ലോക കേരള സഭയില്‍ ഇബ്രാഹിം സുബ്ഹാന്‍ പ്രത്യേക ക്ഷണിതാവ്

റിയാദ് : ലോക കേരളസഭയില്‍ സൗദി അറേബ്യയെ പ്രതിനിധീകരിച്ചു സാമൂഹ്യ സാംസ്‌ക്കാരിക പ്രവര്‍ത്തകനും മോട്ടിവേറ്ററും ഫിനാന്‍ഷ്യല്‍ അനലിസ്റ്റും പ്രൊഫഷണല്‍ ട്രെയിനറും,വിദ്യാഭ്യാസ വിചക്ഷണനുമായ ഇബ്രാഹിം സുബ്ഹാന്‍ പ്രത്യേക ക്ഷണിതാവായി പങ്കെടുക്കുന്നു. മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന ലോക കേരള സഭയില്‍ ഇന്ത്യയ്ക്ക് പുറത്തുള്ള 58 രാജ്യങ്ങളില്‍ നിന്നും തെരെഞ്ഞെടുക്കപ്പെട്ട നൂറ് കണക്കിനു പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി പ്രവാസ ജീവിതം നയിക്കുന്ന ഇബ്രാഹിം സുബ്ഹാന്‍ ലോക ഊര്‍ജ്ജമന്ത്രിമാരുടെ ഏറ്റവും വലിയ കൂട്ടായ്മയായ റിയാദ് അന്താരാഷ്ട്ര എനര്‍ജി ഫോറത്തിലെ ഉദ്യോഗസ്ഥനാണ് . ഇറ്റലി,റഷ്യ,ഖത്തര്‍ എന്നീ രാജ്യങ്ങളില്‍ നടന്ന അന്താരാഷ്ട്ര എനര്‍ജി ഉച്ചകോടിയില്‍ പങ്കെടുത്ത ഇബ്രാഹിം സുബ്ഹാന്‍ മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയാണ്.അന്താരാഷ്ട്ര എനര്‍ജി ഫോറം ഉദ്യോഗസ്ഥനായി ജോലി ചെയ്യുന്ന ഇബ്രാഹിം സുബ്ഹാന്‍ കേരളത്തിലേയും ഗള്‍ഫിലേയും സ്‌കൂള്‍ കോളേജുകളില്‍ ഏറെ ശ്രദ്ധേയനായ വിദ്യാഭ്യാസ ട്രൈനറും മോട്ടിവേറ്ററുമാണ്.അദ്ദേഹത്തിന്റെവിവിധ മേഖലകളിലുള്ള പ്രവര്‍ത്തന പരിചയം ലോക കേരള സഭക്കും അത് വഴി പ്രവാസി സമൂഹത്തിനും സഹായകരമാവും എന്ന് സംസ്ഥാന സര്‍ക്കാര്‍ മനസ്സിലാക്കിയതിനാലാണ് ഇത്തവണത്തെ ലോക കേരള സഭയില്‍ പ്രത്യേക ക്ഷണിതാവായി തിരഞ്ഞെടുക്കപ്പെട്ടത്. ഗണിത ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദമുള്ള ഇബ്രാഹിം സുബ്ഹാന്‍ മലപ്പുറം ജില്ലാ പഞ്ചായത്ത് ഓഫീസറായിരുന്ന പരേതനായ ആര്‍.എം അബ്ദുള്‍ സുബ്ഹാന്റെയും ഖദീജയുടേയും മകനാണ്.പ്രമുഖ കോണ്‍ഗോരസ് നേതാവ് കെ.സാദിരിക്കോയയുടെ മകള്‍ ഷാജിനയാണ് ഭാര്യ.
ഇരുപത് വര്‍ഷത്തോളമായി ഇന്റര്‍നാഷണല്‍ എനര്‍ജി ഫോറത്തില്‍ (ഐഇഎഫ്) പ്രവര്‍ത്തിക്കുന്ന സുബ്ഹാന്‍ ആഗോളതലത്തില്‍ നടക്കുന്ന വിവിധ സെമിനാറുകളിലും ഉച്ചകോടികളിലും പങ്കെടുത്തിട്ടുണ്ട്. ലോക എനര്‍ജി ഫോറത്തിലെ പ്രവര്‍ത്തനം വഴി ലോക നേതാക്കളുമായി ആത്മബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞ ഇബ്രാഹിം സുബ്ഹാന്റെ ശാസ്ത്രബോധം ഏറെ ശ്രദ്ധേയമാണ്. പുതുതലമുറക്ക് മണ്ണിനോടും മനുഷ്യനോടുമുള്ള സമീപനങ്ങള്‍ എങ്ങിനെ പ്രകൃതിക്കിണങ്ങും വിധം പരിവര്‍ത്തിപ്പിക്കാം എന്ന അന്വേഷണമാണ് ഇപ്പോള്‍ അദ്ദേഹത്തെ കൂടുതല്‍ പ്രിയങ്കരനാക്കുന്നത്. പ്രവാസി മലയാളികളുടെ കാതലായ പ്രശ്‌നങ്ങള്‍ പരസ്പരം അടുത്തറിഞ്ഞ് പരിഹരിക്കാന്‍ ഭരണകൂടങ്ങള്‍ കാണിക്കുന്ന ഏതൊരു ശ്രമവും ശ്‌ളാഘനീയമാണെന്ന് ഇബ്രാഹിം സുബ്ഹാന്‍ പ്രവാസലോകത്തോട് പറഞ്ഞു.ലോകകേരള സഭയിലെ വിവിധ സെക്ഷനുകളില്‍ പങ്കെടുത്ത് പ്രവാസികളുടെ അടിസ്ഥാന വിഷയങ്ങള്‍ ഭരണകര്‍ത്താക്കളുടെ ശ്രദ്ധയില്‍കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

0 Comments