ചാലിയാര്‍ മലിനമായതോ,മലിനമാക്കിയതോ

: അമ്മാര്‍ കിഴുപറമ്പ് :
മലപ്പുറം കോഴിക്കോട് ജില്ലകളിലെ നിരവധി പഞ്ചായത്തുകളുടെ ജലശ്രോതസ്സായ ചാലിയാര്‍ മലിനമായതിനു പിന്നില്‍ രഹസ്യ ഇടപെടല്‍ നടന്നതായി സംശയിക്കപ്പെടുന്നു. കവണക്കല്ല് പാലവും തടയണയും വന്നിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും ഇന്നു വരെ വെള്ളം പച്ചനിറം വന്ന് ഉപയോഗശൂന്യമായിട്ടില്ല. എന്നാല്‍ വേനല്‍ക്കാലം തുടങ്ങുമ്പോള്‍ ചാലിയാറില്‍ മത്സ്യസമ്പത്തിനടക്കം വലിയ ഭീഷണി ഉയര്‍ത്തി വിഷ പായലായ ബ്ലൂ ഗ്രീന്‍ ആല്‍ഗ പടരുന്നത് ജനങ്ങളെ പരിഭ്രാന്തരാക്കിയിരുന്നു. ഗെയില്‍ വാതക പൈപ്പ് ലൈന്‍ കടന്നു പോകുന്നത് ചാലിയാറിനു കുറുകെയാണ്. ഈ വേനല്‍ക്കാലത്ത് ചാലിയാറിനു കുറുകെ പൈപ്പിടാന്‍ കഴിഞ്ഞില്ലെങ്കില്‍ പദ്ധതി ഒരുവര്‍ഷം കൂടി കാത്തിരിക്കേണ്ടിവരും. മാവൂര്‍ കവണക്കല്ല് ബണ്ട് ഉള്ളത് കൊണ്ടാണ് എടവണ്ണവരെ വേനല്‍ക്കാലത്തും ചാലിയാറില്‍ ജലനിരപ്പ് ഉയര്‍ന്നിരിക്കുന്നത.് കിഴുപറമ്പ് പഞ്ചായത്തില്‍ നിന്നും ഗെയില്‍ പൈപ് ലൈന്‍ ചാലിയാറിനെ കീറിമുറിച്ചു കടന്നുപോവുന്നത് അരീക്കോട് ചെമ്പായി ഭാഗത്തേക്കാണ്. ഇവിടെ രണ്ടാള്‍ ഉയരത്തില്‍ വെള്ളം ഇപ്പോള്‍ ഉണ്ട്. ഈ വെള്ളം വറ്റിച്ചു വേനല്‍ക്കാലത്ത് ചാലിയാര്‍ കുഴിച്ച് പൈപ്പിടുക എന്നത് ഗെയിലിന്റെ ആവശ്യമാണ്.അതിന്നു കവണക്കല്ല് റഗുലേറ്റര്‍ കം ബ്രിഡ്ജ് തുറന്നിടണം. വേനല്‍ ശക്തിപ്രാപിച്ച, കടുത്ത വരള്‍ച്ചയെ അഭിമുഖീകരിക്കുന്ന ഈ സമയത്ത് കവണക്കല്ല് റഗുലേറ്റര്‍ കം ബ്രിഡ്ജ് തുറക്കാനും ജലനിരപ്പ് താഴ്ത്താനും പ്രദേശത്തെ ജനങ്ങള്‍ അനുവദിക്കില്ല. ഈ സാഹചര്യത്തില്‍ പുഴയില്‍ കൃത്രിമമായി ഉണ്ടാക്കിയതാണോ ബ്ലൂ ഗ്രീന്‍ ആല്‍ഗ എന്നാണ് പ്രദേശവാസികള്‍ സംശയിക്കുന്നത്. കോഴിക്കോട് സി.ഡബ്ല്യു.ആര്‍.ഡി.എം ശാസ്ത്രജ്ഞരുടെ നേതൃത്വത്തില്‍ ഉന്നതതല സംഘം ജലം പരിശോധന നടത്തി വെള്ളത്തിന്റെ സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. പരിശോധനാ ഫലം പുറത്തുവരുന്നത് വരെ വെള്ളം കുടിക്കുവാനും കുളിക്കുവാനും ഉപയോഗിക്കരുതെന്ന് ശാസ്ത്രജ്ഞന്‍ ഡോ.എസ്.ദിപു മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പുഴയില്‍ കുളിച്ചാല്‍ ചൊറിച്ചില്‍ ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നും വെള്ളം കുടിച്ചാല്‍ മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും മാരക പ്രത്യാഗതങ്ങള്‍ ഉണ്ടാവുമെന്നും ശാസ്ത്രജ്ഞര്‍ മു്‌നനറിയിപ്പു നല്‍കിയതോടെ ഈ പ്രദേശത്തെ കുടിവെള്ള പദ്ധതികള്‍ അവതാളത്തിലായി.
ചാലിയാറിന്റെ ഇരുകരകളിലുമായി വിവിധ കുടിവെള്ള പദ്ധതികള്‍ വഴി കോഴിക്കോട്,മലപ്പുറം ജില്ലകളിലെ പ്രധാന നഗരങ്ങളിലേക്കും കോഴിക്കോട് മെഡിക്കല്‍ കോളജ്,മലപ്പുറം ജില്ലയിലെ കിന്‍ഫ്ര തുടങ്ങിയ സ്ഥാപനങ്ങളിലേക്കും വെള്ളം എത്തിക്കുന്നുണ്ട്. അരീക്കോട്,ഊര്‍ങ്ങാട്ടിരി, കാവനൂര്‍,കീഴുപറമ്പ്,കൊടിയത്തൂര്‍,മാവൂര്‍ എന്നീ പഞ്ചായത്തുകളുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ വെള്ളം മലിനമായ സാഹചര്യമാണുള്ളത്. പുഴയില്‍ അരീക്കോട് പത്തനാപുരം പാലത്തിന് സമീപം മുതല്‍ മൂര്‍ക്കനാട് വരെയുള്ള അഞ്ച് കിലോമീറ്റര്‍ പ്രദേശത്ത് കട്ടിയേറിയ പാടപോലെ പച്ചയും നീലയും കലര്‍ന്ന പായല്‍ ആല്‍ഗ പടര്‍ന്നിട്ടുണ്ട്.വെള്ളത്തിന് നിറവും ഗന്ധവും തുടങ്ങിയിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ തൊട്ടടുത്ത കിണറുകളിലും കുളങ്ങളിലും വെള്ളത്തിന്റെ അടിയൊഴുക്ക് കാരണം മലിനമാകാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഈ പ്രശ്‌നം പരിഹരിക്കാന്‍ കവണക്കല്ല് റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ ഷട്ടര്‍ ഉയര്‍ത്തി വെള്ളം തുറന്നിടുക എന്നതാണ്. ഷട്ടര്‍ ഉയര്‍ത്തി ചാലിയാര്‍ വെള്ളം തുറന്നിടുന്നതോടെ പുഴ മണല്‍കൂനയായി മാറും. നിര്‍മ്മാണ പ്രവര്‍ത്തികള്‍ സുഗമമാകുമെങ്കിലും പ്രദേശത്തെ കിണറുകളും കുളങ്ങളും വറ്റിവരണ്ടു പ്രദേശം കടുത്ത ജലക്ഷാമത്തിലേക്ക് വഴുതി വീഴുമെന്നാണ് പൊതുജനം വിലയിരുത്തുന്നത്. വര്‍ഷകാലത്ത് ചാലിയാര്‍ ജലസമൃദ്ധമാണ്. അതുകൊണ്ടുതന്നെ കുഴിയെടുക്കാനും പൈപ്പുകള്‍ വെല്‍ഡ് ചെയ്തു ഉറപ്പിക്കാനും സാധ്യമല്ല. വേനല്‍കാലത്ത് കവണക്കല്ല് റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ ഷട്ടര്‍ താഴ്ത്തി വെള്ളം തടഞ്ഞു നിര്‍ത്തുന്നതിനാല്‍ അങ്ങിനേയും നിര്‍മ്മാണം സാദ്ധ്യമല്ല. ഈ പ്രയാസം മറികടക്കാനും ജനങ്ങളുടെ എതിര്‍പ്പില്ലാതെ ചായിയാര്‍ വറ്റിക്കാനും കണ്ടെത്തിയ മാര്‍ഗ്ഗമണോ ബ്ലൂ ഗ്രീന്‍ ആല്‍ഗ സാന്നിദ്ധ്യം എന്ന പ്രതിഭാസം എന്നാണ് പൊതുജന സംശയം.
മലപ്പുറം നഗരസഭയില്‍പ്പെട്ട പാണക്കാട് ചാമക്കയം തടയണ പൊളിക്കാന്‍ കലക്ടറുടെ അനുമതി തേടിയിരിക്കയാണ് ഗെയില്‍ അധികൃതര്‍. മലപ്പുറം നഗരസഭ ഈ നീക്കത്തിന്നെതിരെ ശക്തമായി രംഗത്തുണ്ടെങ്കിലും സര്‍ക്കാര്‍ സമ്മര്‍ദ്ധം ശക്തമായാല്‍ കലക്ടര്‍ക്കു അനുമതി നല്‍ക്കേണ്ടിവരും. സംസ്ഥാന സര്‍ക്കാര്‍ എന്തു വിലകൊടുത്തും പദ്ധതി നടപ്പാക്കാന്‍ സഹായിക്കുമെന്നതിന്‍ല്‍ തന്നെ കടലുണ്ടിപ്പുഴയും വറ്റിച്ചു കീറിമുറിക്കാന്‍ ഉടന്‍ അനുമതി നല്‍കും. ജില്ലയിലെ പ്രധാന ജലസ്രോതസ്സുകള്‍ വറ്റിക്കാനും തങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും ഗെയില്‍ കൊണ്ടുവരുന്ന നീക്കങ്ങള്‍ ആര്‍ക്കു തടയാന്‍ കഴിയില്ലെന്ന തിരിച്ചറിവില്‍ സമരങ്ങള്‍ അശക്തമാണിന്ന്.
ബ്ലൂ ഗ്രീന്‍ ആല്‍ഗകള്‍ എന്ന വിഷ പായലുകള്‍ മനുഷ്യനും മൃഗങ്ങള്‍ക്കും മത്സ്യങ്ങള്‍ക്കും ഭീഷണി. കോമണ്‍വെല്‍ത്ത് സയിന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷന്റെ (സി.എസ്.ഐ.ആര്‍.ഒ) പഠനങ്ങള്‍ പറയുന്നത്. ഇത്തരം ആല്‍ഗകളെയാണ് ചാലിയാറില്‍ കണ്ടെത്തിയത്. സാധാരണ പച്ചനിറത്തിലും ചിലപ്പോള്‍ നീലനിറത്തിലും ആണ് ഇവ കാണപ്പെടുക. ജലത്തില്‍ മാലിന്യത്തിന്റെ അളവ് വന്‍തോതില്‍ വര്‍ധിച്ച് ഓക്‌സിജന്‍ കുറയുമ്പോഴാണ് ബ്ലൂ ഗ്രീന്‍ ആല്‍ഗകള്‍ പ്രത്യക്ഷപ്പെടുക. എന്നാല്‍ ചാലിയാറിന്റെ സമീപ പ്രദേശത്തൊന്നും മലിന ജലം ഒഴുക്കുന്ന യാതൊരു പദ്ധതികളും ഇല്ല. ഹോസ്പിറ്റല്‍,ഫാക്ടറികള്‍ എന്നു വേണ്ട യാതൊരു സ്ഥാപനവും ഇല്ലാത്ത ചാലിയാറില്‍ ഈ വര്‍ഷം മാത്രം എങ്ങിനെ ബ്ലൂ ഗ്രീന്‍ ആല്‍ഗ ഇത്രയധികം ഉണ്ടായി എന്നതാണ് സംശയം ജനിപ്പിക്കുന്നത്. ഇതിന്റെ അളവ് കൂടുമ്പോള്‍ വെള്ളത്തില്‍ വിഷ സാന്നിധ്യമുണ്ടാകുകയും മത്സ്യങ്ങള്‍ ചത്തുപൊങ്ങുകയും ചെയ്യുമത്രെ. ഈ ബാക്ടീരിയയുടെ ഭക്ഷണം നൈട്രജനും ഫോസ്ഫറസുമാണ്. ജലത്തില്‍ ഇവയില്ലാതെ ബാക്ടീരിയ വളരാന്‍ സാധ്യതയില്ല. ചൂടുകാലത്ത് ആല്‍ഗകള്‍ കൂടുതലായി വളരും. വെള്ളത്തിന്റെ ഉപരിതലത്തില്‍ ചൂടുകൂടിയ പാളിയിലാണ് ഇവ സാധാരണ കാണപ്പെടുക.
ചൊറിച്ചില്‍,കണ്ണിനു രോഗം,ഛര്‍ദി,ഓക്കാനം,പേശികള്‍ക്ക് ബലം കുറയുക എന്നിവയാണ് ഈ വെള്ളം ഉപയോഗിച്ചാലുണ്ടാകുന്ന രോഗങ്ങള്‍.മൃഗങ്ങളും മത്സ്യവും ചാകാനും ഇതു കാരണമാകുമെന്ന മുന്നറിയിപ്പും ജനങ്ങളില്‍ ഭീതി പടര്‍ത്തിയിട്ടുണ്ട്. ജലം തുറന്നു വിട്ട് പായലിന്റെ സാന്നിദ്ധ്യം ഇല്ലാതാക്കിയെങ്കില്‍ മാത്രമെ ചാലിയാറിന്റെ ഇരു കരയിലേയും കിണറുകളെ രക്ഷിക്കാന്‍ കഴിയുകയുള്ളു എന്നാണ് സംസാരം. ജനത്തിന്റെ എതിര്‍പ്പില്ലാതെ ഈ പദ്ധതി നടപ്പാക്കുന്ന നിര്‍ദ്ദേശമാണ് ജല പരിശോധനാ ഫലത്തോടെ പുറത്തു വരിക. പായല്‍ സാന്നിദ്ധ്യം ഇല്ലാതാക്കാന്‍ ചാലിയാര്‍ വെള്ളം തുറന്നിടുക എന്നതാവും ശാസ്ത്രജ്ഞരുടെ അഭിപ്രായം.കാരണം ചാലിയാറില്‍ പായല്‍ കെട്ടിക്കിടന്നാല്‍ സമീപത്തെ കിണറുകളും കുളങ്ങളും മലിനമാകുമെന്ന് നേരത്തെ അവര്‍ പറഞ്ഞു വെച്ചിട്ടുണ്ട്. ഏപ്രില്‍ മെയ് മാസത്തോടെ ചാലിയാറിലെ വെള്ളം വറ്റിച്ച് ഗെയിലിനു പൈപ്പിടാന്‍ കാര്യങ്ങള്‍ സുഗമമാക്കുന്ന പദ്ധതിക്കു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരായാലും കുടിവെള്ളം നിഷേധിച്ചുകൊണ്ടു പ്രദേശത്തെ കടുത്ത വരള്‍ച്ചയിലേക്ക് തള്ളിവിട്ടുകൊണ്ട് നടപ്പാക്കുന്നത് ശെരിയല്ലെന്നാണ് പൊതുജനാഭിപ്രായം.
.
0 Comments