ഡോളറിനെതിരെ രൂപയുടെ മൂല്യം 72ല്‍ എത്തി.

മുബൈ : ചരിത്രത്തില്‍ ആദ്യമായി ഡോളറിനെതിരെ രൂപയുടെ മൂല്യം 72ല്‍ എത്തി. ഇതു തുടര്‍ച്ചയായ ഏഴാം തവണയാണ് രൂപയുടെ മൂല്യത്തില്‍ കനത്ത ഇടിവുണ്ടാകുന്നത്. വ്യാപാര വേളയില്‍ ഒരു ഘട്ടത്തില്‍ 72.11 എന്ന നില വരെ എത്തി. 2016 മേയ് മാസത്തിനു ശേഷമുള്ള ഏറ്റവും വലിയ ഇടിവാണ് ഇന്നലെ രേഖപ്പെടുത്തിയത്.
എക്കാലത്തെയും ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് രൂപയുടെ മൂല്യം താഴ്ന്നിട്ടും റിസര്‍വ് ബാങ്ക് ഇടപെടല്‍ ഉണ്ടായിട്ടില്ല. രൂപയുടെ ഇടിവിനു പിന്നില്‍ ഇന്ത്യയുടേതായ കാരണങ്ങളല്ലാത്തതിനാല്‍ ഇടപെടില്ലെന്നു കേന്ദ്ര സര്‍ക്കാര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
ചൈനക്ക് പുറമെ കാനഡ പോലെയുള്ള പല രാജ്യങ്ങളുമായും അമേരിക്ക വ്യാപാര യുദ്ധത്തിലേക്കു നീങ്ങുകയാണെന്ന ആശങ്ക ആഗോള നിക്ഷേപകരെ സ്വാധീനിക്കുന്നതാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ കറന്‍സികളെ ബാധിച്ചത്.
നിക്ഷേപകര്‍ ഇവിടങ്ങളില്‍നിന്നു പണം പിന്‍വലിച്ച് സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ അമേരിക്കയിലേക്കും ഡോളറിലേക്കും മാറ്റാന്‍ തുടങ്ങിയതോടെ ഡോളറിനു കരുത്തു കൂടിയെങ്കിലും മറ്റു കറന്‍സികള്‍ ക്ഷീണത്തിലായി. പല വികസ്വര രാജ്യങ്ങളിലും കറന്‍സിക്കു ഭീമമായ ഇടിവു സംഭവിച്ചിട്ടുണ്ട്. അര്‍ജന്റീന, തുര്‍ക്കി, ദക്ഷിണാഫ്രിക്ക, ഇന്തൊനീഷ്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളിലെ കറന്‍സികളുടെയും മൂല്യം ഇടിയുകയാണ്.
ചൈനയ്ക്ക് മേല്‍ കൂടുതല്‍ താരിഫ് ചുമത്താന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തീരുമാനിച്ചതിനെ തുടര്‍ന്നാണ് പെട്ടെന്ന് രൂപയുടെ മൂല്യം ഇടിഞ്ഞത്.
ഒമ്പതു പൈസ നേട്ടത്തോടെ 71.66ലാണ് രൂപ ഡോളറിനെതിരെ ഇന്നലെ രാവിലെ വ്യാപാരം ആരംഭിച്ചത്. കയറ്റുമതിക്കാരും ബാങ്കുകളും ഡോളര്‍ വിറ്റഴിച്ചത് രൂപയ്ക്ക്
നേട്ടമായെന്നായിരുന്നു രാവിലത്തെ വിലയിരുത്തല്‍. എന്നാല്‍ ഉച്ചയ്ക്ക് ശേഷം സ്ഥിതിഗതികള്‍ മാറി മറിഞ്ഞു. ചൈന-അമേരിക്ക വ്യാപാര യുദ്ധമാണ് പെട്ടന്ന് വീണ്ടും തിരിച്ചടി ആയത്.
0 Comments