ലെനിന്‍ രാജേന്ദ്രന്‍ അന്തരിച്ചു.
ചെന്നൈ:പത്തൊമ്പത് മലയാള ചിത്രങ്ങളിലൂടെ മലയാളിയുടെ മനസ്സില്‍ സ്ഥാനം അലങ്കരിച്ച പ്രമുഖ ചലിച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ലെനിന്‍ രാജേന്ദ്രന്‍ അന്തരിച്ചു. 67 വയസായിരുന്നു.ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. രണ്ടാഴ്ച മുമ്പ് കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബം. മരണ സമയത്ത് കുടുംബാംഗങ്ങള്‍ അടുത്തുണ്ടായിരുന്നു. ഭാര്യ:ഡോ.രമണി,മകള്‍:ഡോ. പാര്‍വതി,മകന്‍:ഗൗതമന്‍.
എണ്‍പതുകളുടെ തുടക്കത്തില്‍ മലയാളത്തിലെ നവസിനിമയുടെ വക്താക്കളിലൊരാളായാണ് ലെനിന്‍ രാജേന്ദ്രന്റെ രംഗപ്രവേശം. 1981ല്‍ പുറത്തിറങ്ങിയ വേനല്‍ ആണ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം. ചില്ല്, പ്രേംനസീറിനെ കാണാന്മാനില്ല, മീനമാസത്തിലെ സൂര്യന്‍, സ്വാതി തിരുനാള്‍, പുരാവൃത്തം, വചനം, ദൈവത്തിന്റെ വികൃതികള്‍, കുലം, മഴ, അന്യര്‍, രാത്രിമഴ, മകരമഞ്ഞ്, ഇടവപ്പാതി എന്നിവയാണ് അദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങള്‍.
വേലുക്കുട്ടിയുടെയും ഭാസമ്മയുടെയും മകനായി തിരുവനന്തപുരത്തെ ഊരൂട്ടമ്പലത്ത് ജനിച്ച അദ്ദേഹം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലായിരുന്നു പഠനം. പഠിക്കുന്ന കാലത്ത് എസ്എഫ്‌ഐയുടെ സജീവ പ്രവര്‍ത്തകനായിരുന്നു. ദൈവത്തിന്റെ വികൃതികള്‍ എന്ന ചിത്രത്തിന് 1992ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും കുലം എന്ന ചിത്രത്തിന് 1996ലെ സംസ്ഥാന പുരസ്‌കാരവും നേടി. 2006ല്‍ മികച്ച സംവിധായകനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം നേടിയിട്ടുണ്ട്. ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനായും പ്രവര്‍ത്തിച്ചു.
0 Comments