പെട്ടിമുടിയില്‍ സര്‍ക്കാര്‍ വീടുകള്‍ നിര്‍മ്മിക്കും. മുഖ്യമന്ത്രിയും ഗവര്‍ണ്ണറും ദുരന്തഭൂമി സന്ദര്‍ശിച്ചു.
മൂന്നാര്‍: അന്‍പതിലേറെ മനുഷ്യരുടെ ജീവനപഹരിച്ച രാജമല പെട്ടിമുടിയിലെ ദുരന്തബാധിതരെ വളരെ വൈകിയാണെങ്കിലും മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സന്ദര്‍ശിച്ചു.പെട്ടിമുടിയില്‍ ദുരന്തബാധിതര്‍ക്കെല്ലാം സര്‍ക്കാര്‍ വീടുകള്‍ നിര്‍മിച്ചുനല്‍കുമെന്നും കുട്ടികളുടെ വിദ്യാഭ്യാസം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടുക്കി രാജമലയിലെ ദുരന്തഭൂമി സന്ദര്‍ശിച്ച ശേഷം മൂന്നാറിലെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
സമീപത്തെ ലയങ്ങളിലുള്ളവരേയും രക്ഷാ പ്രവര്‍ത്തകരേയും ഉദ്യോഗസ്ഥരേയും മറ്റും കണ്ട് സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമാണ് റോഡ് മാര്‍ഗം യാത്ര തിരിച്ചത്. മൂന്നാര്‍ ആനച്ചാലിലെ ഹെലിപാഡില്‍ ഇറങ്ങിയ ശേഷമായിരുന്നു ഇവര്‍ റോഡ് മാര്‍ഗം പെട്ടിമുടിയിലേക്ക് യാത്ര തിരിച്ചത്.
വൈദ്യുതി മന്ത്രി എം.എം മണിയും കെ.കെ ജയചന്ദ്രന്‍ എം.എല്‍.എയും ഉദ്യേഗസ്ഥരും ചേര്‍ന്ന് മുഖ്യമന്ത്രിയെ സ്വീകരിച്ചു. സന്ദര്‍ശനത്തിന് ശേഷം മൂന്നാറിലെത്തുന്ന മുഖ്യമന്ത്രി ഉന്നതതല യോഗത്തില്‍ പങ്കെടുക്കും. പെട്ടിമുടിയില്‍ 15 പേരെയാണ് ഇനി കണ്ടെത്താനുള്ളത്.
കന്നിയാര്‍ കേന്ദ്രീകരിച്ചുള്ള തെരച്ചില്‍ ദൗത്യസംഘം ഇന്നും തുടരും. 55 മൃതദേഹങ്ങളാണ് പെട്ടിമുടിയില്‍ നിന്ന് ഇതുവരെ കണ്ടെടുത്തത്..
ഇത്ര ദിവസമായിട്ടും വലിയൊരു ദുരന്തം നടന്ന പ്രദേശം മുഖ്യമന്ത്രി സന്ദര്‍ശിക്കാത്തതില്‍ വലിയ പ്രതിഷേധം കേരളീയ സമൂഹം ഉയര്‍ത്തിയിരുന്നു. കരിപ്പൂര്‍ വിമാന ദുരന്തം നടന്ന സ്ഥലത്ത് മണിക്കൂറുകള്‍ക്കുള്ളില്‍ എത്തുകയും പത്ത് ലക്ഷം രൂപ സഹായം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
0 Comments