കോണ്‍ഗ്രസുമായി സഹകരിക്കുന്ന വിഷയത്തിൽ സിപിഎമ്മിൽ ഭിന്നത രൂക്ഷം.

ഹൈദരാബാദ്: കോണ്‍ഗ്രസുമായി സഹകരിക്കുന്ന വിഷയത്തിൽ സിപിഎമ്മിൽ ഭിന്നത രൂക്ഷം. പാർട്ടി കോണ്‍ഗ്രസിൽ അവതരിപ്പിച്ച കരട് രാഷ്ട്രീയ പ്രമേയത്തിന്മേൽ ഭേദഗതി ആവശ്യപ്പെട്ട സീതാറാം യെച്ചൂരി പക്ഷം ഇക്കാര്യത്തിൽ വോട്ടെടുപ്പിനും കളമൊരുക്കുകയാണ്. രഹസ്യ ബാലറ്റിലുള്ള വോട്ടെടുപ്പ് വേണമെന്നാണ് ജനറൽ സെക്രട്ടറി അനുകൂലികളുടെ ആവശ്യം.
പശ്ചിമ ബംഗാൾ ഉൾപ്പടെ ഏഴ് സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ യെച്ചൂരിയുടെ ഭേദഗതിക്കൊപ്പമാണ്. ഇവർ രഹസ്യ ബാലറ്റ് വേണമെന്ന് ആവശ്യമുന്നയിച്ചു. എന്നാൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് സ്റ്റിയറിംഗ് കമ്മിറ്റിയായ പോളിറ്റ് ബ്യൂറോയാണ്.
യെച്ചൂരിയുടെ കോണ്‍ഗ്രസ് സഹകരണം എന്ന ആവശ്യത്തെ കേരളഘടകം ശക്തമായി എതിർക്കുകയാണ്. ഇന്ന് പൊതു ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ച കേരളത്തിൽ നിന്നുള്ള അംഗം കെ.കെ.രാഗേഷ് ജനറൽ സെക്രട്ടറിക്കെതിരേ രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. കേന്ദ്ര കമ്മിറ്റി അംഗീകരിച്ച കരട് രാഷ്ട്രീയ പ്രമേയത്തിേന്മേൽ പാർട്ടി കോണ്‍ഗ്രസിൽ ഭേദഗതി ആവശ്യപ്പെട്ടത് തെറ്റായിപ്പോയെന്ന് രാഗേഷ് കുറ്റപ്പെടുത്തി.
കഴിഞ്ഞ മൂന്ന് വർഷമായി പാരട്ടി നിലപാടിനെതിരേ ബദൽ നിലപാട് മാത്രമാണ് യെച്ചൂരി ഉയർത്തുന്നത്. കോണ്‍ഗ്രസിന് വേണ്ടി പിൻവാതിൽ തുറന്നിട്ട് യെച്ചൂരി കാത്തിരിക്കുകയാണെന്നും സഖ്യം സാധ്യമാകാത്തതിലുള്ള ദുഃഖമാണ് യെച്ചൂരിക്കെന്നും രാഗേഷ് വിമർശിച്ചു. രാജ്യസഭാ സീറ്റിന് കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചതിന് സിപിഎമ്മിനെ മുഴുവൻ അടിയറവയ്ക്കരുതെന്നും രാജേഷ് പറഞ്ഞു.
0 Comments