ഗോത്രവര്‍ഗ കുടുംബങ്ങളെയും അംഗങ്ങളാക്കാന്‍ കുടുംബശ്രീ വിപുല പദ്ധതി
കോഴിക്കോട്: സംസ്ഥാനത്തെ മുഴുവൻ ഗോത്രവര്‍ഗ കുടുംബങ്ങളെയും അംഗങ്ങളാക്കാന്‍ കുടുംബശ്രീ വിപുല പദ്ധതി നടപ്പാക്കുന്നു. ഇതിന്റെ ഭാഗമായി അയല്‍ക്കൂട്ട രൂപീകരണവും നേതൃത്വവും ശക്തിപ്പെടുത്തി പിന്നാക്ക മേഖലകളില്‍ കൂടുതല്‍ സംരംഭകത്വ- വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും. ഒരു വര്‍ഷത്തിനുള്ളിൽ മുഴുവൻ ഗോത്രവര്‍ഗ കുടുംബങ്ങളെയും കുടുംബശ്രീയിൽ അംഗങ്ങളാക്കുകയാണ് ലക്ഷ്യം. കുടുംബശ്രീ അയല്‍ക്കൂട്ട പ്രവര്‍ത്തനങ്ങളില്‍ ഏറെ പിന്നില്‍ നില്ക്കുന്ന ആറളം, തിരുനെല്ലി, നിലമ്പൂര്‍ എന്നിവിടങ്ങളിലെ ഗോത്ര വിഭാഗങ്ങളിലും തൃശൂരിലെ “കാഡര്‍’ പത്തനംതിട്ടയിലെ “മലമ്പണ്ടാര’, കാസർഗോട്ടെ “കൊറഗ’,വിഭാഗങ്ങളിലും ഈ വര്‍ഷം പ്രവര്‍ത്തനം കേന്ദ്രീകരിക്കാനാണ് കുടുംബശ്രീയുടെ തീരുമാനം. അയല്ക്കൂട്ടങ്ങളില്ലാത്ത മറ്റ് ഊരുകളിലും ഒറ്റപ്പെട്ടു കഴിയുന്ന ആദിവാസി കുടുംബങ്ങളിലും കുടുംബശ്രീ പ്രവര്‍ത്തനം ശക്തിപ്പെടുത്തും.
സംസ്ഥാനത്തെ 1,27,987 ഗോത്രവര്‍ഗ കുടുംബങ്ങളില്‍ 1,06,162 കുടുംബങ്ങളും അയല്‍ക്കൂട്ടങ്ങളില്‍ സജീവ പ്രവര്‍ത്തകരാണെന്ന് കുടുംബശ്രീയുടെ കണക്കുകള്‍ പറയുന്നു. അംഗങ്ങളല്ലാത്ത ശേഷിക്കുന്ന 21,825 കുടുംബങ്ങളെയും ഈ വര്‍ഷത്തിനുള്ളില്‍ അംഗങ്ങളാക്കാനാണു ലക്ഷ്യം. പലയിടങ്ങളിലും മുൻപ് അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിച്ചിരുന്നെങ്കിലും നടത്തിപ്പു തടസപ്പെട്ട് പാതിവഴിയില്‍ നിര്‍ത്തുകയായിരുന്നു. ഇത്തരം പ്രശ്നങ്ങള്‍ പരിഹരിച്ച് ഗോത്ര ഊരുകളിൽ പ്രവര്‍ത്തനം ശക്തമാക്കും. ഗോത്രവര്‍ഗങ്ങളില്‍ നിന്ന് താരതമ്യേന വിദ്യാഭ്യാസമുള്ളവരെ തന്നെ അനിമേറ്റര്‍മാരായി നിയോഗിച്ചും എല്ലാ അയല്‍ക്കൂട്ടങ്ങളിലേക്കും പ്രത്യേക എഡിഎസുമാരെ നിയമിച്ചും നടത്തിപ്പു സുഗമമാക്കാനാണു പദ്ധതി. അതോടൊപ്പം ഊരു മൂപ്പന്മാര്ക്ക് പ്രത്യേക പരിശീലനം നല്കി അയല്‍ക്കൂട്ടങ്ങളുമായി സഹകരിച്ചു പ്രവര്‍ത്തിപ്പിക്കും. ഇത്തരം മാതൃക അട്ടപ്പാടിയില്‍ വിജയിച്ചതോടെയാണു കൂടുതല്‍ ഭാഗങ്ങളിലേക്കു വ്യാപിപ്പിക്കുന്നത്. ആറളം, തിരുനെല്ലി, നിലമ്പൂര്‍ എന്നിവിടങ്ങളില്‍ കഴിഞ്ഞ ഒരു മാസത്തിനിടയില്‍ ഈ മാതൃകയില്‍ 70ല്‍ പരം ഗ്രൂപ്പുകള്‍ രൂപീകരിച്ചിട്ടുണ്ട്.
ഒറ്റപ്പെട്ടു താമസിക്കുന്ന വിഭാഗങ്ങളെ കുടുംബശ്രീയില്‍ അംഗമാക്കുന്നതിന്റെ പ്രവര്‍ത്തനങ്ങൾ ആലപ്പുഴയിലാണ് തുടങ്ങിയത്. “ഉള്ളാട’ വിഭാഗത്തിലുള്ള കുടുംബങ്ങളില്‍ അയല്‍ക്കൂട്ട ഗ്രൂപ്പ് രൂപീകരിച്ച് കയര്‍ പരിശീലനവും നടത്തിയിരുന്നു. ഇത്തരം കുടുംബങ്ങളുടെ ജീവിതസാഹചര്യം പഠിച്ച് വ്യക്തിഗത കുടുംബാവകാശ പദ്ധതി രൂപീകരിച്ച് കുടുംബശ്രീയിലൂടെ നടപ്പാക്കും.
അംഗത്വ പ്രവര്‍ത്തനങ്ങള്‍ക്കു ശേഷം പഠനം പാതിവഴിയില്‍ നിര്‍ത്തിയവര്‍ക്കായി ബ്രിഡ്ജ് കോഴ്സ്, സമൂഹ അടുക്കള, കൃഷി കൂട്ടായ്മകള്‍, കരകൗശല- കൈത്തറി വസ്ത്രങ്ങളുടെ ഉത്പ്പാദനവും വില്‍പ്പനയും, തയ്യല്‍ യൂണിറ്റ് തുടങ്ങിയ സംരംഭങ്ങളിലൂടെ ഗോത്രവിഭാഗങ്ങളുടെ ഉപജീവന മാര്‍ഗങ്ങള്‍ വികസിപ്പിക്കും. അതോടൊപ്പം എല്ലാ ജില്ലയിലെയും തെരഞ്ഞടുക്കപ്പെട്ട 51 പഞ്ചായത്തുകളില്‍ വിവിധ വകുപ്പുകളുടെ സഹായത്തോടെ ഗോത്ര വിഭാഗങ്ങള്‍ക്കായി സംയോജന പ്രവര്‍ത്തനങ്ങള്‍ നടത്താനും പദ്ധതി തുടങ്ങിയിട്ടുണ്ട്.
0 Comments