പിണറായി വിജയന്‍ അവതരിപ്പിച്ച പൗരത്വഭേദഗതി നിയമത്തിനെതിരെയുള്ള പ്രമേയം

കേരള നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച പൗരത്വഭേദഗതി നിയമത്തിനെതിരെയുള്ള പ്രമേയം :
‘ സര്‍,
2019ലെ പൗരത്വ ഭേദഗതി ബില്‍ പാര്‍ലമെന്റിലെ ഇരു സഭകളും അംഗീകരിച്ചതിനെത്തുടര്‍ന്ന് സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ആശങ്കകള്‍ രൂപപ്പെടുകയും രാജ്യവ്യാപകമായി പ്രതിഷേധം ഉയരുകയും ചെയ്തിട്ടുണ്ട്.
കേരളത്തില്‍ പൊതുവില്‍ സമാധാനപരമായ പ്രതിഷേധം ഒറ്റക്കെട്ടായി ഉയര്‍ന്നുവന്നിട്ടുണ്ട്. പൗരത്വം നല്‍കുന്നതിനായി പുതിയ വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിക്കുന്ന, 2019ലെ പൗരത്വഭേദഗതി നിയമം നമ്മുടെ ഭരണഘടനയിലെ പാര്‍ട്ട് 3 ലെ മൗലികാവകാശമായ സമത്വതത്വത്തിന്റെ ലംഘനമാണ്.
ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനം വിവിധ ധാരകളുടെ സമന്വയം കൂടിയായിരുന്നു.അവ മുന്നോട്ടുവച്ച ആധുനിക ജനാധിപത്യത്തെയും മതനിരപേക്ഷ കാഴ്ചപ്പാടിനെയും ഉള്‍ക്കൊണ്ടുകൊണ്ടാണ് ഇന്ത്യന്‍ ഭരണഘടന രൂപപ്പെട്ടുവന്നത്.
പൗരാവകാശങ്ങള്‍ക്കും സമത്വത്തിലധിഷ്ടിതമായ സമൂഹത്തിനും വേണ്ടിയുള്ള പോരാട്ടത്തിലെ ഒരു നാഴികക്കല്ലായി രൂപീകരിക്കപ്പെട്ട നമ്മുടെ ഭരണഘടന ജനാധിപത്യത്തിലും മതനിരപേക്ഷതയിലും സമത്വത്തിലും ശാസ്ത്രീയമനസ്ഥിതിയിലും അധിഷ്ഠിതമായ ഒന്നുകൂടിയാണ്.
വിവിധ ജനവിഭാഗങ്ങളുടെ ജീവിതത്തെയും സംസ്‌കാരത്തെയും ഉള്‍ക്കൊണ്ടുകൊണ്ട് രൂപപ്പെട്ടതാണ് ഇന്ത്യന്‍ ദേശീയത. നാനാത്വത്തില്‍ ഏകത്വം എന്ന വീക്ഷണത്തിന്റെ അടിത്തറ അതുകൊണ്ടുതന്നെയാണ് ഭരണഘടന ഉള്‍ക്കൊണ്ടിട്ടുള്ളത്.
2019ലെ പൗരത്വഭേദഗതി നിയമം പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഘാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് 2014 ഡിസംബര്‍ 31 നു മുന്‍പ് കുടിയേറിപ്പാര്‍ത്ത ഹിന്ദു, സിഖ് , ബുദ്ധ, ജൈന, പാര്‍സി, ക്രിസ്ത്യന്‍ മതവിശ്വാസികള്‍ക്ക് പൗരത്വം നല്‍കുന്നതും മുസ്ലീങ്ങളെ അതില്‍ ഉള്‍പ്പെടുത്താതിരിക്കുകയും ചെയ്യുന്ന വ്യവസ്ഥ ഉള്‍പ്പെടുന്ന ഒന്നാണ്.
മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നിര്‍ണയിക്കപ്പെടുമ്പോള്‍ മതരാഷ്ട്ര സമീപനമാണ് അതില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നത്. ഇത് ഭരണഘടന മുന്നോട്ടുവയ്ക്കുന്ന മതനിരപേക്ഷ കാഴ്ചപ്പാടിന് കടകവിരുദ്ധമായതിനാല്‍ ഈ നിയമം ഭരണഘടനയുടെ അടിസ്ഥാന ഘടനയുമായി പൊരുത്തപ്പെടുന്നില്ല.
ഭരണഘടനയുടെ അടിസ്ഥാനഘടകങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായ മതനിരപേക്ഷത സംരക്ഷിക്കുന്നതിനുള്ള കൂട്ടായ പരിശ്രമം എല്ലാ മതവിഭാഗങ്ങളുടെയും മതനിരപേക്ഷ കാഴ്ചപ്പാടുള്ളവരുടെയും ഭാഗത്തുനിന്ന് ഉണ്ടാകേണ്ട സന്ദര്‍ഭമാണിത്.
നമ്മുടെ രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങളില്‍ ഉയര്‍ന്നുവരുന്ന ആശങ്കകള്‍ കണക്കിലെടുത്തുകൊണ്ട് പൗരത്വം നല്‍കുന്നതില്‍ മതാടിസ്ഥാനത്തിലുള്ള വിവേചനത്തിന് വഴി വയ്ക്കുന്നതും ഭരണഘടന വിഭാവനം ചെയ്യുന്ന മതനിരപേക്ഷത തകര്‍ക്കുന്നതുമായ 2019ലെ പൗരത്വഭേദഗതി നിയമം റദ്ദാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് കേരള നിയമസഭ കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ഥിക്കുന്നു. ‘

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar