കൊലപാതക രാഷ്ട്രീയത്തിലെ, രാഷ്ട്രീയം. ഇ.കെ. ദിനേശന്‍

മനുഷ്യവംശത്തിന്റെ സര്‍വ്വോന്മുഖമായ പുരോഗതിക്ക് എക്കാലത്തും കാരണമായത് രാഷ്ട്രീയ പ്രവര്‍ത്തനമാണ്. അതാണ് മനുഷ്യന്റെ സാമൂഹികവും സാംസ്‌കാരികവും ബൗദ്ധികവുമായ വളര്‍ച്ചയെ നിര്‍ണയിച്ചത്.
സാമൂഹിക ജീവിതത്തില്‍ രാഷ്ട്രീയ ഇടപെടല്‍ നടത്തുന്ന പങ്കിനെ എക്കാലത്തും സമൂഹം ബഹുമാനിച്ചിട്ടുണ്ട്. രാഷ്ട്രീയത്തെ തള്ളിപ്പറയുമ്പോഴും ജനാധിപത്യത്തില്‍ ജനം ഇടപെടുന്നത് അതുകൊണ്ടാണ്. എന്നാല്‍ അതേ രാഷ്ട്രീയം മനുഷ്യ ജീവനെ പച്ചയില്‍ കുത്തി കൊന്ന് തള്ളുമ്പോള്‍ മേല്‍ സൂചിപ്പിച്ചതിന്റെ നിര്‍വ്വചനം മാറുകയാണ്.അവിടെ എങ്ങിനെയാണ് അക്രമ രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്ര പരിസരങ്ങളെ പരിശോധിക്കേണ്ടത്?
കൊലപാതക രാഷ്ട്രീയത്തിന്റെ ലക്ഷ്യം അധികാര രാഷ്ട്രീയമാണ്. അതുകൊണ്ടാണ് കേരളത്തില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ വളരുന്നത്. അതില്‍ ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയെ തിരഞ്ഞ് പിടിച്ച് തിരുത്താന്‍ ശ്രമിച്ചാല്‍ നടക്കില്ല.വേണ്ടത് ഓരോ രാഷ്ട്രീയ പാര്‍ട്ടിയും ക്രിമിനല്‍ രാഷ്ട്രീയ പ്രവര്‍ത്തകരെ ആദ്യം പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയാണ്. ഏതൊക്കെ പാര്‍ട്ടികള്‍ക്ക് അതിന് കഴിയും?
രാഷ്ട്രീയ കൊലപാതകത്തിലെ പ്രതികള്‍ക്ക് ഭരണകൂടങ്ങള്‍ നല്‍കുന്ന പരിഗണന അവസാനിപ്പിക്കണം. കൊലപാതകം എന്തിന്റെ പേരില്‍ നടന്നാലും കൊന്നവര്‍ ശിക്ഷ അനുഭവിക്കുക തന്നെ വേണം. എന്നാല്‍ പലപ്പോഴും അവര്‍ക്ക് കിട്ടുന്ന രാഷ്ട്രീയ പരിഗണനയാണ് കൊലപാതകങ്ങള്‍ നടത്താന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ധൈര്യം നല്‍കുന്നത് .അവരുടെ കുടുംബത്തിന്റെ ഭാവിപോലും പാര്‍ട്ടി ഏറ്റെടുക്കുന്നതോടെ കൃത്യനിര്‍വ്വഹണത്തിന് അണികള്‍ തയ്യാറാവുകയാണ്. ഇത് പാടില്ല. ഇത്തരക്കാരെ പൂര്‍ണ്ണമായും അവഗണിച്ചാല്‍ മാത്രമേ ചാവേറുകളെ തോല്‍പ്പിക്കാന്‍ കഴിയൂ.
പുരോഗമന രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ അവര്‍ മുന്നോട്ട് വെക്കുന്ന മാനവികതാ ബോധത്തിന് നൂറ് ശതമാനം വിരുദ്ധമാണ്. ആശയ സംവാദത്തിന് ജനാധിപത്യത്തിന്റെ സര്‍വ്വ വാതിലുകളും തുറന്നു കിടക്കുമ്പോള്‍ എതിര്‍ ആശയത്തില്‍ വിശ്വസിക്കുന്നവരെ കൊന്നു തള്ളാന്‍ പാടില്ല.
അധികാരങ്ങളുടെ സ്ഥാപനവല്‍ക്കരണത്തിന് മനുഷ്യര്‍ തടസ്സായി അനുഭവപ്പെടുന്നുണ്ടെങ്കില്‍ ആ അധികാരത്തെ ബലപ്പെടുത്തുന്ന ആശയനത്തിന് എന്തൊ കുഴപ്പമുണ്ട്. അത് ഏത് ആശയമായാലും ശരി.
നിലവില്‍ കത്തിക്ക് ഇരയായത് കോണ്‍ഗ്രസ് ആശയത്തില്‍ വിശ്വസിക്കുന്ന യുവാക്കളാണ്. കാരണക്കാരായി ചൂണ്ടിക്കാണിക്കുന്നത് കമ്മ്യൂണിസ്റ്റ് ആശയത്തിലുള്ളവരും. ഇത്തരം ഘട്ടത്തില്‍ പതിവായി പറയാറുള്ളത് ”നേരത്തെ ഞങ്ങളുടെ സഖാക്കളും ഇതേപോലെ കത്തിക്ക് ഇരയായിട്ടുണ്ട് എന്നാണ് ‘പരസ്പരം ഉന്നയിക്കുന്ന

ഈ യുക്തിയെ പിന്തുണക്കാന്‍ കഴിയില്ല. നേരത്തെ നടന്നതിന്റെ തുടര്‍ച്ച അതേ രീതിയില്‍ തന്നെ നടക്കണം എന്നതിനര്‍ത്ഥം രാഷ്ട്രീയ ആശയങ്ങള്‍ മനുഷ്യരെ ശരിയായ ബോധങ്ങളിലേക്ക് നയിക്കുന്നില്ല എന്നാണ്. ഇത്തരം ഘട്ടങ്ങളില്‍ എന്തുകൊണ്ട് പാര്‍ട്ടിക്കുള്ളില്‍ ഇത്തരം വിഷയത്തിലുള്ള ആശയപരമായ സംവാദങ്ങള്‍ നടക്കുന്നില്ല?
രാഷ്ട്രീയ പാര്‍ട്ടികള്‍ മനുഷ്യന്റെ ഉയര്‍ച്ചക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത് എന്നു പറയുമ്പോള്‍ തന്നെയാണ് മനുഷ്യരെ കൊന്നു തള്ളുന്നത്.! അവിടെ രാഷ്ട്രീയപാര്‍ട്ടികളുടെ പ്രത്യയശാസ്ത്രങ്ങള്‍ ജനാധിപത്യ വിരുദ്ധമാവുകയാണ്. ഇതിനെ തള്ളിപ്പറയാന്‍ കഴിയണം.
ആശയ സംവാദങ്ങള്‍ക്കായി സമൂഹത്തെ പാകപ്പെടുത്തേണ്ടത് എതിര്‍ ആശയമുള്ളവരെ ഉന്‍മൂലനം ചെയ്തു കൊണ്ടായിരിക്കരുത്. ഈ തിരിച്ചറിവ് പാര്‍ട്ടി അനുഭവികള്‍ക്ക് നല്‍കാന്‍ കഴിയണം.
ജനാധിപത്യ സമൂഹത്തില്‍ രാഷ്ട്രീയം വെറുപ്പിന്റെ വഴിയില്‍ സഞ്ചരിക്കുമ്പോള്‍ വളരുക അരാഷ്ട്രീയതയായിരിക്കും.
അതിനിടയില്‍ മറ്റൊരു ശക്തി ആരുമറിയാതെ ശക്തി പ്രാപിക്കും. അത് മുകളില്‍ പറഞ്ഞ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റെ ഭാഗമായിരിക്കില്ല. മറിച്ച് മനുഷ്യ ബോധങ്ങളെ സാമുദായികമായും തീവ്രമതപരവുമായി വിഭജിച്ച് തങ്ങളുടെ സങ്കുചിത താല്‍പ്പര്യത്തിനാണ് അവര്‍ ഉപയോഗിക്കുക.
അതുകൊണ്ടു ജനാധിപത്യ സംവിധാനത്തില്‍ ആശയങ്ങളെ സംവാദങ്ങളിലൂടെ വികസിപ്പിക്കുകയാണ് വേണ്ടത്. പകരം പകല്‍,വെളിച്ചത്തില്‍ വെട്ടിക്കൊന്നു ഞങ്ങളുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രം ശക്തമാണ് എന്ന് വിളിച്ചു പറയുന്ന തരത്തിലേക്ക് പാര്‍ട്ടികളെ വളരാന്‍ അനുവദിക്കരുത്. അത്തരം പ്രവര്‍ത്തികളെ ആശയപരമായി എതിര്‍ത്തു പരാജയപ്പെടുത്താന്‍ കേരളത്തിലെ ഓരോ ജനാധിപത്യ വിശ്വാസികള്‍ക്കും കഴിയേണ്ടതുണ്ട്.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar