ചിതറിത്തെറിക്കുന്ന സുലൈമാനി തുള്ളികൾ !

ഫാത്തി സലിം :……………….
                       കുഞ്ഞുനാളിലെ ഓർമ്മചിത്രങ്ങൾ പൊടിതട്ടിയെടുക്കുമ്പോൾ മനസ്സിൻ മുറ്റത്തേക്കു ചിതറിത്തെറിക്കുന്ന ചില സുലൈമാനി തുള്ളികൾ !
അതിലേറ്റവും മധുരം നോമ്പ് കാലത്തേ ആ  സുലൈമാനിയാണ്.അത്താഴത്തിലെ സുലൈമാനി..
നോമ്പ് തുടങ്ങിയാൽ മനസ്സിന് ഏറ്റവും ആഹ്ലാദം തോന്നുന്ന രണ്ടു സന്ദർഭങ്ങൾ .  മഗ്‌രിബിന് അല്പം മുൻപ് എല്ലാ പലഹാരങ്ങളും ഒറ്റയിരിപ്പിന് അകത്താക്കണമെന്ന ആശയോടെ ബാങ്ക് ചെവിയോർത്തിരിക്കുന്നത് ആണ് അതിലൊന്ന് . മറ്റൊന്ന്  പുലർച്ചെ  അത്താഴത്തിന് വീടിന്  തൊട്ടടുത്തുള്ള മൂത്തുമ്മാന്റെ വീട്ടിൽ അവരുടെ മക്കളുടെ കൂടെ സൊറ പറഞ്ഞും കളിച്ചും പിന്നീട്  മൂത്തുമ്മാന്റെ മകൾ  സൽ‍മ ഇത്തയുടെ നേതൃത്വത്തിൽ ഉള്ള സുബ്ഹി നിസ്കാരം …
എല്ലാ കാര്യങ്ങൾക്കും ചിട്ടവട്ടങ്ങളുള്ള ആളാണ് മൂത്താപ്പ . എന്ത് ചോദ്യങ്ങൾക്കും വ്യക്തമായും കൃത്യമായും അഭിപ്രായമുള്ള ആൾ.തലശ്ശേരിയിലെ  തറവാട്ടിലേക് മൂത്തുമ്മ താമസം മാറിയപ്പോൾ ഞാനാണേറ്റവും സന്തോഷിച്ചത് . അഞ്ചു പെൺകുട്ടികളും ഒരു ആണ്കുട്ടിയുമാണ് അവർക്കു .  അതിൽ രണ്ടു പേർ എന്റെ സമപ്രായക്കാർ . വീട്ടിൽ ഉള്ളപ്പോഴൊക്കെ മൂത്താപ്പ ഞങ്ങള്ക് കഥകൾ  പറഞ്ഞുതരും . ചിലപ്പോ ചില ഹദീസുകൾ മറ്റുചിലപ്പോ അവരുടെ കുട്ടികാലത്തെ കാര്യങ്ങൾ , അങ്ങനെ അങ്ങനെ …
പള്ളൂരിലുള്ള മൂത്തുമ്മാന്റെ വീട്ടിൽ ഇടക്കൊക്കെ ഞാൻ പോയിട്ടുണ്ട് .
 അങ്ങനെ ഉള്ള ഒരു ദിവസം ഞാനും യാസ്മിനും സുമയ്യയും കൂടെ മഗ്‌രിബ് കഴിഞ്ഞിട്ടും മുറ്റത്ത് കളി  തുടർന്നപ്പോ  മൂത്തുമ്മ വിളിച്ച പറഞ്ഞു –    ‘വെള്ളിയാഴ്ച മോന്തിക് ( സന്ധ്യക്കു ) മുറ്റത്തിന്ന്  കളിച്ചത്  മതി മക്കളെ .. കേറി വന്ന്  ദിഖ്‌റ് ചൊല്ല് .
കേട്ട ഉടനെ എന്റെ മറുചോദ്യം – ‘ അയിന്  നാളെ അല്ലെ വെള്ളി മൂത്തുമ്മമാ ..? ഇന്ന് വ്യാഴാഴ്ച അല്ലേ ?
ആ .. വ്യാഴം പകൽ കഴിഞ്ഞ പിന്നെ വെള്ളിയാഴ്ച മോന്തിയാ .. ഈ നേരത്തു മുറ്റത്ത് നിന്നാ പറക്കിന്ന ജിന്നിനെ കണ്ട് ബേജാറാകും .
ശെരിക്കും പറക്കുന്ന ജിന്ന് ഇണ്ടാ ? കൗതുകത്തോടെ ഞാൻ സുമിനോട് ചോദിച്ചു .
ഉം .. വെള്ളിയാഴ്ച  മോന്തി കാണുംന്ന കുഞ്ഞിപ്പറമ്പത്തെ  സുനീറയും പറഞ്ഞിന് !
എന്നാ പിന്നെ നമ്മക് കയ്യും കാലും മുഖവും  കഴുകീട് ദിക്ർ ചൊല്ലീറ്റ് നോക്കാ .. അപ്പൊ പേടികൂലല്ല ..
സുമയ്യ  നിരുത്സാഹപ്പെടുത്തി .. വേണ്ടാട്ടാ ഉമ്മ കുലുമാലാക്കും ..
സുമി ഇന്നൊരറ്റ ദിവസം പ്ളീസ് ..
അവസാനം അവൾ സമ്മതിച്ചു  . എന്നാ  പിന്നെ
ബൈയ്യപ്പറത് ( പുറകുവശത് ) പോയിറ്റ് നോക്കാ ..ഉമ്മ കാണൂല .
അങ്ങനെ ദിക്ർ ചൊല്ലി നമ്മൾ പുറകെ വശത്തു ഉപയോഗ്യശൂന്യമായി ഇട്ടിരുന്ന അവിടേം ഇവിടേം പൊട്ടിപൊളിഞ്ഞ കട്ടിലിൽ കേറി കിടപ്പായി .. ഇരുന്നിട് മോളിലേക് നോക്കിയാ പെടലി ഉളുക്കിയാലോ ..
  സുമയ്യ ,എടീ നീ ഏത് ദിഖ്‌റാ ചൊല്ലുന്നേ …?
ഏതെങ്കിലുമൊക്കെ ചൊല്ലികൊന്നേ ..
മനസ്സിൽ മതി ( അവൾ ഉപദേശിചു )
ഉം …
മനസ്സിൽ എന്തൊക്കെയോ പറഞ്ഞോണ്ടിരുന്നു.. കണ്ണുകൾ തുറന്നു പിടിച്  ആകാശം നോക്കി കിടന്ന് .. ഇരുളിൽ നിന്ന് ഇരുളിലേക് നുഴഞ്ഞു കയറിക്കൊണ്ടിരിക്കുന്നു.  അസ്തമനത്തിന്റെ അവസാന കുങ്കുമവർണത്തേയും കെട്ടിപ്പിടിച്ച അവളിരിക്കുന്നു. കറുപ്പിനെ മുഴുവനായി പുൽകാൻ മനസ്സില്ലാത്ത പോലെ… തണുത്ത കാറ്റേറ്റ് അറിയാതെ കണ്ണുകളടഞ്ഞു പോയി ..
പെട്ടന്ന് എന്തോ ശബ്ദം കേട്ട് ഞാൻ ഞെട്ടിയുണർന്നു . ഒരു മിന്നായം പോലെ എന്തോ ഒന്ന് എന്റെ മുകളിലൂടെ ..സുമീ  സുമീ ..ചടപടാന്ന് എണീറ്റ സുമയ്യ – എന്തെനൂ ?
ഞാൻ കണ്ട്‌ .. അതെന്നയാ … അള്ളോഹ്  ഓടിക്കൊ …ആകെകൂടെയുള്ള വെപ്രാളത്തിൽ നമ്മൾ നീറായിലെക്കോടി .. പള്ളിയിൽ നിന്ന് മഗ്‌രിബ് നിസ്കാരം നിർവഹിച്ച കോലായിലേക് കേറിവരുന്ന മൂത്താപ്പാന്റെ മുന്നിലെത്തിയാണ് ആ ഓട്ടം നിന്നത് ..
എന്താ പാത്തുക്കുട്ടി ?
അതിന്റെ ഇടയിൽ നിസ്കാരക്കുപ്പായതോടെ മൂത്തുമ്മയും എത്തി -അല്ല മക്കളെ ഇങ്ങളെന്തിന ഇങ്ങനെ ഹാലിളകിയ പോലെ ഓടുന്നെ?
മൂത്താപ്പാ … ഞാൻ കണ്ട്‌ .. ഞാൻ കണ്ട്‌ ..
എന്ത് കണ്ടന്നാ മോളേ ..?(
ഓടി വന്ന വഴിലേക്കും എന്റെ മുഖത്തേക്കും മാറി മാറി നോക്കി മൂത്താപ്പ)
  പറക്കിന്ന ജിന്ന് .!!
ജിന്നാ ? എന്ത് ജിന്ന് ഏത് ജിന്ന് ?
മൂത്തുമ്മ പറഞ്ഞെ വെള്ളിയാഴ്ച മോന്തിക് പറക്ക്ന്ന ….
ഹ ഹാ ഹ …കുലുങ്ങി ചിരിക്കുന്ന മൂത്താപ്പ  മൂത്താപ്പാന്റെ ആ ചിരിയിൽ എന്റെ കിതപ്പൊന്നടങ്ങി.
ഈ ബഡ്കൂസ് പറയുന്ന നൊസ്സ് കേട്ട് നടന്നാ ഇതെല്ലാ പലതും കാണും…
ആ സംഭാഷണം ഇഷ്ടപെടാത്ത മൂത്തുമ്മ മുറിയിലേക്കു കയറിപ്പോയി .
മക്കൾ പോയി എന്തേലും എടുത്തു വായിക്ക് ..
പക്ഷെ  ….. മൂത്താപ്പ  ഞാൻ കണ്ടിന്  ശെരിക്കും കണ്ടിന് !
ഉം ….. എന്താ എന്റെ കുട്ടി കണ്ടേ … വാ ..
എന്നും പറഞ്ഞു ഞങ്ങളുടെ രണ്ടാളുടെയും കൈ പിടിച്ചു  മൂത്താപ്പ മുറ്റത്തേക്കിറങ്ങി .
പറ … പാത്തുക്കുട്ടി എന്താ കണ്ടേ ?
ദാ … ആടെ ..
രണ്ടു പേരും ഞാൻ ചൂണ്ടിയിടത്തേക് പതുക്കെ നോക്കി .
ചുറ്റും സ്വര്ണനിറത്തിൽ .ഒരു വര പോലെ .. എന്നിട് ഇങ്ങനെ കറങ്ങീട് ഒറ്റപ്പോക്ക് . ഇടക്ക്‌ ഇങ്ങനെ മിന്നുന്ന ചോപ്പ് നിറം ..അപ്പൊ തന്നെ കാണാണ്ടായി … പിന്നെ ഞാൻ ഓടി ..
ഉം .. മൂത്താപ്പ ഒന്നിരുത്തി മൂളി.
ഞാൻ കണ്ടതാണോ  ജിന്ന്..?
അതിപ്പോ മോളെ… എന്താ പറയാ..
മനസ്സിൽ നമ്മളൊരു കാര്യം ഉറപ്പിച്ചു വച്ചാ  കണ്ണ്  ആ കാര്യം കാട്ടിത്തരും ..അതൊക്കെ മോളിലിരിക്കണ  ആളിന്റെ കളിയാ..
അത്രേ ഉള്ളൂ ..
പറഞ്ഞതിൽ എന്തെക്കൊയോ എനിക്ക് മനസിലായി … എന്നാൽ മുഴുവനായും മനസിലായതുമില്ല !
ഞങ്ങളുടെ തല തടവിക്കൊണ്ട് മൂത്താപ്പ പറഞ്ഞു അകത്തേക്കു പൊയ്‌ക്കോ  മക്കള്‌ ..
കയറിപോകുന്നതിനിടയിൽ ഞാൻ മൂത്താപ്പാനെ തിരിഞു നോക്കി .. പതിയെ നടക്കുകയായിരുന്നു മൂത്താപ്പ.. കൈ രണ്ടും പിറകിൽ പിണച്ചു എന്തോ ആലോചിച് അങ്ങനെ..
ഇങ്ങനെ എല്ലാ ചോദ്യങ്ങൾക്കും മൂത്താപ്പ ഉത്തരം തരും …
നോമ്പ് കാലത്തേ പാനീയങ്ങളിൽ ഏലക്ക സുലൈമാനി മൂത്താപ്പക് പ്രിയപ്പെട്ടതാണ്  . സുബ്‌ഹിക് അത് നിർബന്ധമാണ് .ഏലക്ക ഇട്ടാൽ സുലൈമാനിക്കൊരു രാജകീയ ഭാവം കൈവന്ന പോലെയാ .
അത്താഴത്തിന് നമ്മൾ കുട്ടികളെല്ലാം ഒന്നിച്ചിരിക്കുമ്പോ ചിലപ്പോഴൊക്കെ ദബ്ബ് മുട്ട് കേക്കാറുണ്ട് . ചില പാട്ടിന്റെ  ഈരടികളും !
മൂത്തുമ്മ പറയും – അത്തായം ബാബയാ ..
എണീകാത്തോരെ എണീപ്പിക്കാന്  :
മമ്മദേ .. മൂപ്പരെ ഇങ്ങോട് വിളി . ഈ മക്കളൊന്ന് കണ്ടോട്ടെ ..നമ്മക്കൊക്കെ ഖൊഷി ! ഹായ് അത്തായം ബാബാനെ കാണാല്ലോ .
തറവാടിന്റെ പടി കടന്ന് അത്തായം ബാബ !
കൂടെ പത്തു പന്ത്രണ്ട്  വയസുള്ള  ഒരു ആൺകുട്ടിയും . മങ്ങിയ വെള്ളനിറത്തിലുള്ള ജുബ്ബയും തൊപ്പിയും. നിറം മങ്ങിയ നീല കള്ളി ലുങ്കി .ഒരു കൈത്തണ്ടയിൽ തസ്ബീഹ്  ചൊല്ലാനുള്ള  മുത്തുമാല ചുറ്റി മറുകയ്യിൽ  കൊട്ടിപ്പാടാൻ ദബ്ബും ..
കുഴിഞ്ഞ കൺപോളകളിൽ  തിളക്കം  വറ്റാത്ത കണ്ണുകൾ .. നരച്ച  താടിരോമം . മൂത്തപ്പനെക്കാളും വയസുണ്ടെന്ന് ഞങ്ങൾ ഊഹിച്ചു .
‘ നല്ല ഈമാനുള്ള മുഖം’
( വാതിലിന്  പിറകിൽ നിന്ന് മൂത്തുമ്മ വക )
എന്തേലും കഴിക്കാൻ കുറെ നിർബന്ധിച്ചു മൂത്താപ്പ .. ആ കുട്ടി കഴിച്ചു.
പക്ഷെ അത്തായം ബാബ മാത്രം ഒന്നും   കഴിച്ചില്ല .കുറെ നിര്ബന്ധിച്ചപ്പോ എനിക്കൊരു  സുലൈമാനി മതി അതാ ശീലം . കേട്ട പാടെ മൂത്തുമ്മ അടുക്കളയിലേക്കോടി  . ഏലക്കയിട്ട ആവി  പറക്കുന്ന സുലൈമാനിയുമായി ഹാജർ .
അകത്തേക്കിരിക്കാൻ ക്ഷണിചെങ്കിലും ബാബ കയറിയില്ല. പുഞ്ചിരിയോടെ അവിടെ പടിക്കൽ നിന്നു . മുറിയിലേക്കു കയറിപ്പോയ മൂത്താപ്പയുടെ പിന്നാലെ നമ്മളും ചെന്നു ..
മൂപര്  കുറച്ച ഈന്തപ്പഴം , പിന്നെ ഒരു ഷർട്ട് തയ്കാനുള്ള തുണി , പിന്നെ കുറച്ച പൈസ ഒക്കെ കൂടി ഒരു കവറിലാക്കി . പിന്നെ അതും കൊണ്ട് കോലായിലേക്  പോയി . എന്നിട് അത് ആ കുട്ടിയുടെ കയ്യിൽ കൊടുത്തു . സമ്മതത്തിനെന്നവണ്ണം അവൻ അത്തായം ബാബയെ നോക്കി . ബാബ മേടിച്ചോ എന്ന അർത്ഥത്തിൽ തലയാട്ടി . അവൻ അത് മേടിച്ചു കയ്യിലുള്ള മറ്റൊരു സഞ്ചിയിലാക്കി ..
എനിക്കൊന്ന് ആ ദബ്ബ്‌ തരുവോ ?
ഞാൻ ചോദിച്ചു ..
അതിനെന്താ .. അങ്ങനേം പറഞ്ഞ ബാബ അതെന്റെ കയ്യിൽ തന്നു.
ഞാനതൊന്ന് തിരിച്ചും മറിച്ചും നോക്കി . ദബ്ബ്  കൂട്ടാനുള്ള എന്റെ വിഫലശ്രമം കണ്ട അവൻ ചിരി തുടങ്ങി .എന്താ ഇപ്പൊ ഇത്ര ചിരിക്കാനെന്ന എന്റെ ഭാവം കണ്ടിട്ടാവാം അവൻ ചിരി നിർത്തിയത് ..
അതിനിടയിൽ സുമയ്യ ചോദിച്ചു . നിന്റെ പേരെന്താ ?
ബാബയാണ് മറുപടി പറഞ്ഞത് .
‘മെഹബൂബ് ‘..
അടുത്തത് മൂത്തുമ്മാന്റെ ഊഴം , ഇങ്ങളുടെ മോന്റെ കുട്ടിയായിരിക്കും അല്ലെ..
എനിക്ക് മോനൊന്നും ഇല്ല… ഇവനെ ,
 ഇവനെ എനിക്ക് പടച്ചോൻ ഏൽപിച്ചു  തന്നതാ .ഓന് ഇനി ഞാൻ മതി !അതും പറഞ്ഞു ആ ദബ്ബ് ഒന്ന്‌ കൊട്ടി ബാബ..
പടികടന്നു മറയുന്നത് വരെ നോക്കി നിന്ന് ഞാൻ ഇമവെട്ടാതെ..
മൂത്താപ്പാ ..,മെഹ്ബൂബ് മനസ്സിൽ ഉറപ്പിച്ച ആഗ്രഹിച്ചോണ്ടാണോ ഓൻറെ കണ്ണു  ബാബാനെ കാണിച്ചുകൊടുത്തെ ?
സുബ്ഹി ബാങ്ക് കേട്ട് പള്ളിയിലേക് ഇറങ്ങാൻ തുടങ്ങിയ മൂത്താപ്പ എന്റെ തലയിൽ കൈ വച് ചിരിച്ചു…
നടന്നകലുന്ന മൂത്താപ്പായെ ഞാൻ നോക്കി നിന്ന് …
പതിയെ തല തിരിച്ച ഞാൻ സുമയ്യനോട് പറഞ്ഞു.
      ഇതൊക്കെ മോളിലിരിക്കണെ ആളിന്റെ   പണിയാ ..

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar