ചേന്ദമംഗല്ലൂര്‍ ഓര്‍മ്മയും ആലോചനയും ……

ഏതൊരു ഗ്രാമത്തിനും ഏതൊരു വ്യക്തിക്കും ചരിത്രമുണ്ടായിരിക്കും. ആ ചരിത്രം വരും തലമുറക്ക് വഴിച്ചൂട്ടാവുമ്പോഴാണ് അവ രേഖപ്പെടുത്തിവെച്ചിരുന്നെങ്കിലെന്ന് നാം ആഗ്രഹിക്കുന്നത്. ഒരാളുടെ ജീവിതത്തിലൂടെ പ്രകാശിതമാവുന്ന ഇത്തരം ചരിത്രവസ്തുതകള്‍ ആരോചകമാവുന്നത് ആ ആത്മകഥയില്‍ അഹം വല്ലാതെ സ്വാധീനം ചെലുത്തുമ്പോഴാണ്. ഞ്ഞാന്‍ എന്ന ബോധത്തില്‍ സര്‍വ്വവും എഴുന്നള്ളിക്കുമ്പോഴാണ് വയന അരോചകവും ചരിത്രം വികലവും വസ്തുതകള്‍ കെട്ടിച്ചമച്ചതുമാകുന്നത്. എന്നാല്‍ ഇന്നത്തെ എന്റെ വായനയില്‍ ഇടം പിടിച്ചത് പുറത്തിറങ്ങാന്‍ പോവുന്ന ഒരു പുസ്തകമാണ്. എന്റെ അയല്‍ഗ്രാമമാണ് ചേന്ദമംഗല്ലൂര്‍. കേരളത്തിന്റെ മത,സാമൂഹ്യ,സാംസ്‌ക്കാരിക രംഗത്ത് നിറഞ്ഞു നില്‍ക്കുന്ന നിരവധി പേരുടെ ജന്മ ഭൂമി. ചാനലുകളിലും പത്രങ്ങളിലും ഇടപെടല്‍ നടത്തുന്ന പ്രമുഖരുടെ വാസ സ്ഥലം. ഇതിനെല്ലാം പുറമെ ചേന്ദമംഗല്ലൂര്‍ കേരളീയ പൊതുബോധത്തില്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത് പല നിലക്കുമാണ്. ആ രേഖപ്പെടുത്തലുകളുടെ പൂര്‍വ്വകാല വേരുകളിലേക്കുള്ള സത്യസന്ധമായ തിരിച്ചു നടത്തമാണ് ചേന്ദമംഗല്ലൂര്‍ ഓര്‍മ്മയും ആലോചനയും എന്ന ഗ്രന്ഥം. മത ഭൗതിക വിദ്യാഭ്യാസത്തിന്റെ നൂറ്റാണ്ടുകള്‍ നീണ്ട ചരിത്രമുണ്ട് ചേന്ദമംഗല്ലൂരിന്.ആ ചരിത്രം തുടങ്ങുന്നതാവട്ടെ സി.ടി.ആബ്ദു റഹീമിന്റെ പിതാവ് കോമുക്കുട്ടിക്കാക്കയുടെ ഏകാധ്യാപക വിദ്യാലയത്തില്‍ നിന്നാണ്. 1935 ല്‍ തുടങ്ങി 1965 വരെ നീണ്ട ആ ഗുരുകുലത്തില്‍ നിന്നാണ് ഇന്ന് ദേശത്ത് നിന്നും പ്രഗത്ഭരായ പലരും ആദ്യാക്ഷരം നുകര്‍ന്നത്. ഈ ഏകാധ്യാപക വിദ്യാലയത്തില്‍ നിന്നും അറിവിന്റെ ആദ്യാക്ഷരം നുകര്‍ന്നവര്‍ ഏതാനും വര്‍ഷം മുമ്പ് വീണ്ടും കലാലയ ഓര്‍മ്മകളുമായി ഒരുമിച്ച് ചേര്‍ന്നിരുന്നു. എഴുപതും എണ്‍പതും വയസ്സ് പിന്നിട്ട കാരണവന്മാരുടെ ഗുരുസ്‌നേഹം അനുഭവിക്കാന്‍ കഴിഞ്ഞപ്പോഴാണ് കോമുക്കുട്ടിക്കാക്ക എന്ന ഏകാധ്യാപകന്റെ വിദ്യാലയ ഓര്‍മ്മകള്‍ അക്ഷരങ്ങളായി പിറന്നു വീണത്. യഥാര്‍ത്ഥ ചരിത്രം സൗകര്യങ്ങള്‍ക്കും പില്‍ക്കാലത്തു വന്ന സ്ഥാനമാനങ്ങള്‍ക്കും കോട്ടം തട്ടുമെന്ന് ഭയന്ന് വിഴുങ്ങുന്ന നിരവധി പേരുണ്ട്. നേരത്തെ സൂചിപ്പിച്ച അഹം എന്ന ഭാവം കീഴ്‌പ്പെടുത്തിയവര്‍. അത്തരം ഒരു ചിന്തയില്ലാതെ വ്യക്തികളേയും സ്ഥലങ്ങളേയുംസംഭവങ്ങളേയും രേഖപ്പെടുത്തിയത് കൊണ്ടാണ് ചേന്ദമംഗല്ലൂര്‍ ഓര്‍മ്മയും ആലോചനയും എന്ന ഗ്രന്ഥം ഒറ്റയിരിപ്പിന് വായിക്കാന്‍ തോന്നിയത്. ഉപ്പയുടെ ഓത്തുപള്ളിക്കൂടം,നാട്ടിലെ കഥാപാത്രങ്ങള്‍,കീഴാള ഗ്രാമ ചരിത്രത്തിന്നൊരാമുഖം.ചേന്ദമംഗല്ലൂരും ദയാപുരവും,ഓത്തുപള്ളികൂടത്തില്‍ പഠിച്ചവരുടെ ഒത്തുകൂടല്‍ എന്നീ ആദ്ധ്യായങ്ങള്‍ 92 പേജിലായി സംവ്വിധാനിച്ചിരിക്കുന്നു പുസ്തകത്തില്‍.കീഴാള ഗ്രാമചരിത്രത്തിന്നൊരു ആമുഖം എന്ന അദ്ധ്യായം പൊയ്‌പോയ കാലത്തിലേക്കും ഗ്രാമത്തിന്റെ അടിവേരുകളിലേക്കും നടത്തുന്ന ചരിത്ര സഞ്ചാരമാണ്. കീഴാള ജനതയെന്ന താവഴി തേടല്‍ പുസ്തകത്തിന്റെ ആത്മാവായി വെളിച്ചം വീശുന്നു.ചേന്ദമംഗല്ലൂരില്‍ നിന്നും ഒന്നിലധികം പേരുടെ ആത്മകഥാ പുസ്തകങ്ങള്‍ വെളിച്ചം കണ്ടിട്ടുണ്ട്. അവയില്‍ രേഖപ്പെടാതെ പോയ നാട്ടു നന്മകളെക്കൂടി ഈ പുസ്തകം ശ്രദ്ധിക്കുന്നു എന്നതാണ് മറ്റൊരു സവിശേഷത. ചേന്ദമംഗല്ലൂരില്‍ നിന്നും ആദ്യമായി പ്രവാസിയായ വ്യക്തി എന്ന നിലക്ക് സി.ടിക്ക് ഒരുപാട് പറയാനുണ്ട് ആ വിഷയത്തില്‍. കേരളത്തിലെ അതി സമ്പന്നമായ ഗ്രാമങ്ങളില്‍ ഒന്നായി മാറിയ ഈ ദേശത്തെ ദാരിദ്ര്യത്തില്‍ നിന്നും സമ്പന്നതയിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ മുന്നേ നടന്ന വ്യക്തിയുമാണ് സി.ടി.ഒന്നോ രണ്ടോ കുടുംബങ്ങളൊഴിച്ച് ബാക്കിയെല്ലാം ദാരിദ്ര്യത്തിന്റെ പടുകുഴിയിലായിരുന്നു അക്കാലത്ത്. അവര്‍ക്ക് പേര്‍ഷ്യന്‍ മണ്ണിലേക്കുള്ള വഴികാട്ടിയായി മാറിയ സി.ടി.യുടെ ചരിത് പുസ്തകത്തിന്‍ രണ്ടാം ഘട്ടം ഗള്‍ഫ് യാത്രയും ജീവിതവുമാണ്.വിജ്ഞാനത്തിന്റെ വിദ്യാഭ്യാസത്തിന്റെ വേറിട്ട പാഠ്യരീതി കേരളത്തിനു സമ്മാനിച്ച സ്ഥാപനമാണ് ദയാപുരം അന്‍സാരി റെസിഡന്‍ഷ്യല്‍ സ്‌കൂളും യതീം ഖാനയും.യതീം ഖാന എന്ന നടപ്പുരീതികളെ പൊളിച്ചെഴുതി കേരളത്തിനു പുതിയ ചിന്താ രീതികള്‍ സമ്മാനിച്ചത് ദയാപുരമാണ്.ആ സ്ഥാപനങ്ങളുടെ അമരക്കാരനായി ജീവിതത്തിലും കര്‍മ്മ രംഗത്തും സജീവമായ സി.ടിയുടെ ആത്മകഥ ഒരു ദേശത്തിന്റെ സ്പന്ദനമായി നിറഞ്ഞു നില്‍ക്കുന്നു.കോമുക്കുട്ടിക്കാക്ക ചേന്ദമംഗല്ലൂരില്‍ വിത്തുപാകിയ ഏകാധ്യാപക വിദ്യാലയം മകന്‍ സി.ടി അബ്ദുറഹീമിലുടെ ദയാപുരം റെസിഡന്‍ഷ്യല്‍ സ്‌കൂളായും യതീംഖാനയായും വളര്‍ന്നപ്പോള്‍ മൂന്നാം തലമുറയില്‍പ്പെട്ട സി.ടി ശംസുസ്സമാനിലൂടെ യു.എ.ഇയില്‍ ഹാബിറ്റാറ്റ് സ്‌കൂളായും വളര്‍ന്ന് പന്തലിച്ചിരിക്കുന്നു.പാരമ്പര്യത്തിന്റെ കണ്ണികള്‍ വിളക്കിച്ചേരുന്നത് വിജ്ഞാനത്തിന്റെ വഴികളിലെന്നതും മഹത്തരം തന്നെ. മൂന്ന് പുസ്തകങ്ങളായി പുറത്തിറങ്ങുന്ന ആത്മകഥ ഒറ്റപ്പുസ്തകമായി പേരില്ലാത്ത ഭൂമി എന്നപേരില്‍ വായനക്കാരിലെത്തും. സി.ടി അബ്ദുറഹീം എന്ന വിദ്യാഭ്യാസ വിചക്ഷണന്റെ ജീവിതവും കര്‍മ്മ മേഖലയും ചേന്ദമംഗല്ലൂരിന്റെ നന്മയും കാഴ്ച്ചപ്പാടുമാണ്. പുറമേക്ക് കേള്‍ക്കുന്നതും കാണുന്നതും പകര്‍ത്തുന്നതുമൊന്നുമല്ല യഥാര്‍ത്ഥ ചരിത്രമെന്ന് പറയാതെ പറയുകയാണ് ഈ പുസ്തകം. തങ്ങളാണ് ചരിത്രമെന്ന് തീരുമാനിക്കുകയും അതിന്നു വേണ്ടി അര്‍ദ്ധ സത്യങ്ങള്‍ എഴുന്നള്ളിക്കുകയും ചെയ്യുന്നിടത്ത് താന്‍ അനുഭവിച്ച നാട്ടു നന്മയെ ആ പരിമളത്തോടെ ജനപക്ഷത്തു നിന്ന് പകര്‍ത്തുകയാണ് ഈ ഗ്രന്ഥം. ഗ്രാമീണതയെ അക്ഷരങ്ങളിലേക്ക് പകര്‍ത്തിയ ഗ്രന്ഥകാരന് അഭിനന്ദനങ്ങള്‍…
അമ്മാര്‍ കിഴുപറമ്പ്

0 Comments