പിണറായി വിജയന്‍ രാജിവയ്ക്കണമെന്ന് മുല്ലപ്പള്ളി,അപ്രതീക്ഷിത പരാജയമെന്ന് സിപിഎം

തിരുവനന്തപുരം: കേരളത്തില്‍ എല്‍ഡിഎഫിനുണ്ടായ കനത്ത പരാജയത്തിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിനും മുഖ്യമന്ത്രിയുടെ അഹങ്കാരത്തിനും ധാര്‍ഷ്ട്യത്തിനുമെതിരായ മറുപടിയാണ് ഈ വിജയമെന്നും മുല്ലപ്പള്ളി പറഞ്ഞു. കേരളത്തില്‍ യുഡിഎഫ് നേടിയ വിജയത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു മുല്ലപ്പള്ളി. കേരളത്തിലെ ഇടതുപക്ഷത്തിനെതിരായ ശക്തമായ പ്രതിഷേധം തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു. ചരിത്രവിജയമെന്ന് വിശേഷിപ്പിച്ച മുല്ലപ്പള്ളി വിജയം സമ്മാനിച്ച കേരളത്തിലെ ജനങ്ങളുടെ രാഷ്ട്രീയപ്രബുദ്ധതയ്ക്ക് മുന്നില്‍ നമിക്കുന്നു. ദേശീയ രാഷ്ട്രീയത്തെയും മോദിയുടെ ഭരണത്തെയും വസ്തുനിഷ്ടമായി വിലയിരുത്തിയ കേരളത്തിലെ ജനങ്ങള്‍ സമ്മാനിച്ചതാണ് ഈ വിജയം. മതേതരശക്തികളുടെ വിജയമാണിത്. ബിജെപിയെ തുറന്നുകാട്ടാനും പ്രതിരോധിക്കാനും സിപിഎമ്മിനാവില്ലെന്ന് തിരഞ്ഞെടുപ്പ് തെളിയിച്ചെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.


തിരുവനന്തപുരം: അപ്രതീക്ഷിത പരാജയമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജനവിധി അംഗീകരിക്കുന്നു. പരാജയം അപ്രതീക്ഷിതമാണ്. പ്രവര്‍ത്തനത്തില്‍ തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടോയെന്ന് സംസ്ഥാന കമ്മറ്റി പരിശോധിക്കും. കേന്ദ്രത്തില്‍ ബിജെപി ഭരണം അവസാനിക്കണമെന്ന എല്‍ഡിഎഫ് പ്രചരണം കോണ്‍ഗ്രസിന് സഹായകമായി. ഒരു തരംഗമാണ് ഉണ്ടായത്. ന്യൂനപക്ഷങ്ങള്‍ കൂട്ടത്തോടെ കോണ്‍ഗ്രസിന് വോട്ട് ചെയ്തു. പരാജയം താല്‍കാലികമാണ്. മുമ്പും ഇത്തരം പരാജയങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇതിനെ അതിജീവിക്കാന്‍ ഇടതു മുന്നണിക്ക് കഴിയും. ഓരോ പാര്‍ലമെന്റ് മണ്ഡലം അടിസ്ഥാനത്തിലും പരിശോധിക്കുമെന്നും കോടിയേരി വ്യക്തമാക്കി. തെറ്റുണ്ടെങ്കില്‍ തിരുത്തും. സംഘടനാപ്രശ്‌നങ്ങള്‍ ഉണ്ടായില്ലെന്നും കോടിയേരി പറഞ്ഞു.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar