കുവൈത്തില്‍ പുതിയ മന്ത്രിസഭ സത്യ പ്രതിജ്ഞ ചെയ്തു അധികാരമേറ്റു.

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഷൈഖ് സബാഹ് അല്‍ ഖാലിദ് ന്റെ നേതൃത്വത്തിലുള്ള 15 അംഗ മന്ത്രിസഭ സത്യ പ്രതിജ്ഞ ചെയ്തു അധികാരമേറ്റു. മൂന്നു വനിതകളെയും രാജ കുടുംബത്തില്‍ നിന്നുള്ള രണ്ടു പുതുമുഖങ്ങളെയും ഉള്‍പ്പെടുത്തിയാണു മന്ത്രിസഭ രൂപീകരിച്ചത്. ചരിത്രത്തില്‍ ആദ്യമായി ആഭ്യന്തര മന്ത്രിയുടെ ചുമതല രാജ കുടുംബത്തിനു പുറത്തുള്ള മറ്റൊരാളാകും വഹിക്കുക എന്നതും പുതിയ മന്ത്രിസഭയുടെ പ്രത്യേകതയാണ്. നേരത്തെ വിവിധ ആരോപണങ്ങള്‍ നേരിട്ട മന്ത്രിമാരെ മാറ്റി നിര്‍ത്തിയാണു മന്ത്രി സഭ രൂപീകരിച്ചത്. ഷൈഖ് അഹമദ് നാസര്‍ മന്‍സൂര്‍ അല്‍ സബാഹാണു പുതിയ പ്രതിരോധ വകുപ്പ് മന്ത്രി. ഇദ്ദേഹത്തിനു ഉപപ്രധാന മന്ത്രിയുടെ ചുമതലയും നല്‍കി.
കാവല്‍ മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രിയുടെ ചുമതല വഹിച്ചിരുന്ന അനസ് അല്‍ സാലിഹിനു തന്നെയാണു പുതിയ മന്ത്രിസഭയിലും ആഭ്യന്തര മന്ത്രാലയത്തിന്റെ ചുമതല നല്‍കിയിരിക്കുന്നത്. കേബിനറ്റ് കാര്യങ്ങളുടെ അധിക ചുമതലയും ഇദ്ദേഹത്തിനായിരിക്കും. ഡോ.അഹമദ് അല്‍ നാസര്‍ അല്‍ മുഹമ്മദ് അല്‍ സബാഹിനാണു വിദേശ കാര്യ മന്ത്രാലയത്തിന്റെ ചുമതല. കഴിഞ്ഞ മന്ത്രിസഭയില്‍ ധനകാര്യ മന്ത്രാലയത്തിന്റെ താല്‍ക്കാലിക ചുമതല വഹിച്ച ഏക വനിതാ മന്ത്രിയായ മറിയം അഖീലിനെ ധനകാര്യ മന്ത്രാലയത്തില്‍ കേബിനറ്റ് റാങ്ക് നല്‍കി സ്ഥിരപ്പെടുത്തി. സാമ്പത്തിക ആസൂത്രണ വകുപ്പും ഇവര്‍ തന്നെയാകും വഹിക്കുക. ഡോ.ഗദീര്‍ മുഹമ്മദ് അല്‍ അസീരി, റനാ അല്‍ ഫാരിസി എന്നിവരാണു മന്ത്രി സഭയില്‍ കന്നിക്കാരായ മറ്റു വനിതാ മന്ത്രിമാര്‍. ഇവര്‍ക്ക് യഥാക്രമം സാമൂഹിക ക്ഷേമം, പൊതുമരാമത്ത്, പാര്‍പ്പിട കാര്യങ്ങളുടെ ചുമതലയാണു നല്‍കിയത്. കഴിഞ്ഞ മന്ത്രിസഭയില്‍ ആരോഗ്യമന്ത്രാലയത്തിന്റെ ചുമതല വഹിച്ച ഡോ. ബാസില്‍ അല്‍ സബാഹിനു തന്നെയാണു ഇത്തവണയും ആരോഗ്യ മന്ത്രാലയത്തിന്റെ ചുമതല. മറ്റു മന്ത്രിമാരും വകുപ്പുകളും. ഖാലിദ് അല്‍ റൗദാന്‍ (വ്യവസായം) ഡീ.മുഹമ്മദ് അല്‍ ജബിരി (വാര്‍ത്താ വിതരണം, സ്പോര്‍ട്ട്സ്, യുവജന ക്ഷേമം), ഡോ.മുഹമ്മദ് മുഹ്സിന്‍ അല്‍ അഫാസി (നീതിന്യായം, ഇസ്ലാമിക കാര്യം), ഡോ.ഖാലിദ് അല്‍ ഫാദില്‍ (എണ്ണ, ജല, വൈദ്യുതി), സൗദ് ഹിലാല്‍ അല്‍ ഹറബി (വിദ്യാഭ്യാസം), മുബാറക് സാലെം അല്‍ ഹുറൈസ് (പാര്‍ലമെന്ററി കാര്യം), വലീദ് ഖലീഫ അല്‍ ജാസിം (മുന്‍സിപ്പ്പല്‍ കാര്യം). രാജ്യ ചരിത്രത്തിലെ 35ാംമത്തേതും നടപ്പ് പാര്‍ലമെന്റിലെ മൂന്നാമത്തെ മന്ത്രിസഭയുമാണു ഇന്ന് അധികാരമേറ്റത്. സ്വതന്ത്ര കുവൈത്തിന്റെ ചരിത്രത്തിലെ പ്രധാനമന്ത്രി പദവിയില്‍ എത്തുന്ന എട്ടാമത്തെ വ്യക്തിയാണു ഷൈഖ് സബാഹ് അല്‍ ഖാലിദ് അല്‍ അല്‍സബാഹ്. പാര്‍ലെമന്റ് തിരഞ്ഞെടുപ്പിനു കേവലം പത്തു മാസം മാത്രം ബാക്കിയിരിക്കെ രൂപീകരിച്ച പുതിയ മന്ത്രിസഭയില്‍ മികച്ച പ്രതിച്ഛായയും വിദ്യാ സമ്പന്നരായ വ്യക്തിത്വങ്ങളെ ഉള്‍പ്പെടുത്തുകയും ചെയ്തതത് ശ്രദ്ദേയമാണ്.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar