എം സ്വരാജ് നിയമസഭയില്‍ നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണ്ണ രൂപം
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രമേയം കേരള നിയമസഭ പാസ്സാക്കി. ഇതോടനുബന്ധിച്ചു് ഇന്ന് നിയമ സഭയില്‍ നടന്ന ചര്‍ച്ചയില്‍ എം സ്വരാജ നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണ്ണ രൂപം…………………………………………………………………………………………….
ആര്‍.എസ്.എസും ബി.ജെ.പിയും ഇന്ത്യയുടെ ഭരണഘടനയുടെ മതനിരപേക്ഷ സ്വഭാവത്തെയാണ് ഇല്ലാതാക്കുന്നതെന്നും പൗരത്വ നിയമത്തെ കുറിച്ച് പച്ചക്കള്ളമാണ് സംഘപരിവാരം ഇന്ത്യ മുഴുവന്‍ ഇപ്പോള്‍ പ്രചരിപ്പിക്കുന്നതെന്നും നിയമസഭയില്‍ എം. സ്വരാജ് എം.എല്‍.എ.
പച്ചക്കള്ളത്തിന്റെ പ്രതലത്തിലല്ലാതെ സംഘപരിവാര്‍ രാഷ്ട്രീയത്തിന് നിവര്‍ന്നുനില്‍ക്കാന്‍ കഴിയില്ലെന്നാണ് വര്‍ത്തമാന കാല ഇന്ത്യ തിരിച്ചറിയുന്ന യാഥാര്‍ത്ഥ്യം. പൗരത്വ നിയമവും പൗരത്വ രജിസ്റ്ററും കൂട്ടിവായിക്കുമ്പോഴല്ലേ ചിത്രം യാഥാര്‍ത്ഥ്യമാകുക.
പതിറ്റാണ്ടുകളായി ഇന്ത്യന്‍ മണ്ണില്‍ ജീവിച്ച ഇന്ത്യയുടെ പ്രഥമ പൗരനായി തിരഞ്ഞെടുക്കപ്പെട്ട ഫക്രുദ്ദീന്‍ അലി അഹമ്മദിന്റെ കുടുംബം എങ്ങനെ ഇന്ത്യന്‍ പൗരന്മാര്‍ അല്ലാതായി? കാര്‍ഗിലില്‍ അതിര്‍ത്തി കാത്തതിന് പ്രസിഡന്റിന്റെ മെഡല്‍ വാങ്ങിയ മുഹമ്മദ് സനാവുള്ള ഖാന്‍ എങ്ങിനെ ഇന്ത്യന്‍ പൗരനല്ലാതായി മാറി?
ഇന്ത്യന്‍ സൈന്യത്തില്‍ വിശിഷ്ട സേവനം നടത്തിയ മുഹമ്മദ് അസ്മല്‍ ഹക്ക് എങ്ങനെ ഇന്ത്യന്‍ പൗരനല്ലാതായി മാറി?
ഇതിനെല്ലാം നിങ്ങള്‍ മറുപടി പറയണം. ബോധപൂര്‍വം ഈ രാജ്യത്തെ ഗണ്യമായ വിഭാഗത്തെ ആട്ടിയോടിക്കാനും തടങ്കല്‍ പാളയത്തിലേക്ക് ആനയിക്കാനും കൊണ്ടുവന്ന നിയമമാണ് ഇത്.
ബഹുമാനപ്പെട്ട നിയമാംഗമായ രാജഗോപാലിനോട്, 90 ാമത്തെ ഈ വയസിലെങ്കിലും മനുഷ്യത്വത്തിന്റെ സ്പര്‍ശമുള്ള ഒരു വാക്ക് ഇവിടെ പറയാന്‍ സാധിക്കാതെ പോകുന്നുണ്ടെങ്കില്‍ അങ്ങയുടെ രാഷ്ട്രീയം എത്രമാത്രം മലീമസവും ഹിംസാത്മകയവുമാണ് എന്ന് ഭയത്തോട് കൂടി തിരിച്ചറിയുകയാണ് ഞങ്ങള്‍.
ഇവിടെ ജീവിക്കുന്നവരോട് രേഖ ചോദിക്കുകയാണ്. പതിറ്റാണ്ടുകളായി ഈ മണ്ണില്‍ ജീവിക്കുന്നവരോട് പൗരത്വം ചോദിക്കുകയാണ്. എല്ലാ മതവിഭാഗത്തിലും പെട്ട വീരശൂരപരാക്രമികളായ എത്രയെത്ര രക്തസാക്ഷികള്‍ ഇവിടെയുണ്ട്? കേരളത്തില്‍ എത്ര അനുഭവമുണ്ട്?
മുസ്ലീം സമുദായത്തെയാകെ തുടച്ചുനീക്കാനും ആട്ടിപ്പായിക്കാനും ഉതകുന്ന ഈ നിയമം തയ്യാറാക്കുമ്പോള്‍ നിങ്ങള്‍ മലബാറിലെ സ്വാതന്ത്ര്യപ്രക്ഷോഭത്തിന്റെ ചരിത്രം പരിശോധിച്ചിട്ടുണ്ടോ? എത്രയെത്ര അനുഭവങ്ങളാണ് അവിടെയുള്ളത്.
1852 ല്‍ ബ്രിട്ടന്‍ നാടുകടത്തിയ സയ്യദ് ഫസല്‍ പൂക്കോയ തങ്ങളുടെ പേര് നിങ്ങള്‍ കേട്ടിട്ടുണ്ടോ? നിങ്ങള്‍ മമ്പുറം എന്നൊരു നാടിനെ കുറിച്ച് അറിയുമോ? വാഴക്കാടിനടുത്ത് കൊന്നാരയെന്നൊരു ഗ്രാമമുണ്ട്. ആ കൊന്നാര മഖാം ഇന്നും ചരിത്രസ്മാരകമായി നിലനില്‍ക്കുന്നു. മുസ്ലീം ദേവാലയമായിരുന്നു. ബ്രിട്ടന്‍ വെടിവെച്ചു തകര്‍ത്തതാണ്.
അന്നത്തെ സ്വാതന്ത്ര്യ സമരത്തിന്റെ ഒരു കേന്ദ്രം അതായിരുന്നു. ഇന്നും അത് വഴി കടന്നുപോകുമ്പോള്‍ കൊന്നാര മഖാമിന്റെ വാതായനങ്ങളില്‍ പതിഞ്ഞിട്ടുള്ള നീക്കം ചെയ്യാത്ത വെടിയുണ്ടകള്‍ നിങ്ങള്‍ കാണണം.
അവിടെ നിന്നും ബ്രിട്ടന്‍ ബലംപ്രയോഗിച്ച് അറസ്റ്റു ചെയ്ത സയ്യിദ് മുഹമ്മദ് കോയ തങ്ങളെ കോയമ്പത്തൂരില്‍ കൊണ്ടുപോയി തൂക്കിലേറ്റുകയാണ് ചെയ്തത്.
നിങ്ങള്‍ക്ക് വാരിയംകുന്നത് കുഞ്ഞഹമ്മദ് ഹാജിയെന്ന പേരറിയുമോ? ബ്രിട്ടന്റെ സൈനികാധിപത്യത്തെ വെല്ലുവിളിച്ചുകൊണ്ട് സ്വന്തമായി ഒരു രാഷ്ട്രം സ്ഥാപിച്ച ആളായിരുന്നു. തന്റെ റിപ്പബ്ലിക്കിന് അദ്ദേഹമിട്ട പേര് മലയാള രാജ്യമെന്നായിരുന്നു.
ബലംപ്രയോഗിച്ച് ബ്രിട്ടന്‍ അദ്ദേഹത്തെ കീഴ്പ്പെടുത്തി. മൃഗീയമായ മര്‍ദ്ദനത്തിലൂടെ പരിണിത പ്രജ്ഞനാക്കി. മീശയിലെ ഓരോ രോമങ്ങളും പിഴുതെടുത്ത് അവസാനം ഒരു ഓഫര്‍ മുന്നോട്ടുവെച്ചു. നിങ്ങള്‍ മാപ്പപേക്ഷ എഴുതി തന്നാല്‍ നിങ്ങള്‍ സ്വാതന്ത്ര്യ സമരം അവസാനിപ്പിച്ചാല്‍, നിങ്ങളെ മക്കയില്‍ സുഖമായി ജീവിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തിത്തരാം എന്നായിരുന്നു ബ്രിട്ടീഷ് സൈനിക മേധാവി പറഞ്ഞത്.
ആ ഓഫറിന് മുന്നില്‍ മൃതപ്രായനായെങ്കിലും പുഞ്ചിരിമായാത്ത മുഖവുമായി വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി മറുപടി പറഞ്ഞുവത്രെ മക്കയെനിക്ക് ഇഷ്ടമാണ്, പക്ഷേ നിങ്ങള്‍ അറിയണം, ഞാന്‍ പിറന്നുവീണത് മക്കയിലല്ല, സമരപോരാട്ടങ്ങളുടെ വീരേതിഹാസങ്ങള്‍ ഉറങ്ങുന്ന ഏറനാടാണ്. ഈ മണ്ണില്‍ ഞാന്‍ മരിച്ചുവീഴും. ഈ മണ്ണില്‍ ഞാന്‍ ലയിച്ചുചേരും. ഈ വാക്കാണ് അദ്ദേഹം പറഞ്ഞത്.
അദ്ദേഹത്തെ വധശിക്ഷയ്ക്ക് വിധിച്ചു. അദ്ദേഹം പറഞ്ഞത് പിറന്ന നാടിന് വേണ്ടി രക്തസാക്ഷിയാകാന്‍ എനിക്ക് ഒരവസരം കൈവന്നിരിക്കുന്നു എന്നാണ്. അദ്ദേഹത്തിന്റെ ആഗ്രഹ പ്രകാരം മുന്നില്‍ നിന്ന് വെടിവെച്ചാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയത്.
അന്ന് കണ്ണ് കെട്ടി പിന്നില്‍ നിന്ന് വെടിവെച്ചാണ് ആളുകളെ കൊന്നു കൊണ്ടിരുന്നത്. അവസാനത്തെ ആഗ്രഹം ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു, നിങ്ങള്‍ എന്റെ കണ്ണ് കെട്ടരുത്. നിങ്ങള്‍ എന്നെ മുന്നില്‍ നിന്ന് വെടിവെക്കണം. അങ്ങനെ പറഞ്ഞ ധീരന്മാരുടെ നാടാണ് ഈ നാട്.
ആലിമുസ്ലിയാരുടെ നാടാണ് ഈ നാട്. ഇന്ത്യയില്‍ ആകെ ഒരിടത്തുമാത്രമേ ബ്രിട്ടീഷ് പട്ടാളത്തോട് സിവിലിയന്‍മാര്‍ നേരിട്ട് ഏറ്റുമുട്ടിയിട്ടുള്ളൂ. അത് ഇന്നത്തെ മലപ്പുറം ജില്ലയിലെ പൂക്കോട്ടൂരിലെ മണ്ണിലാണ്. ഇന്നും അവിടെ യുദ്ധസ്മാരകം ഉണ്ട്. ബ്രിട്ടീഷ് പട്ടാളത്തെ തോല്‍പ്പിച്ചവരാണ് ഈ ഏറനാട്ടിലെ മാപ്പിളമാര്‍. ആ പ്രൗഢഗംഭീരമായ ഭൂതകാലം നിലനില്‍ക്കുമ്പോഴാണ് നിങ്ങള്‍ ഒരു ജനതയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തി തുടച്ചുനീക്കാനുള്ള സമീപനം സ്വീകരിക്കുന്നത്.
1935ല്‍ ഹിറ്റ്ലര്‍ ജൂതന്‍മാര്‍ക്കെതിരെ തടങ്കല്‍പാളയം ഉണ്ടാക്കി ദശലക്ഷക്കണക്കിന് ജൂതന്‍മാരെ കൊന്ന് പത്താംകൊല്ലം ഹിറ്റ്ലര്‍ക്ക് ആത്മഹത്യ ചെയ്യേണ്ടി വന്നു. അതാണ് ചരിത്രം.
ലക്ഷക്കണക്കിന് മനുഷ്യന്‍മാരെ കൊലപ്പെടുത്തിയ കുപ്രസിദ്ധമായ ഓഷ്വിക്സിലെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പ് പിന്നീട് മ്യൂസിയമായി മാറി. അതിന്റെ കവാടത്തില്‍ ‘ചരിത്രം മറക്കുന്നവരെ ചരിത്രം ശിക്ഷിക്കു’മെന്ന് എഴുതി വെച്ചിട്ടുണ്ട്. ഈ കാലഘട്ടം നരേന്ദ്രമോദിയോട് പറയുന്നത് അതാണ്. ചരിത്രം മറക്കുന്നവരെ ചരിത്രം ശിക്ഷിക്കും. അക്കാര്യത്തില്‍ സംശയം വേണ്ട.
അഭയാര്‍ത്ഥികളെ സ്വീകരിക്കേണ്ടത് മതം നോക്കിയല്ല മനുഷ്യത്വം നോക്കിയാണ്. ഈ നിയമം ലോകത്തിന് മുന്‍പില്‍ ഇന്ത്യയെ നാണംകെടുത്തും. ഇന്ത്യയെ ഒറ്റപ്പെടുത്തും.
മുസ്ലീങ്ങളെ തുടച്ചുനീക്കുന്നതിലേക്കാണ് ഈ നിയമം ഇപ്പോള്‍ വെളിപ്പെട്ടിട്ടുള്ളതെങ്കിലും ഇതൊരു മുസ്ലീം പ്രശ്നമല്ല. ഇതൊരു തുടക്കമാണ്. നാളെ ന്യൂനപക്ഷങ്ങള്‍ക്കും ദളിതുകള്‍ക്കും വിയോജിപ്പുള്ളവര്‍ക്കുമെല്ലാം എതിരായി വരുന്ന ഭരണകൂട നീക്കത്തിന്റെ തുടക്കമാണ്.
ഇത് മുസ്ലീം പ്രശ്നമല്ല, മുസ്ലീം പ്രശ്നം മാത്രമല്ല, ഇത് ഇന്ത്യയുടെ പ്രശ്നമാണ്. മതനിരപേക്ഷതയുടെ പ്രശ്നമാണ്. ആ അര്‍ത്ഥത്തില്‍ ഇതിനെ കാണാന്‍ നമ്മള്‍ തയ്യാറാകണം.
ഹിന്ദുവായ മൗദൂദിയാണ് ഗോള്‍വാള്‍ക്കര്‍ എന്ന് ഓര്‍ത്തുകൊള്ളണം. മുസ്ലീം ആയ ഗോള്‍വാള്‍ക്കര്‍ ആണ് മൗദൂദി എന്ന് ഓര്‍ക്കണം. ഇത് രണ്ടും മനുഷ്യത്വത്തിനും മതനിരപേക്ഷതയ്ക്കും ജനാധിപത്യത്തിനും എതിരാണ്. എല്ലാ മതനിരപേക്ഷ മനുഷ്യരും ഒരുമിച്ച് കൈകോര്‍ത്ത് പിടിച്ച് മനുഷ്യത്വത്തിന്റെ ആശയം ഉയര്‍ത്തി ഈ പ്രതിലോമകരമായ നിയമത്തെ പ്രതിരോധിക്കേണ്ടതുണ്ട്.
നാം സമരം ചെയ്യുന്നത് ഈ രാജ്യത്തെ കൊല്ലുന്ന ശക്തികള്‍ക്കെതിരെയാണ്. രാജ്യവിരുദ്ധരായ കേന്ദ്രസര്‍ക്കാരിനെതിരെയാണ്. ആ സമരത്തിന്റെ പതാക ദേശീയ പതാകയാണ്. നമുക്ക് ഒരുമിച്ച് നില്‍ക്കാനാവണം. ഇന്ത്യയെ രക്ഷിക്കാനാകണം. –
എം. സ്വരാജ്
0 Comments