മൈമൂന.


ദീപ മണ്ണാടിയില്‍…………

മ്മച്ചി മക്കളുടെ തീട്ടം കോരാനുപയോഗിക്കുന്ന പെരീന്റെലയുടെ മിനുസം കയ്യില്‍ വന്ന് ഉമ്മ വച്ചപോലെ മൈമൂനയ്ക്ക് തോന്നി. തന്റെ കൈയ്യിലെ പോറലേറ്റ് പെരീന്റെല കീറിപ്പോവുമെന്ന് കരുതി അറിയാതെ തന്നെ അവള്‍ കൈ വലിച്ചു.
കയലക്കുണ്ടന്റെ അറ്റത്തെ പുറ്റ്മണ്ണ് അടിഞ്ഞുകൂടി കുറ്റിക്കാടായ സ്ഥലത്തൊക്കെ പെരീന്റെ ചെടിയും കുടുംബവും വാസമുറപ്പിച്ചിട്ട് മൈമൂനയുടെ അത്രയും കാലമായിട്ടുണ്ട്. മൈമൂന കാണുന്ന അന്നുമുതല്‍ പെരീയും കുടുംബവും അവിടെത്തന്നെയുണ്ട്. അതിനര്‍ത്ഥം മൈമൂന ജനിക്കുന്നതിന്റെ മുന്നേതന്നെ അതവിടെയുണ്ടെന്നതാണ്. മൈമൂമയുടെ തീട്ടവും പെരീന്റെല കൊണ്ടുതന്നെയാണ് കോരിയത്. മൈമൂനയുടെ താഴെയുള്ള കുട്ട്യോള്‍ടേതും അങ്ങനെത്തന്നെ. അവരുടെ കാലമായപ്പോഴെല്ലാം പെരീന്റെല പറിക്കുന്ന ജോലി മൈമൂനയുടേതായിരുന്നു.
ഇടവിട്ട കൊല്ലങ്ങളില്‍ പൊരേലെ അംഗസംഖ്യ കൂടുന്നതിനാല്‍ പെരീന്റെലയ്ക്ക് ആവശ്യംകൂടും. അവശ്യസാധനങ്ങളുടെ പട്ടികയില്‍ പെരീന്റെല ഉള്‍പ്പെട്ടിരുന്നു. പെറ്റുകിടക്കുന്ന ഉമ്മച്ചിക്ക് കയലക്കുണ്ടവരെ പോവാന്‍ കയ്യാത്തോണ്ട് മൈമൂന കയലക്കുണ്ടവരെ പോയി എല പറിയ്ക്കാനായ കാലംതൊട്ട് അതവളുടെ പണിയാണ്. തന്റെ തൊട്ട് താഴെയുള്ള രണ്ടെണ്ണത്തിന്റേതൊഴിച്ച് ബാക്കി എട്ടെണ്ണത്തിന്റേതും മൈമൂന പറിച്ച എലകളാണ് കാര്യങ്ങള്‍ നടത്തിപ്പോന്നത്. അന്നൊക്കയും അവള്‍ പെരീന്റെല പറിച്ച് പൊരേലേയ്ക്ക് നടക്കുമ്പോള്‍ മുഖത്തുരസാറുണ്ടായിരുന്നു. അതിന്റെ മിനുസം അവള്‍ക്കൊരു ഹരമായിരുന്നു. പുളിക്കാലമായാല്‍ ചുട്ട പുളിങ്കുരുവും തൊള്ളേലിട്ടാണവളുടെ നടത്തം. എല പറിച്ചുവരുമ്പോഴേക്കും പുളിങ്കുരു പുതര്‍ന്നിട്ടുണ്ടാവും.
അന്നൊക്കെ ആര്‍ക്കേലും ക്ഷീണമോ,അസുഖമോ ഉണ്ടെങ്കില്‍ മരുന്നിനു പോവലും മൈമൂനയായിരുന്നു. അങ്ങേലെ കദീശുമ്മയുടെ വീടാണ് ആ ഇട്ടാവട്ടത്തുള്ള എല്ലാവരുടെയും മരുന്നുകേന്ദ്രം. കദീശുമ്മ ആസ്ഥാന വൈദ്യത്തിയും. ആകെ രണ്ട് മൂന്ന് മരുന്നുമാത്രമേ ഉള്ളൂവെങ്കിലും ആളുകള്‍ക്കെല്ലാം ഈ വൈദ്യത്തിയില്‍ വല്യ വിശ്വാസമായിരുന്നു. ഫീസാവശ്യപ്പെടാത്ത ഈ ഡോക്ടര്‍ ഇന്നും മൈമൂനയുടെ മനസ്സിലെ വലിയ സോഷ്യലിസ്റ്റാണ്. അങ്ങാടീല്‍ നാരായണന്‍ വൈദ്യരുടെ മരുന്നുപീട്യണ്ടേലും പൈസ കൊടുക്കേണ്ടതിനാല്‍ പൈസക്കാരൊഴിച്ച് മിക്കവരും അങ്ങോട്ടുപോവുന്നത് കുറവാണ്. നാരായണന്‍വൈരദ്യരായതുകൊണ്ട് മൈമൂനയ്ക്ക് കദീശുമ്മ വൈദ്യത്തിയായിരുന്നു. കദീശുമ്മ വൈദ്യത്തിയുടെ അടുത്ത് മരുന്നിനു പോവുമ്പോള്‍ ഒരു ചെറിയ ഉള്ളിയും ചുവന്ന മുളകും ഒരു നുള്ള് ഉപ്പും കൊണ്ടുപോകണം. അതല്ലെങ്കില്‍ ഇത്തിരി പഞ്ചസാരയോ ഇത്തിരി പച്ചവെള്ളമോ കരുതണം. ഇതിലേക്ക് കദീശുമ്മ ആഞ്ഞ് ഊതുമ്പോള്‍ അത് മരുന്നായി മാറുകയാണ് പതിവ്.
ഊതുമ്പോള്‍ ഈ പ്രപഞ്ചത്തിലെ സകല ചരാചരങ്ങളെയും വലിച്ചെടുക്കുന്ന ഭാവത്തോടെ കണ്ണടച്ചിരുന്ന് മന്ത്രങ്ങള്‍ വിഴുങ്ങുന്ന കദീശുമ്മയുടെ ചുറ്റും ഓറയുള്ളതായി മൈമൂന കാണാറുണ്ട്. കദീശുമ്മ ഊതുന്നതിനനുസരിച്ച് മൈമൂനയുടെ കണ്ണുകളാണ് തുറിച്ചുവരിക. ഏതെങ്കിലും ഇലയിലോ തുണ്ട്കടലാസിലോ പൊതിഞ്ഞുതരുന്ന മരുന്നുമായി പുതുതായി താനെന്തോ കണ്ടുപിടിച്ച ഭാവത്തിലാണ് മൈമൂനയുടെ പായല്‍. ഇത്തരം പായലിനിടയില്‍ എത്രയോ വട്ടം മൈമൂനയുടെ കാല്‍വിരലുകള്‍ വെച്ചുകുത്തി പൊട്ടീട്ടുണ്ട്. കമ്മ്യൂണിസ്റ്റ് അപ്പ ഞെരടിത്തേച്ച് പിന്നേം പായുമ്പോള്‍ അറിയാത്ത വേദന പൊട്ടിയ നഖം പിന്നേയും തട്ടുമ്പോഴാണ് മൈമൂന അറിയാറുള്ളത്. അപ്പോഴൊക്കെ മൈമൂന സ്വര്‍ഗവും നരകവും ഒരുമിച്ച് കാണാറുണ്ട്.
വര്‍ഷങ്ങള്‍ക്കിപ്പുറം മൈമൂന ജോലിചെയ്യുന്ന ഡേ കെയറിലേക്കുള്ള ബസ് യാത്രയിലിരുന്ന് ഓര്‍മകളിലേക്ക് ഓടുകയാണ്. മരുഭൂമിയില്‍ തണുത്ത കാറ്റ് വീശുന്ന സുഖം മൈമൂന അറിയുന്നത് ഈ ബസ് യാത്രയിലാണ്. കുടകില്‍ ഏക്കറുകണക്കിന് പച്ചക്കറികൃഷിയുള്ള പുത്യാപ്ലേന്റെകൂടെ ആദ്യമായി ജീപ്പില്‍പോവുമ്പോള്‍ മഞ്ഞുകാറ്റുവീശിയിട്ടും മൈമൂനയ്ക്ക് ഒന്നും തോന്നിയിരുന്നില്ല.
രണ്ടു വര്‍ഷത്തെ കുടകുവാസം സത്യത്തില്‍ രണ്ടുവര്‍ഷത്തെ വീട്ടുജോലിയായിരുന്നു. വീട്ടുജോലിയില്‍നിന്ന് പിരിച്ചുവിട്ട യജമാനനെ ചവര്‍പ്പോടുകൂടിമാത്രമേ മൈമൂനയ്ക്ക് ഓര്‍ക്കാന്‍ കഴിയൂ. ആറുകൊല്ലത്തെ സ്‌കൂള്‍പോക്ക് നിന്നത് പണ്ടാറക്കാലന്‍ കുടകിലെ പുത്യാപ്ലേന്റെ വരവോടുകൂടിയാണ്. മലയാള പാഠാവലിയിലെ കഥ വായിക്കാനേറെ ഇഷ്ടപ്പെട്ടിരുന്ന മൈമൂന കുടകിലേക്ക് പോയതുമുതല്‍ സാക്ഷരതാക്ലാസില്‍ പോവാന്‍ തുടങ്ങുന്നതുവരെ കഥകളൊന്നും വായിച്ചിരുന്നില്ല.
കുടകില്‍നിന്ന് എന്നന്നേക്കുമായി തിരിച്ചുവന്നപ്പോഴും ഉമ്മച്ചി പെറ്റ് കിടക്കായിരുന്നു. അന്നുമുതല്‍ അവള്‍ വീണ്ടും പെരീന്റെല പറിക്കാന്‍ തുടങ്ങി. കദീശുമ്മ മരിക്കുന്നതുവരെയും മരുന്നിനുപോയി. തന്റെ താഴെയുള്ള മക്കളുടെ താത്തമ്മച്ചിയായി ജീവിച്ചു. അവരുടെ താത്തയായിരുന്ന മൈമൂന മിക്കപ്പോഴും അവരുടെ ഉമ്മച്ചികൂടിയായിരുന്നു. അങ്ങനെയാണവള്‍ താത്തമ്മച്ചിയായി മാറിയത്. താത്തമ്മച്ചിയുടെ മക്കളെല്ലാം ഓരോ വഴിക്കായപ്പോഴും രണ്ടാംകല്യാണത്തെക്കുറിച്ച് പലരും പറഞ്ഞിട്ടും അവളൊരിക്കലും അത് കേട്ടതായി നടിച്ചില്ല. കുടകിലെത്തിയ അന്നുതന്നെ കല്യാണമവള്‍ക്ക് പേടി സ്വപ്‌നമായിമാറിയിരുന്നു. അന്നേ അവിടുന്നെങ്ങനെ രക്ഷപ്പെടാമെന്നതായിരുന്നു അവളുടെ ചിന്ത.
‘മ്മച്ച്യൂടി മീസാന്‍ കല്ലിനടീലായാല്‍ പിന്നെന്‍ക്കാരാടീ ണ്ടാവാ’
മ്മച്ചി നിത്യം ചോയിക്കണ ചോദ്യായിരുന്നു ഇത്.
മ്മച്ച്യൂടി മീസാന്‍കല്ലിനടീലായാല്‍ പിന്നന്‍ക്കാരാടീ ണ്ടാവാന്ന് ചോയിച്ച് ചോയിച്ച് മ്മച്ചീന്റെ കാലം കഴിഞ്ഞു. അപ്പോഴാണ് ബഹളത്തിന്റെ താളം മൈമൂനയറിഞ്ഞത്. എല്ലാരും ഉണ്ടായിരുന്നൊരു കാലത്ത് ഇത്തിരി നേരം ശബ്ദമില്ലാതിരിക്കാന്‍ മൈമൂന ഒരുപാട് കൊതിച്ചിരുന്നു. പതിനൊന്ന് മക്കളും അവരുടെ തൊണകളും കുട്ട്യോളും അടങ്ങിയ കുന്നുമ്മല്‍ തറവാടിന്റെ വ്യാപനം ആ നാട്ടിലെ ചെറിയൊരു സംഗതിയല്ല. വിവിധ കൈവഴികളായി ഒഴുകുന്ന പുഴ തന്നെയായിരുന്നു. എങ്കിലും താത്തമ്മച്ചിയില്‍ നിന്ന് അങ്ങനൊരൊഴുക്കുണ്ടായില്ല.
താത്തമ്മച്ചിയും പഴയ വീടും മാത്രം ബാക്കിയായപ്പോഴാണ് പുറംലോകത്തെക്കുറിച്ച് കൂടുതലറിയണമെന്ന തോന്നല്‍ മൈമൂനക്കുണ്ടായത്. അങ്ങനെയാണ് നാല്‍പത്തഞ്ചാം വയസ്സില്‍ വീണ്ടും മൈമൂന പുസ്തകം കയ്യിലെടുത്തത്.
മൈമൂന വീണ്ടും കുട്ടിയായി. ഞായറാഴ്ചകളില്‍ മാത്രം ക്ലാസില്‍ പോയും അല്ലാത്ത ദിവസങ്ങളില്‍ വീട്ടിലിരുന്നും അവള്‍ പാഠങ്ങള്‍ അത്യാര്‍ത്തിയോടെ തിന്നുതീര്‍ത്തു.
ഏഴാംക്ലാസ് തുല്യതാപരീക്ഷ തകര്‍പ്പന്‍ വിജയത്തില്‍ പാസായ മൈമൂന തുടര്‍ന്ന് പത്തും പാസായി. പത്തിലെ ചങ്ങായി സുന്ദരനാണ് മൈമൂനക്ക് ടൗണിലെ ഡേ കെയറിലെ ജോലിയെക്കുറിച്ച് വിവരം നല്‍കിയത്. ആദ്യമൊക്കെ ജോലിക്ക് പോകുന്നതിനെക്കുറിച്ച് മൈമൂനക്ക് ചിന്തിക്കാനേ പറ്റിയിരുന്നില്ല. എത്രയോ ദിവസം കാറ്റുപോലെ വന്നും പോയുമിരിക്കുന്ന ഉറക്കത്തിനിടയില്‍ കൂട്ടിയും കിഴിച്ചും അവളുത്തരം കണ്ടെത്തി. പോയി നോക്കാം. എന്നാലല്ലെ പൊരക്കപ്പുറമുള്ള ലോകമൊന്ന് കാണാന്‍ പറ്റൂ. കൊറേ കുട്ട്യേളുണ്ടാവല്ലോ എന്നതായിരുന്നു അവളെ ആകര്‍ഷിച്ച ഘടകം. പെറ്റിട്ടില്ലെങ്കിലും കുട്ട്യോളെ ആലോചിക്കുമ്പോഴേക്കും മൈമൂനയുടെ നെഞ്ചുംകൂട് പിടയ്ക്കും. താത്തമ്മച്ചിയുടെ ജീവിതം അങ്ങനെയായിരുന്നു.
വലിയ അമ്പരപ്പോടുകൂടിയാണവള്‍ ഡേ കെയറിലെ മാനേജറുടെ മുറിയില്‍ നിന്ന് പുറത്തിറങ്ങിയിരുന്നത്. തനിക്കീ പണി വേണ്ടെന്നുപറഞ്ഞ് തിരിച്ചു നടക്കാനവള്‍ക്കു തോന്നി. മാനേജര്‍ നല്‍കിയ വിവരണം കേട്ട് ആശ്ചര്യംതോന്നിയെങ്കിലും ഒന്നും പുറത്തുകാണിക്കാതെ അവള്‍ പിടിച്ചുനിന്നു.
മാനേജര്‍ കൂടെ വന്ന് ഡേ കെയറിന്റെ എല്ലാ ഭാഗവും വിശദമാക്കി. ചതുരപ്പെട്ടിയില്‍ ആറ് മാസത്തിനൂം മൂന്നു വയസ്സിനും ഇടയ്ക്ക് പ്രായമുള്ള നൂറ്റിയന്‍പത് കുട്ടികള്‍. ചില്ലുകൂടുകളില്‍ നില്‍ക്കുകയും ഇരിക്കുകയും കിടക്കുകയും ചെയ്യുന്ന കുട്ടികള്‍. ഓരോ പെട്ടിക്കും നമ്പറുകള്‍. എല്ലാ പെട്ടിയിലും കുട്ടികളുടെ വികാരങ്ങള്‍ അപ്പപ്പോള്‍ തിരിച്ചറിഞ്ഞ് ശബ്ദം പുറപ്പെടുവിക്കുന്ന യന്ത്രം. ശബ്ദത്തിനനുസരിച്ച് പ്രവര്‍ത്തിക്കാന്‍ മൈമൂനയെപ്പോലെ പതിനഞ്ച് ആളുകള്‍. വിശക്കുന്നവര്‍ക്ക് ഭക്ഷണം കൊടുക്കാന്‍ ഒരാള്‍. പാനീയങ്ങള്‍ കൊടുക്കാന്‍ ഒരാള്‍. അസുഖക്കാര്‍ക്ക് മരുന്നുകൊടുക്കാന്‍ ഒരാള്‍.
കുട്ടികള്‍ തമ്മില്‍ കളിയില്ല ചിരിയില്ല. പെട്ടെന്ന് മൈമൂനക്ക് ഓര്‍മ വന്നത് സാക്ഷരതാക്ലാസില്‍ നിന്ന് ഒരു ദിവസത്തെ വിനോദയാത്ര പോയപ്പോള്‍ കണ്ട മൃഗശാലയാണ്.
കൈകാലുകള്‍ വിറച്ചുകൊണ്ടവള്‍ വാഷ് റൂമിലേക്ക് കയറി. ‘പടച്ച റബ്ബേ എത്തായിത്’എന്നാത്മഗതം നടത്തി നെടുവീര്‍പ്പിട്ടു. തന്റെ പൊരേല് പതിനൊന്നെണ്ണം വളര്‍ന്നതെങ്ങനെയെന്ന് ഓര്‍ത്ത് ആശ്വസിച്ചു.
മൈമൂനയെപ്പോലെയുള്ള പതിനഞ്ചാളുകള്‍ക്കിടയിലെ ഒരാള്‍ വന്ന് ‘മാഡം താങ്കളുടെ ഡ്യൂട്ടി ഡയപ്പര്‍ ചേയ്ഞ്ചിങ്ങാണ്’എന്നു പറഞ്ഞുനിര്‍ത്തി. അന്തംവിട്ട് നോക്കി നിന്ന മൈമൂനക്ക് കാര്യം മനസ്സിലായില്ലെന്നു കരുതി അവര്‍ വീണ്ടും പറഞ്ഞു.
‘മൂത്രം, അപ്പി എന്നിവയൊക്കെ ആയാല്‍ കഴുകി വൃത്തിയാക്കി ശരീരത്തിലാവാതിരിക്കാന്‍ വെക്കുന്ന….’
‘ഉം. മനസ്സിലായി’. മൈമൂന ഉരുവിട്ടു.
മൈമൂനയുടെ ജോലിക്കും മരുന്നുകൊടുക്കാനും ഭക്ഷണം കൊടുക്കാനുമെല്ലാം ഓരോ റൂമാണ്.
മരുന്നുറൂമിലെ മരുന്നുകള്‍ കണ്ടപ്പോള്‍ മൈമൂനക്ക് കദീശുമ്മയെ ഓര്‍മ്മ വന്നു. ഇവിടെ ചുരുങ്ങിയത് മുന്നൂറ് മരുന്നെങ്കിലും കാണും. കദീശുമ്മ തരുന്ന മൂന്നുതരം മരുന്നുകളോര്‍മ്മ വന്നു. മൈമൂനയുടെ റൂമിലെ നിരത്തിവച്ച ഡയപ്പറുകള്‍ കണ്ടപ്പോള്‍ പെരീന്റെല ഓര്‍മ്മ വന്നു.
ആ റൂമിലെ മണം മൈമൂനയെ വല്ലാതെ ശ്വാസം മുട്ടിച്ചു. ആ മണത്തില്‍ നിന്നെപ്പോഴും പെരീന്റെല നിറഞ്ഞുനിന്ന കയലക്കുണ്ട വരെ അവളെത്തും. കയലക്കുണ്ട വരെയുള്ള സഞ്ചാരം അവളെ ആ ജോലിയില്‍ നിലനിര്‍ത്തി.
കുട്ടികള്‍ ‘അപ്പി’യിട്ടാല്‍ യന്ത്രം പുറപ്പെടുവിക്കുന്ന ശബ്ദം കേള്‍ക്കുമ്പോള്‍ മാത്രമേ അവള്‍ കുട്ടികളെ കണ്ടിരുന്നുള്ളു. ചിരിയും കരച്ചിലുമില്ലാത്ത നിര്‍വികാരതയുള്ള മുഖവുമായിരിക്കുന്ന ഓരോ കുട്ടിയുടെയും അപ്പിച്ചന്തി വൃത്തിയാക്കി പുതിയ ഡയപ്പര്‍ വെക്കുന്നതിനുമുന്‍പ് ഡയപ്പറിന്റെ ഉള്‍ഭാഗം മുഖത്തുരസി നോക്കാന്‍ മൈമൂന മറക്കാറില്ല. എപ്പോഴെങ്കിലും ഉമ്മച്ചി തീട്ടം കോരാനുപയോഗിച്ച പെരൂന്റെലയുടെ മിനുസം അനുഭവിക്കാനാകുമെന്ന തോന്നലില്‍ എന്നും അവളതു തുടര്‍ന്നുകൊണ്ടേയിരുന്നു.

deepamannadiyil91@gmail.com

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar