ലിപി – പ്രവാസലോകം സാഹിത്യപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

കോഴിക്കോട്: കേരളത്തിലെ പ്രമുഖ പ്രസാധനാലയമായ ലിപി പബ്ലിക്കേഷന്‍സിന്റെ ഇരുപത്തി നാലാം വാര്‍ഷികത്തോടനുബന്ധിച്ച് പ്രവാസലോകം ഓണ്‍ലൈന്‍ ന്യൂസ്‌പോര്‍ട്ടലുമായി ചേര്‍ന്ന് സാഹിത്യ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഒ.പി. ഹരീശന്‍ എഴുതിയ ‘ഭ്രാന്തനായ ദൈവം’ എന്ന കഥാസമാഹാരത്തിനാണ് കഥാപുരസ്‌കാരം. കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി തളിയില്‍ സ്വദേശിയായ ഹരീശന്‍ കാവിലുംപാറ സബ് രജിസ്ട്രാര്‍ ആപ്പീസില്‍ മുദ്രപത്രം വെണ്ടറായി ജോലി നോക്കുകയാണ്. കാളി, തേവിടിശ്ശിക്കല്ല് (നോവല്‍), ഭ്രാന്തന്‍, ഗ്രാമം, ക്ഷുരകശാന്തി (കഥകള്‍) എന്നീ കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പതിനേഴ് കഥകള്‍ അടങ്ങിയ ‘ഭ്രാന്തനായ ദൈവം’ എന്ന കഥാസമാഹാരം 2015ലാണ് ലിപി പ്രസിദ്ധീകരിച്ചത്. ഗ്രാമീണ ജീവിതങ്ങളെ മികവുറ്റ കഥാപാത്രങ്ങളാക്കി എഴുതുന്ന ഒ.പി ഹരീശന്‍ പ്രതീക്ഷ നല്‍കുന്ന എഴുത്തുകാരനാണ്.
കെ.എക്‌സ് ട്രീസയുടെ ‘രംഗവേദി’ എന്ന കവിതാ സമാഹാരത്തിനാണ് ലിപി-പ്രവാസലോകം കവിതാപുരസ്‌കാരം. ഇന്‍ഡോ സോഷ്യോ ഡെവലപ്‌മെന്റ് അസോസിയേഷന്‍ ന്യൂഡല്‍ഹി (കടഉഅ) യുടെ രാഷ്ട്രീയ കലാ നിര്‍മ്മാണ്‍ അവാര്‍ഡ്, തിരുവനന്തപുരം സംസരണം സാഹിത്യ സമിതിയുടെ രവീന്ദ്രനാഥ ടാഗോര്‍ സ്മാരക അവാര്‍ഡ്, ഗ്ലോറിയസ് ഓര്‍ഗനൈസേഷന്‍ ഫോര്‍ ആക്‌സിലറേറ്റഡ് ലിറ്ററസി (ഏഛഅഘ) ന്യൂഡല്‍ഹിയുടെ ഇന്ത്യന്‍ ഐകോണിക് പേഴ്‌സണാലിറ്റി അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. വിവിധ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സ്വന്തമായി പഠിച്ച് പത്ത് പോസ്റ്റ് ഗ്രാജുവേഷന്‍ നേടിയ ട്രീസ, കാലിക്കറ്റ് ഗേള്‍സ് ഹൈസ്‌കൂളില്‍ മുപ്പത്തിരണ്ട് വര്‍ഷം അധ്യാപികയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ‘യവനിക ഉയരുമ്പോള്‍’ എന്ന കവിതാ സമാഹാരവും ‘കാത്തിരുന്ന കാലം’ എന്ന നോവലും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.
‘കാത്തിരുന്ന കാലം’ സൂര്യ ടെലിവിഷന്‍ പരമ്പരയായി പ്രദര്‍ശിപ്പിച്ചിരുന്നു. സംഗീതത്തിലും സാഹിത്യത്തിലും ഏറെ ശ്രദ്ധേയമായ പ്രവര്‍ത്തനം നടത്തിയ ട്രീസ ടീച്ചര്‍ കോഴിക്കോട് ബാബുരാജ് മെമ്മോറിയല്‍ മ്യൂസിക് അക്കാദമിയില്‍ പ്രിന്‍സിപ്പലായി സേവനമനുഷ്ഠിക്കുകയാണ് ഇപ്പോള്‍. കോഴിക്കോട് ചേവായൂര്‍ സ്വദേശിനി.
ലിപി-പ്രവാസലോകം നോവല്‍ പുരസ്‌കാരം ബേപ്പൂര്‍ മുരളീധര പണിക്കരും (തളിര്‍ക്കാതെ പോയ കിനാക്കള്‍) ബിനോയ് വരകില്‍ (വിശുദ്ധ കേളന്‍) നേടി. നിരവധി ഗ്രന്ഥങ്ങളുടെ ഉടമയായ മുരളീധര പണിക്കര്‍ പാഥേയം, അഴിനില, മൂകസന്ധ്യ, സ്‌നേഹതീരം, ജ്യോതിഷപ്രഭ, ഹരിഹരനാദം, ചുംബനസമരം, ഗ്രാമം, മതങ്ങളെ സാക്ഷി, വെളിച്ചപാതയിലെ സ്വപ്നലോകം, കൃഷ്ണസഖി, ഒരു യാത്രയുടെ അന്ത്യം, സൂര്യപുത്രിയുടെ ഓര്‍മ്മയ്ക്ക്, മണ്‍തോണി, ബേപ്പൂര്‍ തമ്പി, സീതാപതി, ഏറാടിന്റെ കറുത്ത സൂര്യന്‍ എന്നീ കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജ്യോതിഷ പണ്ഡിതനായ ബേപ്പൂര്‍ മുരളീധര പണിക്കര്‍ക്ക് ആര്യഭട്ടീയം, ഭാസ്‌കരീയം, ജ്യോതിഷ ശ്രേഷ്ഠാചാര്യ-പരാശരി, കര്‍മ്മ കീര്‍ത്തി പുരസ്‌കാരങ്ങളും നേരത്തെ ലഭിച്ചിട്ടുണ്ട്. നാടക രചനയും നിര്‍വഹിച്ച ശ്രദ്ധേയനായ ബേപ്പൂര്‍ മുരളീധര പണിക്കരുടെ ‘തളിര്‍ക്കാതെ പോയ കിനാക്കള്‍’ എന്ന നോവല്‍ കാലത്തിന്റെ ശരിതെറ്റുകള്‍ അടയാളപ്പെടുത്തുന്ന ഹൃദ്യമായ ഒരു പ്രണയകഥയാണ്.
ഇംഗ്ലീഷിലും മലയാളത്തിലുമായി പതിമൂന്ന് ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ച ബിനോയ് വരകില്‍ കോഴിക്കോട് ജില്ലയിലെ തോട്ടുമുക്കം സ്വദേശിയാണ്. ലൈഫ് ആന്റ് ബിയോണ്ട്, മൗണ്ടെയ്ന്‍ റിവേഴ്‌സ് ആന്റ് സോള്‍ജിയേഴ്‌സ്, ദി റിവര്‍ ദാറ്റ് കാരിയേഴ്‌സ് ഗോള്‍ഡ് എന്നീ ഫിക്ഷന്‍ ഗ്രന്ഥങ്ങള്‍ ഏറെ ശ്രദ്ധേയമാണ്. പാരിസ്ഥിതികാവബോധവും ദളിത് കാഴ്ചപ്പാടും കാര്‍ഷികമേഖലയുടെ ഹൃദയതാളവും സമ്മേളിപ്പിച്ച് കുടിയേറ്റ ജനതയുടെ ജീവിതത്തെ വായനാലോകത്തിന് സുപരിചിതമാക്കുകയാണ് വിശുദ്ധ കേളന്‍ എന്ന നോവല്‍. പ്രകൃതിയെപ്പോലെ വൈവിധ്യമാര്‍ന്ന പാത്രസൃഷ്ടിയിലൂടെ വികസിക്കുന്ന നോവല്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ് കോളേജ് ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായ ബിനോയ് വരകില്‍ ബി.എന്‍, എന്‍.സി.സി ആര്‍മിയുടെ കമ്പനി കമാന്‍ഡര്‍ കൂടിയാണ്. അധ്യാപനരംഗത്തും സാഹിത്യരംഗത്തും ശ്രദ്ധേയനായ ബിനോയ് വരകില്‍ നേരത്തെ അന്താരാഷ്ട്ര കവിതാ മത്സരത്തില്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹനായിട്ടുണ്ട്.
ജൂലായ് പതിനഞ്ചിന് കോഴിക്കോട് ടൗണ്‍ഹാളില്‍ നടക്കുന്ന പരിപാടിയില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുമെന്ന് ലിപി പബ്ലിക്കേഷന്‍സിന്റ എം.വി അക്ബര്‍ പ്രവാസലോകം ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ എഡിറ്റര്‍ അമ്മാര്‍ കിഴുപറമ്പ് എന്നിവര്‍ അറിയിച്ചു.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar