാരതീയരുടെ നോമിനിക്ക് വോട്ടവകാശം വിനിയോഗിക്കാന്‍ കഴിയും. ഈ അവകാശത്തെ എങ്ങിനെ തങ്ങള്‍ക്കനുകൂലമാക്കാം എന്നാണ് ബി.ജെ.പി ആലോചിക്കുന്നത്. പ്രധാന മന്ത്രി നടത്തിയ വിദേശ യാത്രകളിലെല്ലാം തന്നെ ഇന്ത്യ ജനതയുമായി ഇടപഴകാനും അവര്‍ക്കൊപ്പം ചെലവഴിക്കാനും സമയം കണ്ടെത്തുകയും മഹാ സമ്മേളനങ്ങള്‍ അമേരിക്കയിലും ദുബായിലും വരെ നടത്താനും ശ്രദ്ധിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ സംഘടിപ്പിച്ച ചടങ്ങുകളില്‍ അദ്ദേഹത്തിന്റെറ ദേശീയത തുളുമ്പുന്ന പ്രസംഗം കേള്‍ക്കാന്‍ അറബ് രാജ്യങ്ങളില്‍ പോലും പതിനായിരക്കണക്കിനു ആളുകള്‍ എത്തിച്ചേര്‍ന്നിരുന്നു. രാജ്യത്ത് 543 ലോക്‌സഭ മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കാന്‍ പോവുന്നത്.ഏകദേശം രണ്ടരക്കോടി പ്രവാസി ഇന്ത്യക്കാരുണ്ടെന്നാണ് കണക്ക്. അങ്ങിനെയെങ്കില്‍ ഓരോ മണ്ഡലത്തിലും ഏകദേശം 46,000 പ്രവാസി വോട്ടുകളുണ്ടാവും. ഇതിനൊപ്പം പ്രവാസികള്‍ക്ക് അവരുടെ കുടുംബാംഗങ്ങളെ കൂടി സ്വാധീനിക്കാന്‍ കഴിയുമെന്ന് വന്നാല്‍ അടുത്ത തെരഞ്ഞെടുപ്പിലേക്ക് നരേന്ദ്ര മോദി കരുതിവച്ച വജ്രായുധം പ്രവാസി വോട്ടവകാശമായിരുന്നു എന്ന് കരുതേണ്ടി വരാം.പ്രവാസി ഭാരതീയര്‍ക്ക് വോട്ടവകാശം വിനിയോഗിക്കാനുള്ള അവസരം എന്നത് അവര്‍ക്ക് നല്‍കുന്ന പൗരത്വ അംഗീകാരമാണെന്നാണ് വിശ്വാസം. ആ അംഗീകാരത്തിനു സുപ്രീം കോടതിയുടെ ഇടപെടലിലൂടെ ആണെങ്കിലും അവസരം കൈവന്നത് മോദി ഭരണത്തിലാണെന്ന് വരുത്തി തീര്‍ക്കാനുള്ള പ്രചാരണമാണ് ബി.ജെ.പി അകത്തളങ്ങളില്‍ രൂപപ്പെടുന്നത്.
പ്രവാസി ഇന്ത്യക്കാരുടെ മറ്റൊരു പ്രധാന ആവശ്യമാണ് വിദേശത്തു മരിക്കുന്ന ഇന്ത്യക്കാരുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കുക എന്നത്. നിരന്തരം പൊതു പ്രവര്‍ത്തകരും വിദേശ ഇന്ത്യക്കാരും ആവശ്യപ്പെടുന്ന ഇക്കാര്യത്തിലും തിരഞ്ഞെടുപ്പിനു മുമ്പ് നിയമ നിര്‍മ്മാണം ഉണ്ടാവുമെന്നാണ് വിദേശ കാര്യ മന്ത്രാലയം നല്‍കുന്ന സൂചന. പ്രവാസി ഇന്ത്യക്കാരുടെ കുടുംബങ്ങളെ കൂടി കയ്യിലെടുക്കാന്‍ കഴിഞ്ഞാന്‍ ഓരോ മണ്ഡലത്തിലും വിധി നിര്‍ണ്ണയിക്കുക ഈ വോട്ടുകളായിരിക്കും എന്നാണ് കണക്കു കൂട്ടുന്നത്. നാല്‍പ്പതിനായിരത്തിനും അമ്പതിനായിരത്തിനും ഇടയില്‍ വോട്ടുകള്‍ ഓരോ മണ്ഡലത്തിലും ഉണ്ടാകുമ്പോള്‍ അവ വലിയ സ്വാധീന ശക്തിയാവുമെന്നാണ് പാര്‍ട്ടികള്‍ കണക്കു കൂട്ടുന്നത്. ഓരോ പ്രവാസിയുടെയും നോമിനിക്ക് അവ ചെയ്യാമെന്നത് വലിയ മാറ്റങ്ങള്‍ക്കു തന്നെ വഴിതുറക്കും. ഒപ്പം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വ്യാപക അഴിമതിക്കും.
0 Comments