ബി.ജെ.പിയുടെ വര്‍ഗീയ പ്രചാരണം തള്ളി ഡല്‍ഹി
ന്യൂഡല്‍ഹി: കടുത്ത വര്‍ഗീയതയും ഭരണഘടനാ ധ്വംസനവും മാത്രം നടപ്പാക്കുന്ന ബിജെപിയെ അധികാരത്തില്‍ നിന്നും പുറം തള്ളി ഡല്‍ഹി ജനത ഇന്ത്യയുടെ അഭിമാനം കാത്തു. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത വിജയത്തിന് ശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടികളാണ് ലഭിച്ചത്. ആ തിരിച്ചടി ആവര്‍ത്തിക്കുന്നു എന്നതാണ് ഡല്‍ഹി തെരഞ്ഞെടുപ്പ് ഫലം അപഗ്രഥിക്കുമ്പോള്‍ വ്യക്തമാക്കുന്നത്. ഡല്‍ഹിയില്‍ ബി.ജെ.പി മറ്റൊരു കനത്ത തോല്‍വിയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. 70 അംഗസഭയില്‍ നിലവില്‍ 58 സീറ്റിലാണ് ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടി മുമ്പിട്ട് നില്‍ക്കുന്നത്. ബി.ജെ.പി 12 ഇടത്തും. ഇതില്‍ തന്നെ ആറോളം സീറ്റുകള്‍ ആപ്പ് വീണ്ടെടുക്കുമെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.ഡിസംബറില്‍ ജാര്‍ഖണ്ഡിലേറ്റ തോല്‍വിക്ക് ശേഷം ഏതുവിധേനയും ഡല്‍ഹി പിടിച്ചടക്കണമെന്നാണ് ബി.ജെ.പി ദേശീയ നേതൃത്വം തീരുമാനിച്ചിരുന്നത്. അതിനായി പ്രചാരണത്തിന്റെ ചുമലത അമിത് ഷാ തന്നെ നേരിട്ട് ഏറ്റെടുക്കുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കം 250 ബി.ജെ.പി എം.പിമാരെ കളത്തിലിറക്കിയിട്ടും തോറ്റത് പാര്‍ട്ടിക്കുള്ളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴി വയ്ക്കുമെന്ന് തീര്‍ച്ചയാണ്.
ഒരു വര്‍ഷത്തിനും രണ്ടു മാസത്തിനുമിടെ ആറാമത്തെ സംസ്ഥാനത്തിലാണ് ബി.ജെ.പി തോല്‍വി ഏറ്റുവാങ്ങുന്നത്. 2018 ഡിസംബറില്‍ നടന്ന മദ്ധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് നിയമസഭകളിലാണ് ബി.ജെ.പി ആദ്യം തോറ്റത്. പിന്നീട് ജാര്‍ഖണ്ഡിലും.
2019 ഒക്ടോബറില്‍ നടന്ന മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും ശിവസേനയുമായി മുഖ്യമന്ത്രി പദം പങ്കിടുന്ന തര്‍ക്കത്തില്‍ അധികാരം നഷ്ടപ്പെട്ടു. ഏറെക്കാലത്തെ അനിശ്ചിതത്വത്തിന് ഒടുവില്‍ ഇവിടെ കോണ്‍ഗ്രസ്-എന്‍.സി.പി-ശിവസേന സഖ്യമാണ് അധികാരത്തില്‍ വന്നത്. അതേസമയം, ഇതേ സമയത്തു നടന്ന ഹരിയാന തെരഞ്ഞെടുപ്പില്‍ അധികാരം നിലനിര്‍ത്തിയെങ്കിലും ദുഷ്യന്ത് ചൗട്ടാലയുടെ ജന്‍നായക് ജനതാപാര്‍ട്ടിയുടെ സഹായത്തോടെയാണ് ബി.ജെ.പി ഭരണത്തിലെത്തിയത്.
പൗരത്വഭേദഗതി നിയമം, ദേശീയ പൗരത്വ രജിസ്റ്റര്‍ എന്നീ വിഷയങ്ങളില്‍ മോദി സര്‍ക്കാര്‍ പ്രതിപക്ഷത്തു നിന്നും ബഹുജനങ്ങളില്‍ നിന്നും കടുത്ത എതിര്‍പ്പ് നേരിടുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ ബി.ജെ.പിക്ക് വിജയം അനിവാര്യമായിരുന്നു. എന്നാല്‍ ഷാഹീന്‍ബാഗ് അടക്കമുള്ള വിഷയങ്ങള്‍ ഉന്നയിച്ചിട്ടും ബി.ജെ.പിക്ക് ഡല്‍ഹിയില്‍ നേട്ടമുണ്ടാക്കാനായില്ല എന്നത് എടുത്തു പറയേണ്ടതാണ്.
തുടര്‍ച്ചയായ തെരഞ്ഞെടുപ്പ്തോല്‍വികള്‍ പാര്‍ട്ടിക്കുള്ളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും അപ്രമാദിത്വം കൂടിയാണ് ചോദ്യം ചെയ്യപ്പെടുക. മുന്‍ അദ്ധ്യക്ഷനും കേന്ദ്രമന്ത്രിയുമായ നിതിന്‍ ഗഡ്കരിയെ പോലുള്ളവര്‍ ഇരുവര്‍ക്കുമെതിരെ നേരത്തെ പലതവണ തെരഞ്ഞെടുപ്പ് തോല്‍വികളില്‍ ഒളിയമ്പെയ്തിരുന്നു. ജാര്‍ഖണ്ഡിന് പിന്നാലെ ഡല്‍ഹിയിലെയും തോല്‍വി ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്ന് പാര്‍ട്ടിക്ക് അത്രയെളുപ്പത്തില്‍ കരകയറാന്‍ ആകില്ല.
0 Comments