വൃദ്ധ ദമ്പതികളെ കൊല:വീട്ടുവേലക്കാരിയുംമകനും അറസ്റ്റില്‍

ഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ അമര്‍ കോളനിയില്‍ വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തി ഒമ്പതു ലക്ഷം രൂപയും സ്വര്‍ണാഭരണങ്ങളും കവര്‍ന്ന കേസില്‍ വീട്ടുവേലക്കാരിയും അവരുടെ കൗമാരക്കാരനായ മകനും അറസ്റ്റില്‍. പെട്ടെന്ന് പണം സമ്പാദിക്കാനാണ് വേലക്കാരിയും മകനും കൊലപാതകവും കവര്‍ച്ചയും ആസൂത്രണം ചെയ്തതെന്ന് പോലിസ് പറഞ്ഞു. വീട്ടുകാരുമായി അടുത്ത ബന്ധം പൂലര്‍ത്തിയിരുന്ന ഇരുവരുടേയും അറസ്റ്റ് ബന്ധുക്കളേയും അയല്‍വാസികളേയും ഞെട്ടിച്ചിരിക്കുകയാണ്. ഈ മാസം 26ന്് 77കാരനായ വീരേന്ദര്‍ കുമാര്‍ കനേജയേയും 72കാരിയായ ഭാര്യ സരളയെയും കാണാനില്ലെന്ന വിവരം ലഭിച്ച പോലിസ് ദമ്പതികള്‍ താമസിക്കുന്ന മൗണ്ട് കൈലാഷിലെ ഫ്ഌറ്റില്‍ പരിശോധനയ്ക്ക് എത്തിയപ്പോള്‍ ഫഌറ്റ് അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. ഇവരുടെ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആയിരുന്നുവെന്നും ഡപ്യൂട്ടി കമ്മീഷണര്‍ ഓഫ് പോലിസ് (സൗത്ത് ഈസ്റ്റ്) ചിന്‍മോയി ബിഷ്‌വാല്‍ പറഞ്ഞു. ബന്ധുക്കളുടെയും അയല്‍വാസികളുടേയും അഭ്യര്‍ഥന മാനിച്ച് പൂട്ട് തകര്‍ത്ത് അകത്ത് കടന്ന പോലിസിന് കാണാനായത് തറയില്‍ കിടക്കുന്ന ഇരുവരുടേയും മൃതദേഹങ്ങളായിരുന്നു. ഇവരുടെ മകന്‍ ഡോ. അമിത് കനേജ യുഎസിലാണ്. അയല്‍വാസികളുമായി ഇവര്‍ക്ക് കാര്യമായ ബന്ധമുണ്ടായിരുന്നില്ല. ആഴ്ചയില്‍ ഒന്നു രണ്ടു തവണ ഫഌറ്റിലെത്തി പുറംപണികളും മറ്റു ചെയ്യുന്ന പാര്‍ട്ട് ടൈം വേലക്കാരിയെ അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തില്‍ ഇവര്‍ക്കുള്ള പങ്ക് പുറത്തായത്. സംഭവത്തില്‍ തനിക്കൊരു പങ്കുമില്ലെന്ന ആവര്‍ത്തിച്ച് വ്യക്തമാക്കിയ വേലക്കാരി കള്ളമൊഴി നല്‍കി പോലിസിനെ തെറ്റിദ്ധരിപ്പിക്കാനും ശ്രമിച്ചു. എന്നാല്‍, സിസിടിവി കാമറ ദൃശ്യങ്ങളില്‍ പതിഞ്ഞ വീട്ടിലേക്ക് പ്രവേശിക്കുന്ന കൗമാരക്കാരനെ ചുറ്റിപറ്റിയുള്ള അന്വേഷണത്തിലാണ് കൊലപാതകവിവരം ചുരുളഴിഞ്ഞത്. ദൃശ്യങ്ങളില്‍ കണ്ട യുവാവ് വേലക്കാരിയുടെ മകനാണെന്ന് പോലിസ് തിരിച്ചെറിഞ്ഞെങ്കിലും തുടക്കത്തില്‍ തന്റെ മകനാണെന്ന കാര്യം അവര്‍ നിഷേധിച്ചു. എന്നാല്‍, ശാസ്ത്രീയമായ ചോദ്യം ചെയ്യലില്‍ ഇരുവരും കുറ്റംസമ്മതിക്കുകയായിരുന്നു. കൊലപാതകം നടക്കുന്നതിന്റെ ദിവസങ്ങള്‍ക്കു മുമ്പ് ഖനേജ വീട്ടിലെ ലോക്കറില്‍ പണം സൂക്ഷിക്കുന്നത് വേലക്കാരി കണ്ടിരുന്നു. ജനുവരി 18ന് സരളയെ കാണാന്‍ കാണാനായി വീട്ടിലെത്തിയ വേലക്കാരി തന്റെ മകന് പ്രവേശിക്കാന്‍ വാതില്‍ തുറന്നു നല്‍കി. തുടര്‍ന്ന് ഇയാള്‍ ഫഌറ്റില്‍ പ്രവേശിക്കുകയും അകത്തെ മുറിയില്‍ ഒളിച്ചിരിക്കുകയും ചെയ്തു. ജോലി പൂര്‍ത്തിയാക്കി വേലക്കാരി വീട്ടില്‍നിന്നിറങ്ങിയതിനു പിന്നാലെ, ഖനേജയും സാധനങ്ങള്‍ വാങ്ങാനായി വീട് വിട്ടിറങ്ങിയിരുന്നു. ഈ തക്കത്തില്‍ മുറിയില്‍നിന്നു പുറത്തിറങ്ങിയ വേലക്കാരിയുടെ മകന്‍ സരളയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി കയ്യിലുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കി. തുടര്‍ന്ന് രാത്രി 8.30ഓടെ തിരിച്ചെത്തിയ ഖനേജ കോളിങ് ബെല്‍ അടിച്ചെങ്കിലും ആരും തുറക്കാതായതിനെതുടര്‍ന്ന് തന്റെ കയ്യിലുള്ള മറ്റൊരു താക്കോല്‍ ഉപയോഗിച്ച് വാതില്‍തുറന്ന് അകത്ത് പ്രവേശിച്ചതോടെ ചാടി വീണ പ്രതി കനേജയെ കൊലപ്പെടുത്തി ഡ്രോയറുടെ താക്കോള്‍ കൈക്കലാക്കി പണവും ആഭരണങ്ങളും കവര്‍ച്ച നടത്തുകയായിരുന്നു.പ്രതികളില്‍നിന്ന് ഒമ്പതു ലക്ഷം രൂപയും സ്വര്‍ണാഭരണങ്ങളും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും പോലിസ് കണ്ടെടുത്തു.

https://www.thejasnews.com/sublead/domestic-help-teen-son-arrested-for-couples-murder-at-south-delhi-home-100247

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar