കിയ ഖത്തര്‍: ദേശത്തിന്റെ കരുത്തും കാവലും

ഒരു ദേശത്തിന്റെ പ്രവാസികളെ മുഴുവന്‍ ഒരു മാലയില്‍ സ്‌നേഹമുത്തുകളാക്കി കോര്‍ത്തിണക്കിയതിന്റെ ആഘോഷമാണ് ഏപ്രില്‍ ഇരുപതിന്ന് വെള്ളിയാഴ്ച്ച ഉച്ചക്ക് മൂന്നു മണിമുതല്‍ ഖത്തറിലെ ഉംസലാല്‍ അലിയിലുള്ള ബര്‍സാന്‍ യൂത്ത് സെന്ററില്‍ നടക്കുന്നത്. മാന്ത്രിക വിസ്മയം ഗോപിനാഥ് മുതുകാട് മുഖ്യതിഥിയായി സംബന്ധിക്കും. നാട്ടിലേയും ഖത്തറിലേയും പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും.
ഖത്തര്‍. പ്രവാസത്തിന്റെ പ്രതിസന്ധികള്‍ക്കിടയിലും ദേശത്തിന്റെ കരുത്തും കാവലുമാവുകയാണ് കിയ (കുനിയില്‍ എക്‌സ്പാറ്റ് അസോസിയേഷന്‍) ഖത്തര്‍.മൂന്നു ഭാഗവും പുഴകളാല്‍ ചുറ്റപ്പെട്ട കിഴുപറമ്പ് പഞ്ചായത്തിലെ കുനിയില്‍ ദേശം ചാലിയാറിന്റെ ജലസമൃദ്ധികൊണ്ട് ധന്യമായ മണ്ണാണ്. കര്‍ഷകരുടെ കഠിനാദ്ധ്വാനം കൊണ്ട് ഫലഭൂയിഷ്ടമായ ദേശത്തില്‍ വിഞ്ജാനത്തിന്റെ പൊന്‍കിരണം പരത്തിയത് അന്‍വാറുല്‍ ഇസ്ലാം അറബിക്കോളേജാണ്. നാട്ടിലേയും പുറംനാട്ടിലേയും ആയിരക്കണക്കിന് ആളുകള്‍ക്ക് അറബിക് വിദ്യാഭ്യാസം നല്‍കിയ കോളേജിന്റെ യശസ്സായിരുന്നു ഒരുകാലത്ത് കുനിയില്‍ ദേശത്തെ പുറം ലോകത്ത് പരിചിതമാക്കിയിരുന്നത്. കെ.വി.മൂസാ സുല്ലമിയെ പോലുള്ള മത രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ വളര്‍ത്തി വലുതാക്കിയ സ്ഥാപനത്തില്‍ നിന്നും പുറത്തിറങ്ങിയവരാണ് ദേശത്തിന്റെ ദാരി്ദ്ര്യാവസ്ഥക്കു തണല്‍ വിരിച്ചത്. സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളിലേക്ക് നിരവധി പേര്‍ അറബിക് അദ്ധ്യാപകരായി കടന്നുചെന്നതോടെ കാര്‍ഷിക ഗ്രാമത്തില്‍ ജീവിത നിലവാരം മെച്ചപ്പെട്ടു. മലബാറിന്റെ വിവിധ ഭാഗങ്ങളില്‍ അറബി അദ്ധ്യാപകരായി സേവനം അനുഷ്ടിക്കുന്ന നൂറുകണക്കിന് ആളുകളിന്നുമുണ്ട് ഈ ദേശത്ത്. നിരവധി ഭാഷാ അദ്ധ്യാപകരെ സംഭാവന ചെയ്ത അറബിക്കോളേജിന്റെ വളര്‍ച്ചക്കൊപ്പം തന്നെയാണ് ഗള്‍ഫില്‍ പ്രവാസ കുടിയേറ്റത്തിനും ആക്കം കൂടുന്നത്. അറബി ഭാഷാ പഠനം വിദേശ തൊഴില്‍ വിപണിയില്‍ വലിയ സാധ്യത തുറന്നിടുമെന്ന കണക്കുകൂട്ടലായിരുന്നു പലര്‍ക്കും. അറബി ഭാഷ അറിയുന്നവര്‍ക്ക് അക്കാലത്ത് അഭിമുഖങ്ങളില്‍ പെട്ടന്നു കയറി പറ്റാന്‍ കഴിഞ്ഞിരുന്നു. ഇക്കാരണത്താല്‍ തന്നെ ഗള്‍ഫിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും മറ്റും ഉയര്‍ന്ന തസ്തികകളില്‍ നാട്ടുകാരായ പലരും കയറിപറ്റി. നാട്ടില്‍ സര്‍ക്കാര്‍ ജോലിയുള്ളവരും അറബി ഭാഷാ പിന്‍ബലത്തില്‍ ജോലിയില്‍ നിന്നും നീണ്ട അവധിയെടുത്തു ഗള്‍ഫില്‍പ്പോയതോടെ ദേശം സാമ്പത്തിക അഭിവൃദ്ധിപെട്ടെന്നു കൈവരിച്ചു. ഇങ്ങനെ നാടിനും നാട്ടുകാര്‍ക്കും താങ്ങും തണലുമായ കുനിയില്‍ ദേശത്തെ ഗള്‍ഫുകാരെ ഒരുകുടക്കീഴില്‍ അണിനിരത്തിയതാണ് കിയ എന്ന സംഘടന. ജാതി മത രാഷ്ട്ീയ പരിഗണനകള്‍ക്കപ്പുറം നാട്ടുകാര്‍ എന്ന പരിഗണനയില്‍ ഒരു ദേശത്തെ ജനങ്ങളെ മുഴുവന്‍ സംഘടിപ്പിക്കാന്‍ കഴിഞ്ഞു എന്നതാണ് കിയയുടെ വലിയ പ്രവര്‍ത്തനം.
പ്രവാസ ഭൂമിയില്‍ തളര്‍ന്നുപോകുന്നവരെ കൈപിടിച്ചുയര്‍ത്തുക എന്നതാണ് സംഘടനയുടെ പ്രധാന പ്രവര്‍ത്തനം. തൊഴില്‍ നഷ്ടട്‌പ്പെടുന്നവര്‍, മാരകമായ രോഗം കൊണ്ട് പ്രയാസമനുഭവിക്കുന്നവര്‍ എന്നിവര്‍ക്ക് വാക്കുകൊണ്ടും കര്‍മ്മം കൊണ്ടും സമ്പത്ത് കൊണ്ടും ശരീരം കൊണ്ടും സ്വാന്തനമാവുമ്പോള്‍ തന്നെ ജന്മനാടിന്റെ കണ്ണീരൊപ്പാനും കിയ പ്രവര്‍ത്തകര്‍ മുന്നണിയിലുണ്ട്. നിരവധി കുടുംബങ്ങളെ മാരകരോഗങ്ങളും അത്യാഹിതങ്ങളും വേട്ടയാടിയപ്പോള്‍ സ്‌നേഹത്തിന്റെ സാന്ത്വനത്തിന്റെ കാരുണ്യത്തിന്റെ തലോടലായ് കൂടെ നിന്നത് കിയയാണ്. സാമ്പത്തിക പ്രയാസം മൂലം ഉന്നത വിദ്യാഭ്യാസം പാതി വഴിയില്‍ ഉപേക്ഷിക്കേണ്ടി വന്ന ഒട്ടേറെ വിദ്യാര്‍ത്ഥികള്‍ക്ക് തണലായ് കിയ മാറിയിട്ടുണ്ട്. വ്യവസ്ഥാപിത പ്രവര്‍ത്തനങ്ങളോടെ സമൂഹ മധ്യത്തില്‍ നിറഞ്ഞു നില്‍ക്കുന്ന കിയക്ക് യു.എ.ഇയിലും സംഘടിത പ്രവര്‍ത്തന അംഗങ്ങളുണ്ട്. ഇപ്പോള്‍ പ്രവര്‍ത്തനം മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. വാഴക്കാട് അസോസിയേഷന്‍ (വാഖ്) ആരംഭിച്ച ഡയാലിസിസ് സെന്ററിലേക്ക് ഡയാലിസിസ് മെഷീന്‍ നല്‍കിയത് കിയ ഖത്തറാണ്. കിഴുപറമ്പ് പഞ്ചായത്തിലെ ജനങ്ങളുടെ ചിരകാല സ്വപ്‌നമായിരുന്നു ആധുനിക സൗകര്യത്തോടെയുള്ള ഒരു ആംബുലന്‍സ് എന്നത്. ഏതാനും വര്‍ഷം മുമ്പ് കിയ ആസ്വപ്‌നം സഫലമാക്കി. ഇരുപത്തിനാല് മണിക്കുറും പ്രവര്‍ത്തന സജ്ജമായ ആംബുലന്‍സിന് ഡ്രൈവറടക്കമുള്ള സേവനവും കിയയുടെ നേതൃത്വത്തിലാണ്.
ഈ വര്‍ഷവും വിവിധ രൂപത്തിലുള്ള ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കു തന്നെയാണ് കിയ ഊന്നല്‍ നല്‍കിയിരിക്കുന്നത്. വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പത്ത് പരിപാടികള്‍ പ്രഖ്യാപിച്ചതില്‍ അഞ്ചെണ്ണം നടപ്പിലാക്കി കഴിഞ്ഞു എന്നതാണ് കിയയുടെ മറ്റൊരു നേട്ടം. ഇഫ്താര്‍ സംഗമം, നാട്ടിലുള്ള കിയ കുടുംബാംഗങ്ങളുടെ കുടുംബ സംഗമം, ആംബുലന്‍സ് സേവനത്തിന്റെ നടത്തിപ്പുകാരെയും അതിന്റെ ഡ്രൈവറെയും ആദരിക്കല്‍, എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയവര്‍ക്കുള്ള അവാര്‍ഡ് ദാനം, കിയ മെമ്പര്‍മാരുടെ ഈദ് സന്ദേശം കൈമാറുന്നതിനു വേണ്ടി ഈദ് സപ്‌ളിമെന്റ ഇറക്കുകയും അതില്‍ നിന്നും ബാക്കിവന്ന ഫണ്ട് ഉപയോഗിച്ചു ഒരു വ്യക്ത്തിക്കും വീട് നിര്‍മ്മാണ സഹായം, എന്നിവ ഇവയില്‍ ചിലതാണ്. ഈ ഒരു കാലയളവില്‍ ചാരിറ്റി ഇനത്തില്‍ മൂന്നര ലക്ഷം രൂപയുടെ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെക്കാന്‍ സാധിച്ചിട്ടുണ്ട്.
വീട് നിര്‍മ്മാണം, കനിവ് സൗജന്യ വൃക്ക രോഗ നിര്‍ണ്ണയ ക്യാമ്പ്, വിദ്യാഭ്യാസ പ്രോത്സാഹന സഹായം,വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്, പലിശ രഹിത വായ്പ,ചികിത്സ സഹായ ഫണ്ട്, കാന്‍സര്‍ ചികിത്സ സഹായ ഫണ്ട് തുടങ്ങിയ ഒട്ടേറെ ചാരിറ്റി പ്രവര്‍ത്തങ്ങള്‍ നടപ്പിലാക്കാന്‍ സാധിച്ചു കിയക്ക് എന്നതാണ് നാടിന്റെ സ്‌നേഹവും വാത്സല്യവും കിയക്ക് ലഭിക്കാന്‍ ഇടവരുത്തിയത്. നാട്ടിലെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാനും കൃത്യമായി നടത്താനും കിയക്ക് നാട്ടിലെ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി കമ്മിറ്റിയുണ്ട്.
പ്രവാസ ഭൂമികയിലെ നെരിപ്പോടുകള്‍ക്കിടയിലും നാടിന്റെ വികസനത്തിനും നാട്ടുകാരുടെ പുരോഗതിക്കും മിഴിതുറന്നുപിടിക്കുക എന്നത് വലിയ കാഴ്ച്ചപ്പാടു തന്നെയാണ്. ഒരു ദേശത്തിന്റെ പ്രവാസികളെ മുഴുവന്‍ ഒരു മാലയില്‍ സ്‌നേഹമുത്തുകളാക്കി കോര്‍ത്തിണക്കിയതിന്റെ ആഘോഷമാണ് ഏപ്രില്‍ ഇരുപതിന്ന് വെള്ളിയാഴ്ച്ച ഉച്ചക്ക് മൂന്നു മണിമുതല്‍ ഖത്തറിലെ ഉംസലാല്‍ അലിയിലുള്ള ബര്‍സാന്‍ യൂത്ത് സെന്ററില്‍ നടക്കുന്നത്. മാന്ത്രിക വിസ്മയം ഗോപിനാഥ് മുതുകാട് മുഖ്യതിഥിയായി സംബന്ധിക്കും. നാട്ടിലേയും ഖത്തറിലേയും പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും.
കാരുണ്യത്തിന്റെയും സ്‌നേഹത്തിന്റെയും പുതിയ പാതകള്‍ പിന്നിട്ട് ഒരു ദേശത്തിന്റെ ഹൃദയത്തുടിപ്പായ് മാറിയ കിയ ഖത്തര്‍ ചാപ്റ്ററിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറെയുണ്ട്. പ്രവാസികള്‍ക്കും നാട്ടുകാര്‍ക്കും താങ്ങും തണലുമായി പ്രവര്‍ത്തന സരമിയില്‍ സജീവമായ കിയ ഖത്തര്‍ പ്രവര്‍ത്തകരുടെ കാരുണ്യ ഹസ്തത്തിലാണ് മുഴുവന്‍ പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കുന്നത്. പ്രവാസം മതിയാക്കി തിരിച്ചുപോവുന്നവര്‍ക്ക് നാട്ടില്‍ ജീവിത മാര്‍ഗ്ഗം കണ്ടെത്താനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുകയാണ് സംഘടനാ ഭാരവാഹികളിപ്പോള്‍.
: അമ്മാര്‍ കിഴുപറമ്പ്. :
0 Comments