മഞ്ജു വനിതാ മതിലില്‍ നിന്നും പിന്മാറുന്നത് ഇത്ര വലിയ അപരാധമോ


മഞ്ജു വനിതാ മതിലില്‍ നിന്നും പിന്‍വാങ്ങിയത് വലിയ അപരാധമാണോ. വ്യക്തി സ്വാതന്ത്യത്തിന്നെതിരെ സംസ്ഥാന സര്‍ക്കാറിലെ ഒരു മന്ത്രി തന്നെ മുന്നിട്ടിറങ്ങുന്നത് ഉചിതമാമോ. തങ്ങള്‍ക്കെതിരു നില്‍ക്കുന്നവരെ അവഹേളിക്കുന്ന നിലപാട് തന്നെയല്ലേ ഫാസിസം. കേരളത്തിലെ ഈ മൂന്നുപേരും മഞ്ജുവിനെതിരെ തിരിയുമ്പോള്‍ ഒരുകാര്യം ഉറപ്പ് .മഞ്ജുവിന്റെ പിന്‍മാറ്റം ഇടതിനെ ഭയപ്പെടുത്തുന്നുണ്ട് എന്ന്. മാത്രവുമല്ല,മതിലില്‍ ഒരാള്‍ പങ്കെടുത്തില്ലെങ്കില്‍ അതയാളുടെ അവകാശമാണ്. പൗര സ്വാതന്ത്യവുമാണ്.മറ്റുള്ളവരുടെ അവകാശ സംരക്ഷണത്തിനുവേണ്ടി നടത്തുന്ന അവകാശ സംരക്ഷണ നവോത്ഥാന മതിലില്‍ നിന്ന് ഒരാള്‍ വിട്ടുനിന്നാല്‍ അയാളെ വ്യക്തിഹത്യ നടത്തുന്നത് ഭൂഷണമല്ല. ആര്‍ക്കും അവരുടെ ഇഷ്ടം സ്വീകരിക്കാനും നിലപാട് തുറന്നു പറയാനും സ്വാതന്ത്യമുണ്ടെന്നിരിക്കെ മതിലില്‍ നിന്നും പിന്മാറി എന്ന കാരണത്താല്‍ അവഹേളിക്കുന്നത് ശരിയല്ല,മഞ്ജു വാര്യര്‍ക്കെതിരെ മണിയും സിന്ധുജോയിയും ജയശങ്കറുമാണ് രംഗത്ത്.
ജയശങ്കറിനെ പോലെ ഒരാള്‍ താഴ്ന്ന രാഷ്ട്രീയം കളിക്കുന്നത് ഒട്ടും ഉചിതമല്ല.മതില്‍ പണിയുന്നവര്‍ക്ക് തന്നെ അതെന്തിനാണെന്ന് വ്യക്തതയില്ലാതിരിക്കെ കേരള ജനതയെ രണ്ട് തട്ടിലാക്കുന്ന സമീപനം ഏതാ.ാലും നവോത്ഥാന നിലപാടല്ലെന്നെങ്കിലും തിരിച്ചറിയുക…..

മഞ്ജു വാര്യര്‍ പിന്മാറിയതിനെതിരേ മന്ത്രി എം.എം മണി രംഗത്ത്.

കേരളത്തില്‍ ഇടതുപക്ഷം നേരിടുന്നതെല്ലാം പ്രതികൂല സാഹചര്യങ്ങളാണ്. സുപ്രിം കോടതി വിധി നടപ്പാക്കാനുള്ള ഉത്തരവാദിത്ത
സര്‍ക്കാരിനുണ്ട്.ശബരിമല യുവതീപ്രവേശനത്തിന്റെ പശ്ചാത്തലത്തിലാണ് വനിതാ മതില്‍ തീരുമാനിച്ചത്.മണി പറഞ്ഞു.
ചലച്ചിത്രതാരം മഞ്ജുവാര്യര്‍ വനിതാമതിലില്‍ നിന്നും പിന്മാറിയത് വനിതാ മതിലിനെ ബാധിക്കില്ല. മഞ്ജുവാര്യരെ പ്രതീക്ഷിച്ചല്ല വനിതാമതില്‍ നിര്‍മിക്കാന്‍ തീരുമാനിച്ചതെന്നും മന്ത്രി മണി പറഞ്ഞു.

അഡ്വക്കറ്റ് എ.ജയശങ്കറിന്റെ പോസ്റ്റ്.

മഞ്ജു വാര്യര്‍ വനിതാ മതിലിനുളള പിന്തുണ പിന്‍വലിച്ചു.
സമസ്ത കേരള വാര്യര്‍ സമാജം നവോത്ഥാന മൂല്യങ്ങളെയും വനിതാ മതിലിനെയും എതിര്‍ക്കുന്നതു കൊണ്ടല്ല, ഒടിയന്‍ സിനിമക്കെതിരെ നടന്ന ഒടിവിദ്യയില്‍ മനംനൊന്തിട്ടുമല്ല മഹാനടി മനസ്സു മാറ്റിയത്.
മട്ടുപ്പാവിലെ പച്ചക്കറി കൃഷി പോലെ എന്തോ സര്‍ക്കാര്‍ പരിപാടിയാണ് വനിതാ മതില്‍ എന്നാണ് മഞ്ജു കരുതിയത്രേ. മതിലിനു രാഷ്ട്രീയവും മതവും ജാതിയും ഉപജാതിയും നവോത്ഥാന പാരമ്പര്യവും ഉണ്ടെന്ന് സ്വപ്‌നേപി അറിഞ്ഞില്ല.
കലയാണ് മഞ്ജു വാര്യരുടെ രാഷ്ട്രീയം. സിനിമ, നൃത്തം, പരസ്യം- അതിനപ്പുറം ഒരു രാഷ്ട്രീയവും അറിയില്ല, പറയില്ല, താല്പര്യമില്ല. അതുകൊണ്ട് മതിലു പണിയില്‍ നിന്ന് സവിനയം പിന്മാറുന്നു. സോറി.
മഞ്ജു വാര്യര്‍ പിന്‍മാറിയതോടെ വനിതാ മതില്‍ വിജയിപ്പിക്കേണ്ടത് ‘അമ്മ’സംഘടനയുടെയും ദിലീപ് ഫാന്‍സ് അസോസിയേഷന്റെയും അഭിമാനപ്രശ്‌നമായി മാറി. കാവ്യ മാധവന്‍ കൈക്കുഞ്ഞുമായി വനിതാ മതിലില്‍ അണിചേരാനും സാധ്യത.
ജനപ്രിയ നായകനൊപ്പം,
നവോത്ഥാന മൂല്യങ്ങള്‍ക്കൊപ്പം.


സിന്ധുജോയി പ്രതികരണം.

മഞ്ജുവാര്യര്‍ വനിതാ മതിലില്‍ നിന്നും പിന്മാറിയതിനെതിരേ സിന്ധുജോയി രംഗത്ത്. തന്റെ ഫെയ്സ്ബുക്ക് പേജിലാണ് സിന്ധുജോയി പ്രതികരണം പോസ്റ്റ് ചെയ്തത്.
വനിതാമതിലിന് മഞ്ജുവാര്യര്‍ ‘ഒടി’വെക്കുന്‌പോള്‍
മലയാളിയുടെ ‘പെണ്ണത്ത’ത്തിന്റെ പ്രതീകമായി കുറേനാളായി വാഴ്ത്തപ്പെടുന്നുണ്ട് മഞ്ജു വാര്യര്‍; പ്രത്യേകിച്ചും അവരുടെ രണ്ടാംവരവിനുശേഷം! ‘വിമന്‍ ഇന്‍ സിനിമ കളക്ടീവ്’ എന്ന പെണ്‍കൂട്ടായ്മയുടെ പിറവി തന്നെ പടിയിറങ്ങിപ്പോന്ന മഞ്ജുവിനൊരു പ്രതിരോധമതില്‍ പണിയാനായിരുന്നു എന്നതാണ് സത്യം. നടി ആക്രമിക്കപ്പെട്ട സംഭവം അതിനൊരു ‘വഴിമരുന്ന്’ ആയെന്നുമാത്രം. നാല്‍പതാം വയസിലും നിലപാടുകളൊന്നുമില്ലാത്ത മഞ്ജു ആ മതിലും പൊളിച്ചു; പുറത്തുവന്ന് ഭള്ളുപറഞ്ഞത് അതിലേറെ കഷ്ടം. മഞ്ജുവിനെ പ്രതിരോധിക്കാനിറങ്ങിയ കഴിവുള്ളൊരു നടി ആ ഉദ്യമത്തില്‍ ബലിയാടായി; പാര്‍വതി. മഞ്ജുവിനേക്കാള്‍ ഒരുപാട് ഉയരങ്ങളില്‍ എത്തേണ്ടിയിരുന്ന ഒരു പ്രതിഭ. സിനിമയിലെ ആങ്ങളമാരുടെ സംഘടനയുടെ ഒരുകാതം അകലെയാണ് അവള്‍ ഇപ്പോള്‍; അവസരങ്ങളും നന്നേ കുറവ്.
‘വനിതാ മതില്‍’ ആണ് ഈ പെണ്ണൊരുത്തി ഇപ്പോള്‍ തള്ളിപ്പറയുന്ന സംഭവം.
‘ആദ്യം വാരിപ്പുണരുക, പിന്നെ തള്ളിപ്പറയുക’, അതാണ് മഞ്ജുവിന്റെ സ്വഭാവം. മഞ്ജുവിന്റെ ഒരു വീഡിയോ യൂട്യൂബില്‍ കിടന്ന് കറങ്ങുന്നുണ്ട് : ‘നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കണം. സ്ത്രീ-പുരുഷ സമത്വം അനിവാര്യം. മുന്നോട്ട് പോകട്ടെ കേരളം. ഞാന്‍ വനിതാ മതിലിനൊപ്പം.’ ഇതായിരുന്നു ആഹ്വാനം!
നേരം ഇരുട്ടിവെളുത്തപ്പോള്‍ ആയമ്മ നിലപാട് മാറ്റി ഫേസ്ബുക്കില്‍ കുറിപ്പിറക്കി: ‘സ്ത്രീകള്‍ക്കുവേണ്ടിയുള്ള ഒരു സര്‍ക്കാര്‍ ദൗത്യം എന്ന ധാരണയിലാണ് വനിതാമതില്‍ എന്ന പരിപാടിക്ക് പിന്തുണ പ്രഖ്യാപിച്ചത്. പക്ഷേ അതിന് ഇതിനകം ഒരു രാഷ്ട്രീയ നിറം വന്നുചേര്‍ന്നത് ഞാന്‍ അറിഞ്ഞിരുന്നില്ല….പാര്‍ട്ടികളുടെ പേരില്‍ രാഷ്ട്രീയനിറമുള്ള പരിപാടികളില്‍നിന്ന് അകന്നുനില്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ആ നിലപാടാണ് വനിതാമതിലിന്റെ കാര്യത്തിലുമുള്ളതെന്ന് വ്യക്തമാക്കട്ടെ.’
അസലൊരു രാഷ്ട്രീയം ഈ നിലപാട് മാറ്റത്തിനു പിന്നിലുണ്ട്, ദേശീയതലത്തില്‍ വാഗ്ദാനം ചെയ്യപ്പെടുന്ന ആദരവുകള്‍, അംഗീകാരങ്ങള്‍, അതിന്റെ ആരവങ്ങള്‍. ഇതിനെ വേണമെങ്കില്‍ അവസരവാദമെന്നും വിളിക്കാം.
വനിതാമതിലിനുമുണ്ട് രാഷ്ട്രീയം. അത് വെറും ചെങ്കൊടിയുടെ മാത്രം രാഷ്ട്രീയമാണെന്ന് ഞാന്‍ കരുതുന്നില്ല. അത് പ്രതിരോധത്തിന്റെ രാഷ്ട്രീയമാണ്, നവോത്ഥാനത്തിന്റെ രാഷ്ട്രീയമാണ്; ഒപ്പം ഫാഷിസത്തിനെതിരായ പോരാട്ടമാണ്.
കേരളത്തിന്റെ നവോത്ഥാനമുന്നേറ്റങ്ങളെ ‘ഒടി’വെക്കാന്‍ ശ്രമിക്കരുത്, അത് ആരായാലും…

മഞ്ജവിന്റെ നിലപാട്‌.


സംസ്ഥാനസര്‍ക്കാരുകളുടെ ഒട്ടേറെ പരിപാടികളോട് എല്ലാക്കാലവും ഞാന്‍ സഹകരിച്ചിട്ടുണ്ട്. ഭാവിയിലും സഹകരിക്കും. സ്ത്രീകള്‍ക്കുവേണ്ടിയുള്ള ഒരു സര്‍ക്കാര്‍ ദൗത്യം എന്ന ധാരണയിലാണ് വനിതാമതില്‍ എന്ന പരിപാടിക്ക് പിന്തുണ പ്രഖ്യാപിച്ചത്. പക്ഷേ അതിന് ഇതിനകം ഒരു രാഷ്ട്രീയ നിറം വന്നുചേര്‍ന്നത് ഞാന്‍ അറിഞ്ഞിരുന്നില്ല. അത് എന്റെ അറിവില്ലായ്മ കൊണ്ടുണ്ടായതാണ്. വൈകാരികമായ പല വിഷയങ്ങളുമായി വനിതാമതില്‍ എന്ന പരിപാടി കൂട്ടിവായിക്കപ്പെടുന്നു എന്നതിനെക്കുറിച്ചും ഞാന്‍ ബോധവതിയായിരുന്നില്ല. അതും എന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ്. ഒന്നിന്റെ പേരിലും ആരും വിഘടിച്ചുനിൽക്കരുത് എന്ന് കരുതുന്നയാളാണ് ഞാന്‍. പ്രളയകാലത്ത് ലോകത്തിന് മുഴുവന്‍ മാതൃകയാകുന്ന തരത്തില്‍ ജാതിയും മതവും രാഷ്ട്രീയവും മറന്ന് നമുക്കിടയിലുണ്ടായ കൂട്ടായ്മ എന്നും നിലനില്ക്കണമെന്നും ആഗ്രഹിക്കുന്നു. പാര്‍ട്ടികളുടെ കൊടികളുടെ നിറത്താല്‍ വ്യാഖ്യാനിക്കപ്പെടുന്ന തരത്തിലുള്ള രാഷ്ട്രീയം എനിക്കില്ല. കലയാണ് എന്റെ രാഷ്ട്രീയം. അതിനപ്പുറം എനിക്കൊന്നുമില്ല. അതുകൊണ്ടുതന്നെ ഏത് പാര്‍ട്ടികളുടെ പേരിലായാലും രാഷ്ട്രീയനിറമുള്ള പരിപാടികളില്‍നിന്ന് അകന്നുനിൽക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ആ നിലപാടാണ് വനിതാമതിലിന്റെ കാര്യത്തിലുമുള്ളതെന്ന് വ്യക്തമാക്കട്ടെ.


.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar