കണ്ണൂര്‍ ഇരിക്കൂര്‍ പേരാവൂര്‍ സ്വദേശി സ്വപ്‌നില്‍ സിമോണ്‍വാഹനാപകടത്തില്‍ മരിച്ചു.

ദമ്മാം: അല്‍ ഹസയില്‍ നിന്നും ദമ്മാമിലേക്ക് മടങ്ങവേയുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. ദമ്മാമിലെ സൈന്‍ ട്രേഡിങ് കമ്പനിയില്‍ മെക്കാനിക്കല്‍ എന്‍ജിനീയറായ കണ്ണൂര്‍ ഇരിക്കൂര്‍ പേരാവൂര്‍ സ്വദേശി സ്വപ്‌നില്‍ സിമോണ്‍ (24) ആണ് മരിച്ചത്. ഓടിച്ചിരുന്ന കോറോള കാര്‍ മറിഞ്ഞായിരുന്നു അപകടം. കൂടെയുണ്ടായിരുന്ന പാകിസ്താനി മുഹമ്മദ് വഹാജ് ഇസ്ഹാഖിനെ ഗുരുതര പരിക്കുകളോടെ ദമ്മാം മെഡിക്കല്‍ കോംപ്ലക്സില്‍ പ്രവേശിപ്പിച്ചു. ജോലിയാവശ്യാര്‍ഥം ദമ്മാമില്‍ നിന്നും കഴിഞ്ഞ ശനിയാഴ്ചയാണ് അല്‍ ഹസയിലേക്ക് പോയത്. രാത്രി പതിവുപോലെ തിരിച്ചെത്താതിരുന്നതിനാല്‍ കൂട്ടുകാരും ബദര്‍ ക്ലബ്ബ് സാരഥികളായ സിദ്ദീഖ് കണ്ണൂര്‍, മുജീബ് പാറമ്മല്‍ എന്നിവര്‍ നടത്തിയ അന്വേഷണത്തിലാണ് അബ്ഖൈഖ് ജനറല്‍ ആശുപത്രിയില്‍ മൃതദേഹം കണ്ടെത്തിയത്. സ്വപ്‌നില്‍ ഒന്നര വര്‍ഷം മുമ്പാണ് ദമ്മാമിലെത്തിയത്. നേരെത്തെ ദുബയ്‌യില്‍ ജോലി ചെയ്തിരുന്നു. പിതാവ് സിമോണ്‍ ചാണ്ടി സെന്റ് ജോസഫ് സീനിയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പലാണ്. ദമ്മാമിലെ കാല്‍പന്ത് കളി മൈതാനങ്ങളില്‍ സജീവ സാന്നിധ്യമായ സ്വപ്‌നില്‍ സിമോണ്‍ ബദര്‍ ഫുട്‌ബോള്‍ ക്ലബ്ബ് അംഗമായിരുന്നു. സ്വപ്‌നിലിന്റെ അപകട വാര്‍ത്ത കിഴക്കന്‍ പ്രവിശ്യയിലെ ഫുട്ബോള്‍ പ്രേമികളെയും സംഘാടകരെയും ദുഃഖത്തിലാഴ്ത്തി. അദ്ദേഹത്തിന്റെ ആകസ്മിക നിര്യാണത്തില്‍ ദമ്മാം ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന്‍, ബദര്‍ റോയല്‍ എഫ്‌സി മാനേജ്മെന്റ് തുടങ്ങിയവര്‍ അനുശോചനം അറിയിച്ചു.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar