കാനം മത്സരിക്കാനില്ല, സ്ഥാനാര്‍ത്ഥിപ്പട്ടികയായി.

തിരുവനന്തപുരം: നേതാക്കളും അനുയായികളും സീറ്റിന് പരക്കം പായുമ്പോള്‍ മത്സരിക്കാനില്ലെന്ന് പറഞ്ഞ് കാനം ശ്രദ്ധേയനാവുന്നു, നേതാവിന്‍രെ നിലപാട് മാത്രമല്ല പാര്‍ട്ടിയെ ശ്രദ്ധാ കേന്ദ്രമാക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്കുള്ള സി.പി.ഐ സ്ഥാനാര്‍ത്ഥികളെയും പാര്‍ട്ടി പ്രഖ്യാപിച്ചുകഴിഞ്ഞു. നാല് സീറ്റിലേക്കുള്ള സ്ഥാനാര്‍ത്ഥി പട്ടികയാണ് സംസ്ഥാന സമിതി അംഗീകരിച്ചത്. തിരുവനന്തപുരം മണ്ഡലത്തില്‍ സി ദിവാകരന്‍ എം.എല്‍.എ മത്സരിക്കും. തൃശ്ശൂരില്‍ രാജാജി മാത്യു തോമസും മാവേലിക്കരയില്‍ ചിറ്റയം ഗോപകുമാറും വയനാട്ടില്‍ പിപി സുനീറും മത്സരിക്കും. രണ്ട് സിറ്റിംഗ് എം.എല്‍.എമാരടങ്ങുന്ന സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് തിരുവനന്തപുരത്ത് ചേര്‍ന്ന സി.പി.ഐ സംസ്ഥാന കൗണ്‍സിലാണ് അംഗീകാരം നല്‍കിയത്. തിരുവനന്തപുരത്ത് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ മുതല്‍ ആനി രാജ വരെയുള്ളവരുടെ പേരുകള്‍ ഉയര്‍ന്നു കേട്ടിരുന്നു. എന്നാല്‍ ജില്ലാ നേതൃത്വത്തിന്റെ ആവശ്യം കാനം രാജേന്ദ്രന്‍ തള്ളി എന്നാണ് അറിയുന്നത്. മത്സര രംഗത്ത് ഉണ്ടാകില്ലെന്ന് കാനം രാജേന്ദ്രന്‍ അറിയച്ചതിനെ തുടര്‍ന്നാണ് ജില്ലാ നേതൃത്വം പരിഗണിച്ച രണ്ടാമത്തെ പേരെന്ന നിലയില്‍ സി ദിവാകരനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ധാരണയായത്. സെക്രട്ടറിയെന്ന നിലയില്‍ തെരഞ്ഞെടുപ്പില്‍ ഭാരിച്ച ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാനുണ്ടെന്ന് സംസ്ഥാന നിര്‍വാഹകസമിതിയില്‍ കാനം നിലപാടറിയിച്ചതായാണ് സൂചന. മൂന്ന് ജില്ലാ കമ്മിറ്റികളില്‍ നിന്നുള്ള സാദ്ധ്യതാ പട്ടികയാണ്മാവേലിക്കര മണ്ഡലത്തില്‍ പരിഗണിച്ചത്. മൂന്നിടത്തു നിന്നും ഒരു പോലെ ചിറ്റയം ഗോപകുമാറിന്റെ സ്ഥാനാര്‍ത്ഥിത്വമാണ് വന്നത്. നിലവിലെ എം.പി സി.എന്‍ ജയദേവന് സീറ്റ് നിഷേധിച്ചാണ് രാജാജി മാത്യു തോമസിനെ സ്ഥാനാര്‍ത്ഥിയാക്കിയത്. പട്ടികയില്‍ രണ്ടാമത്തെ പേരായി മുന്‍മന്ത്രി കെ.പി രാജേന്ദ്രനുണ്ടായിരുന്നെങ്കിലും അവസാനവട്ട ചര്‍ച്ചയില്‍ നറുക്ക് വീണത് രാജാജി മാത്യു തോമസിനാണ്. വയനാട് ജില്ലാ നേതൃത്വത്തിന്റെ ലിസ്റ്റിലുണ്ടായിരുന്ന പേര് അവഗണിച്ചാണ് പി.പി സുനീറിന്റെ സ്ഥാനാര്‍ത്ഥിത്വം.
0 Comments