ജൂബൈലില്‍ വാഹനാപകടം മൂന്ന് മലയാളികള്‍ മരിച്ചു

ജുബൈല്‍: ഇന്നലെ വൈകീട്ട് ജുബൈല്‍ നിന്നും 500 കിലോമീറ്റര്‍ അകലെയുള്ള സൗദി അരാംകോ പ്ലാന്റിന് സമീപം വാഹനാപകടത്തില്‍ മരണപ്പെട്ട മൂന്നു മലയാളികളില്‍ തിരിച്ചറിയാനുള്ള ഒരാളുടെ ബന്ധുക്കളെ കണ്ടെത്തി. മൃതദേഹത്തില്‍ നിന്നും ലഭിച്ച ഇഖാമ മാത്രമായിരുന്നു സാമൂഹ്യ പ്രവര്‍ത്തകരുടെ കയ്യില്‍ ഉണ്ടായിരുന്ന ഏക തിരിച്ചറിയില്‍ രേഖ. അപകടത്തില്‍ മരിച്ച സിയാദിന്റെ തല പൂര്‍ണമായും തകര്‍ന്നു പോയിരുന്നു. ഇത് തിരിച്ചറിയാന്‍ ബുദ്ധിമുട്ടുണ്ടാക്കി. മരണ വിവരം അറിഞ്ഞ ഇന്നലെ രാത്രി മുതല്‍ ജുബൈലിലേയും അല്‍ ഹസ്സയിലെയും സാമൂഹിക പ്രവര്‍ത്തകര്‍ ഏറെ പരിശ്രമിച്ചതിനു ശേഷമാണ് ഇന്ന് വൈകീട്ട് 4 മണിയോടെയാണ് ജുബൈലിലുള്ള സിയാദിന്റെ സഹോദരനെ കണ്ടെത്താന്‍ കഴിഞ്ഞത്. കണ്ണൂര്‍ പാപ്പിനശ്ശേരി ഹൈദ്രോസ് മസ്ജിദിനു സമീപം ഫലാഹ് വീട്ടില്‍ പൂവാങ്കുളം തോട്ടം പുതിയ പുരയില്‍ സിയാദ് (30 ) ജുബൈല്‍ ആസ്ഥാനമായ മാക് എന്ന കമ്പനിയുടെ മാര്‍ക്കറ്റിംഗ് മാനേജരായി ജോലി ചെയ്തു വരികയായിരുന്നു. വെള്ളിയാഴ്ച ഉച്ചക്കാണ് അദ്ദേഹം റൂമില്‍ നിന്നും പോയത്. ഔദ്യോഗിക ആവശ്യത്തിനായി നിരവധി യാത്രകള്‍ നടത്തുന്ന അദ്ദേഹത്തെ ഇന്നലെ രാത്രി മുതല്‍ വിവരം ഒന്നും ലഭിക്കാതെ അനേഷണം നടത്തി വരുമ്പോഴാണ് അല്‍ ഹസ്സയില്‍ നിന്നുള്ള യുവാക്കളുടെ മരണ വാര്‍ത്ത സുഹൃത്തുക്കളുടെ ശ്രദ്ധയില്‍ പെട്ടത്. ഷിയാസിന്റെ പിതാവ് ജമാല്‍ ചെറിയ മണിക്കല്‍, മാതാവ് ഖദീജ വാങ്കുളം തോട്ടം പുതിയ പുരയില്‍, ഭാര്യ:ഹിബ,സഹോദരന്‍ ഷിറാസ് (ജുബൈല്‍), ഷഫീക് (അല്‍ ഖോബാര്‍).

സിയാദിന്റെ കൂടെ യാത്ര ചെയ്തിരുന്ന സുഹൃത്തുക്കളായ ദമ്മാമില്‍ എക്‌സല്‍ എന്‍ജിനീയറിങ് കമ്പനി ജീവനക്കാരന്‍ പാലക്കാട് കല്‍മണ്ഡപം സ്വദേശി ഫിറോസ്ഖാന്‍ (42), ജുബൈലില്‍ നിന്നുള്ള മുവ്വാറ്റുപുഴ സ്വദേശി അനില്‍ തങ്കപ്പന്‍ (43) എന്നിവരാണ് മരിച്ച മറ്റു രണ്ടു പേര്‍. ഇന്നലെ വൈക്കീട്ടു ആറ് മണിയോടെ അല്‍ അഹ്‌സയിലെ ഹറദില്‍ പെട്രോള്‍ പമ്പിന് അടുത്തായി ഇവര്‍ സഞ്ചരിച്ചിരുന്ന നിസ്സാന്‍ കാറും മുമ്പില്‍ കൂടി പോകുകയായിരുന്ന ട്രൈലറിന്റെ പിറകില്‍ ഇടിച്ചാണ് അപകടമുണ്ടായത്. മുന്‍ സീറ്റില്‍ ആയിരുന്ന ഫിറോസിന്റെയും, സിയാദിന്റെയും തല പൂര്‍ണമായും തകര്‍ന്നു.

എല്ലാവരും അപകട സ്ഥലത്തു വെച്ചുതന്നെ മരണപ്പെട്ടു. അനിലും, സിയാദും വെള്ളി ഉച്ചയോടെ ജുബൈലില്‍ നിന്നും പുറപ്പെട്ടു ദമ്മാമില്‍ എത്തി അവിടെ നിന്നും ഫിറോസിനെയും കൂട്ടി ഇവര്‍ മൂന്നുപേരും വൈകുന്നേരം മൂന്നു മണിയോടെ ദമ്മാമില്‍ നിന്നും ഫിറോസ് ഖാന്റെ സുഹൃത്ത് നാസറിന്റെ വാഹനത്തില്‍ ഹറദിലുള്ള അരാംകോ റിഗ്ഗിലേക്കു പുറപ്പെട്ടതായിരുന്നു. മാന്‍പവര്‍ ബിസിനസ് നടത്തുന്ന ഇവരുടെ കമ്പനിയുടെ നിരവധി ജീവനക്കാര്‍ അവിടെ റിഗ്ഗ് സൈറ്റില്‍ ജോലി ചെയുന്നുണ്ട്.

മൂന്നുപേരുടെയും മൃതദേഹം അല്‍ അഹ്‌സ ഹഫൂഫ് കിങ് ഫഹദ് ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. മരിച്ച ഫിറോസ് ഖാന്റെയും അനില്‍ തങ്കപ്പന്റെയും സ്‌പോണ്‍സര്‍മാര്‍ ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. സിയാദിന്റെ ബന്ധുക്കള്‍ അബ്ദുല്‍ കരീം കാസിമിയുടെ (സഹായി) നേതൃത്വത്തില്‍ ജുബൈലില്‍ നിന്നും പുറപ്പെട്ടിട്ടുണ്ട്. അല്‍ അഹ്‌സയിലെ കെ.എം.സി.സി സെക്രട്ടറി അഷ്‌റഫ് ഗസല്‍, നാസര്‍ മദനി എന്നിവര്‍ ആവശ്യമായ സഹായവുമായി രംഗത്തുണ്ട്. മരിച്ച ഫിറോസ് ഖാന്റെ ഭാര്യ അനീസ, മൂന്നു ആണ്‍ മക്കള്‍ ഉണ്ട്.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar