കടലും കരയും വെന്തുരുകുന്നു. മുന്നറിയിപ്പ് സുക്ഷിക്കുക
കോഴിക്കോട്. കേരളം കനത്ത ചൂടില്‍ പൊരിയുന്നു. മാനം ചിലപ്പോള്‍ മേഘാവൃതമാണെങ്കിലും മഴ പെയ്യാത്തതാണ് കനത്ത ചൂടിന് കാരണമെന്നാണ് നാട്ടുകാരുടെ ഭാഷ്യം. പാടങ്ങളില്‍ കൊയ്ത്തും മെതിയും നടക്കുന്ന ഈ സമയത്ത് വേനല്‍ ശക്തമായത് വലിയ പ്രയാസമാണ് സൃഷ്ടിച്ചിരിക്കുന്നത്. തൊഴിലാളികളുടെ ലഭ്യത കുറവില്‍ ദുരിതം പേറിയ കൃഷിക്കാര്‍ക്ക് ബംഗാളികളായിരുന്നു ചെറിയ ആശ്വാസം. കുറഞ്ഞ കൂലിയില്‍ പാടങ്ങളില്‍ അവര്‍ പണിക്കിറങ്ങിയതോടെ ആണ് കാര്‍ഷിക രംഗം വീണ്ടും സജീവമായത്. എന്നാല്‍ ചൂട് അസഹ്യമായതോടെ ബംഗാളികളും വയലുകളില്‍ നിന്നും കരക്ക് കയറുന്നതായാണ് വാര്‍ത്ത. പല സ്ഥലത്ത് നിന്നും സൂര്യതാപമേറ്റ വാര്‍ത്തകള്‍ പുറത്തു വരുന്നതും വരും ദിവസങ്ങളില്‍ താപ തരംഗ മുന്നറിയിയിപ്പ് കാലാവസ്ഥാ കേന്ദ്രം പുറത്തു വിട്ടതുമാണ് ആശങ്കകള്‍ അധികരിപ്പിച്ചത്.ചൂട് കനത്തതിനെത്തുടര്‍ന്ന് മലപ്പുറം എടവണ്ണയില്‍ കര്‍ഷകയ്ക്ക് സൂര്യാഘാതമേറ്റു. എടവണ്ണ മുണ്ടേങ്ങര പുത്തുപ്പാടന്‍ ഉമ്മറിന്റെ ഭാര്യ ആയിഷ (45) യെയാണ് സൂര്യാഘാതമേറ്റതിനെ തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശരീരമാസകലം പൊള്ളലേറ്റതിനെ തുടര്‍ന്ന് പ്രാഥമികചികില്‍സയ്ക്കായി എടവണ്ണയിലെ ആശുപത്രിയിലും പിന്നീട് മഞ്ചേരി മെഡിക്കല്‍ കോളജിലേക്കും മാറ്റുകയായിരുന്നു. കൃഷിയിടത്തില്‍ ജോലി ചെയ്യുന്നതിനിടെ ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ആയിഷയുടെ ശരീരത്തില്‍ പൊള്ളലേല്‍ക്കുന്നത്. തുടര്‍ന്ന് ആശുപത്രിയില്‍ ചികില്‍സ തേടുകയായിരുന്നു.
കനത്ത ചൂടില്‍ കരക്കൊപ്പം കടലും കത്തുകയാമെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. പകല്‍നേരത്ത് കടലില്‍ തോണിയും ചെറുവള്ളങ്ങളും ഇറക്കാനാവാതെ വിയര്‍ക്കുകയാണ് പരമ്പരാഗത മത്സ്യത്തെഴിലാളികള്‍. കടുത്ത ചൂട് കാരണം തോണി നങ്കൂരമിടാനോ വലവിരിക്കാനോ ആവാത്ത ദുരിതത്തിലാണ് തൊഴിലാളികള്‍. അസഹ്യമായ ചൂട് മത്സ്യലഭ്യതയേയും ബാധിക്കുന്നു. സൂര്യാഘാത സാദ്ധ്യത വകവയ്ക്കാതെ അന്നന്നത്തെ അന്നത്തിനു വേണ്ടി കടലില്‍ പോകുന്നവര്‍ മിക്കപ്പോഴും വെറുംകൈയോടെയാണ് മടങ്ങുന്നത്. സാധാരണ ലഭിക്കാറുള്ള ചെറു മീനുകളുടെ ലഭ്യത ഏറെ കുറഞ്ഞിട്ടുണ്ട്.
കോഴിക്കോട് ജില്ലയില്‍ ഇന്നും നാളെയും ഉഷ്ണതരംഗാവസ്ഥക്ക് സാധ്യതയുണ്ടെന്ന് തിരുവനന്തപുരം കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഇക്കാര്യം മുന്‍കൂട്ടി അറിയിക്കുകയും പൊതുജനങ്ങള്‍ പാലിക്കേണ്ട സുരക്ഷാക്രമങ്ങള്‍ നിര്‍ദ്ദേശങ്ങളായി പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച മുന്നറിയിപ്പുകള്‍ ജനങ്ങള്‍ കൃത്യമായി പാലിക്കണം. തൊഴില്‍ ദാതാക്കളും മുന്നറിയിപ്പുകള്‍ കൃത്യമായി പാലിക്കണം. തൃശ്ശൂര്‍ മുതല്‍ കണ്ണൂര്‍ വരെയുള്ള മേഖലയിലുള്ള പൊതുജനങ്ങള്‍ ഈ സാഹചര്യം പ്രത്യേകമായി ശ്രദ്ധിക്കണമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. നിലവിലെ അനുമാനപ്രകാരം കേരളത്തില്‍ പൊതുവില്‍ 2 മുതല്‍ 4 ഡിഗ്രി വരെ ചൂട് കൂടുതല്‍ ആയേക്കാം. പാലക്കാട്, തൃശൂര്‍, മലപ്പുറം, കോഴിക്കോട് മേഖലയില്‍ ചില ഇടങ്ങളില്‍ എങ്കിലും ശരാശരിയില്‍നിന്നും 8 ഡിഗ്രിയില്‍ അധികം ചൂട് വര്‍ധിക്കുവാന്‍ സാധ്യതയുണ്ട്. മേല്‍ സാഹചര്യത്തില്‍ സൂര്യാഘാതം ഒഴിവാക്കുവാനായി പൊതുജനങ്ങള്‍ക്കായി ചുവടെ ചേര്‍ക്കുന്ന നടപടികള്‍ നിര്‍ദേശിക്കുന്നു പൊതുജനങ്ങള്‍ രാവിലെ 11 മുതല്‍ വൈകീട്ട് 3 വരെ എങ്കിലും നേരിട്ട് സൂര്യപ്രകാശം എല്‍ക്കുന്നതിന് ഒഴിവാക്കണം. നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കൈയില്‍ കരുതുക. രോഗങ്ങള്‍ ഉള്ളവര്‍ രാവിലെ 11 മുതല്‍ വൈകീട്ട് 3 വരെ എങ്കിലും സൂര്യപ്രകാശം എല്‍ക്കുന്നത് ഒഴിവാക്കുക. പരമാവധി ശുദ്ധജലം കുടിക്കുക. അയഞ്ഞ, ലൈറ്റ് കളര്‍ പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക. വിദ്യാര്‍ഥികളുടെ പരീക്ഷാക്കാലമായതിനാല്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തണം. ദുരന്തനിവാരണ അതോറിറ്റിയും ആരോഗ്യവകുപ്പും തൊഴില്‍ വകുപ്പും നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ എല്ലാവരും പാലിക്കണം. തൊഴില്‍ സമയം പുനഃക്രമീകരിച്ചു. വേനല്‍ക്കാലത്ത് താപനില ക്രമാതീതമായി ഉയരുന്നതിനാല്‍ തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യത മുന്‍നിര്‍ത്തി സൂര്യപ്രകാശം നേരിട്ട് എല്‍ക്കേണ്ടി വരുന്നു തൊഴില്‍ സമയം പുനഃക്രമീകരിച്ച് ലേബര്‍ കമ്മീഷണര്‍ ഉത്തരവിട്ടിട്ടുണ്ട്. തൊഴില്‍ദാതാക്കള്‍ ഈ നിര്‍ദേശം പാലിക്കുക.
0 Comments