പാട്ടുപെട്ടിയുമായി മൂസക്ക, നമ്മിൽ നിന്നു പടിയിറങ്ങി.
എൺപതുകളിലെ കുറിക്കല്യാണങ്ങളിൽ നിന്നാണ് ആ മധുര, ഘനഗംഭീര പുരുഷ ശബ്ദം കേട്ടത്.. കാറ്റിന്റെ ഗതിക്കനുസരിച്ചു ഏറിയും കുറഞ്ഞും ആ പാട്ട് കേൾക്കുമ്പോൾ സ്കൂൾ വിട്ട് വയൽ വരമ്പിലൂടെ വീട്ടിലേക്ക് നടക്കുകയായിരിക്കും. മരിച്ചുപോയ എന്റെ മൂത്ത ജേഷ്ടന് (യുസുഫ്ക്ക. യൂ കെ അബൂസഹ്‌ലയുടെ കൂടെ കഥാപ്രസംഗ വേദികളിൽ പാടാൻ പോകുമായിരുന്നു )മൂസക്കയുടെ അക്കാലത്തെ പാട്ടുകളെല്ലാം മനഃപാഠമായിരുന്നു. കാസറ്റുകളും ടൈപ് റെക്കോർഡറുകളും അരങ്ങു വാണ രണ്ടായിരത്തിനു മുമ്പു മൂസക്ക മാപ്പിളപ്പാട്ടിന്റെ കുലപതിയായി അരങ്ങു വാഴുകയായിരുന്നു. മിഹ്റാജ് രാവിലെ കാറ്റേ.. മരുഭൂ തണുപ്പിച്ച കാറ്റേ എന്ന ഗാനം ആർക്കാണ് വിസ്മരിക്കാൻ കഴിയുക.മിസ്‌റിലെ രാജൻ അസീസിന്റെ ആരംഭ സൗജത്.. എന്ന ഗാനം ഇന്നും ഗാനമേളകളിൽ ടോപ് ആവേശമാണ്… മൈലാഞ്ചി കൊമ്പൊടിച്ച് മാപ്പിളപ്പാട്ടിന്റെ മൊഞ്ച് ഗാനാസ്വാദകർക്കു സമ്മാനിച്ച മൂസക്ക എത്രയെത്ര ഹിറ്റ് ഗാനങ്ങളാണ് കൈരളിക്ക് സമ്മാനിച്ചത്. മാപ്പിള പാട്ടിനെ ഇതര സമുദായങ്ങൾക്ക് പോലും പ്രിയങ്കരമാക്കുന്നതിൽ മൂസക്കയുടെ പങ്ക് അവിതർക്കിതമാണ്. 1996 ൽ അബുദാബിയിൽ വെച്ചാണ് ആദ്യമായി നേരിൽ കണ്ടത്. അന്ന് നടത്തിയ അഭിമുഖത്തോടെ ഏറെ അടുത്തു. പിന്നീട് ഗൾഫിലും നാട്ടിലും വെച്ച് നിരവധി തവണ നേരിൽ കണ്ടു. ഗൾഫിൽ വിശിഷ്യാ യൂ എ ഇയിൽ ഏറ്റവും കൂടുതൽ സ്റ്റേജ് ഷോ പാടിയത് മൂസക്ക ആയിരിക്കും.അവസാനമായി കഴിഞ്ഞ നവംബറിൽ ഷാർജ ബുക്ക് ഫെയറിൽ വെച്ചാണ് മൂസക്കയെ കണ്ടതും ആ ശബ്ദം കേട്ടതും. ഷാർജ ഗവൺമെന്റിന്റെ അതിഥിയായി മൂസക്കയെ ഷാർജ അന്താരാഷ്ട്ര വേദിയിൽ എത്തിച്ചത് സുഹൃത്തായ ലിപി അക്ബർ ആണ്. പാട്ടിന്റെ പാട്ടാങ് എന്ന ലിപി അച്ചടിച്ച പുസ്തകം മൂസക്കയുടെ ജീവിതവും ഗാന ലോകവും അടയാളപ്പെടുത്തുന്നതാണ്. യു എ ഇയിൽ അഞ്ഞൂറോളം തവണ പാടിയെങ്കിലും ഷാർജ ഗവൺമെന്റ് നൽകിയ ഈ ആദരവ് വളരെ ഹൃദ്യമെന്നു മൂസക്ക പറഞ്ഞിരുന്നു. പുസ്തക മേളയിൽ മെയിൻ സ്റ്റേജിൽ ഗാനമേള നടക്കുന്നതും ആദ്യമാണ്.. അതാവട്ടെ മൂസക്കയുടെ നേതൃത്വത്തിൽ എന്നത് ആ വലിയ കലാകാരന് കിട്ടിയ അംഗീകാരം തന്നെ. അതായിരുന്നു അവസാന ഗൾഫ് പ്രോഗ്രാം.. ഉള്ളിൽ ബനിയനും അതിനു മുകളിൽ ഷർട്ടും ധരിച്ചു കൊണ്ട് തലയുയർത്തി നിന്ന് വേദികളിൽ ആവേശം വിതച്ച ആ നാദം പൊലിയുമ്പോൾ മാപ്പിളപ്പാട്ടു ഗാന ശാഖക്ക് ആ മനുഷ്യൻ നൽകിയത് സ്വ ജീവിതം തന്നെയാണ്. വ്യതിരിക്ത ശബ്ദ സൗകുമാര്യത്തിലൂടെ തന്റേതായ ഇടം കണ്ടെത്തിയ മൂസക്ക ജീവിതത്തിലും തലയുയർത്തി പിടിച്ചു തന്നെയാണ് പടിയിറങ്ങി പോകുന്നത്. ഓർമ്മിക്കാൻ ഒരു പിടി നല്ല ഗാനങ്ങൾ സമ്മാനിച്ചുകൊണ്ട്.. മാപ്പിളപ്പാട്ടു റിയാലിറ്റി ഷോകളുടെ തനിമ നഷ്ട്ടപെടലിനെതിരെ മൂസക്ക ഉറക്കെ ക്ഷോഭിച്ചിരുന്നു. ഒപ്പം മാപ്പിളപ്പാട്ടിന്റെ അന്തസ്സ് കളഞ്ഞു കുളിക്കുന്ന ഭ്രാന്തൻ പ്രണയ ഗാനങ്ങളുടെ അർത്ഥമില്ലായ്മയെയും അവ മാപ്പിളപ്പാട്ടിന്റെ തനിമ നശിപ്പിക്കുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. പാട്ടിന്റെ എ ബി സി ഡി അറിയാത്ത, ഒരു പാട്ട് പോലും പാടാത്ത, എഴുതാത്തവർ ചാനലുകളിൽ വന്നിരുന്നു ഗാനം വിലയിരുത്തുന്നതിനെതിരെ വിരൽ ചൂണ്ടിയിരുന്നു.. ഇത്തരം നിലപാടുകൾ അദ്ദേഹത്തെ ചിലർക്ക് അനഭിമതൻ ആക്കിയെങ്കിലും തന്റെ നിലപാടിൽ ഉറച്ചു നിന്നു അദ്ദേഹം.. രോഗാവസ്ഥയിൽ ഏറെ നാൾ കിടന്നെങ്കിലും പരിശുദ്ധ മാസത്തിന്റെ പവിത്ര ദിനത്തിൽ പാട്ടുപെട്ടിയുമായി മൂസക്ക നമ്മിൽ നിന്നു പടിയിറങ്ങി പോയത് ജന്നത്തിലേക്കാവട്ടെ.. കെട്ടുകൾ മൂന്നും കെട്ടി.. അവസാന മുണ്ടൊരു യാത്ര…. ആ ഗാനവരികൾ തേങ്ങലോടെ ഓർത്തുകൊണ്ട് പ്രാർത്ഥനയോടെ.. ഒരുപിടി മനോഹര ഗാനങ്ങൾ ഓർമയിൽ നിറച്ചു കൊണ്ട് പ്രണാമം……
അമ്മാർ കിഴുപറമ്പ്
0 Comments