ഒരു കുടുംബത്തിലെ നാലു പേരുടെ മരണം; കൊലപാതകമെന്നു സൂചന

തലശേരി: പിണറായിയില്‍ ദന്പതികളും പേരക്കുട്ടികളും ഉൾപ്പെടെ നാലുപേർ പലപ്പോഴായി മരിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു.
നാലു പേരെയും അപായപ്പെടുത്തിയതാണെന്ന സംശയം ബലപ്പെട്ടു. പിണറായി പടന്നക്കരയിലെ കല്ലട്ടി വണ്ണത്താന്‍ വീട്ടില്‍ കുഞ്ഞിക്കണ്ണന് (76), ഭാര്യ കമല (65), പേരക്കുട്ടികളായ ഐശ്വര്യ (എട്ട്), കീര്‍ത്തന (ഒന്നര വയസ്) എന്നിവർ മാസങ്ങളുടെ ഇടവേളയിൽ മരിച്ച സംഭവത്തിലാണ് ദുരൂഹതയേറുന്നത്. കടുത്ത ഛർദി ബാധിച്ചായിരുന്നു നാലു പേരുടെയും മരണം. ഇവർ വിഷം ഉള്ളിൽച്ചെന്നാണോ മരിച്ചതെന്ന സംശയമാണ് പോലീസിനുള്ളത്.
കുടുംബത്തില്‍ ഒടുവില്‍ മരിച്ച ദമ്പതികളുടെ ആന്തരികാവയവങ്ങള്‍ പരിശോധനയ്ക്കായി കോഴിക്കോട് ഫോറന്‍സിക് ലാബിലേക്ക് അയച്ചിട്ടുണ്ട്. ഈ ഫലം കിട്ടിയാൽ കൂടുതൽ വ്യക്തതയാകും. അതേസമയം, ഈ കുടുംബത്തിൽ അവശേഷിക്കുന്ന ആളും മരിച്ച കുട്ടികളുടെ അമ്മയുമായ സൗമ്യ എന്ന യുവതി ഏതാനും ദിവസങ്ങൾക്ക് മുന്‍പ് ഛർദിയാണെന്നു പറഞ്ഞ് തലശേരി സഹകരണ ആശുപത്രിയിൽ ചികിത്സ തേടി. ഈ വീട്ടിൽ തുടർച്ചയായി ഛർദി ബാധിച്ച് ആളുകൾ മരിച്ചതിനെക്കുറിച്ച് ആരോഗ്യവകുപ്പും പോലീസും പരിശോധനയും അന്വേഷണം ഊർജിതമാക്കിയതിനിടയിലാണ് യുവതിയും ചികിത്സ തേടിയത്.
സ്വന്തം നാട്ടിൽ നടന്ന ദാരുണ സംഭവം ശ്രദ്ധയിൽപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ സൗമ്യയെ വിദഗ്ധ പരിശോധനയ്ക്കു വിധേയമാക്കാൻ നിർദേശിച്ചു. ഇതുപ്രകാരം കോഴിക്കോട് മെഡിക്കല്‍ കോളജ്, തലശേരി ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍നിന്നുള്ള വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം യുവതിയെ പരിശോധിച്ചു. പ്രാഥമിക പരിശോധനയില്‍ യുവതി ആരോഗ്യവതിയാണെന്നാണ് റിപ്പോർട്ട്. ഇതേത്തുടർന്ന് യുവതി പോലീസ് നിരീക്ഷണത്തിലാണ്. ഇവർ ഏതാനും വർഷങ്ങളായി ഭർത്താവുമായി അകന്നു കഴിയുകയാണെന്ന വിവരവും പോലീസിനു ലഭിച്ചിട്ടുണ്ട്.
പോലീസ് കേന്ദ്രങ്ങളിൽനിന്നു ലഭിക്കുന്ന സൂചനകൾ ഇങ്ങനെ: 2012 സെപ്റ്റംബര്‍ ഒൻപതിനാണ് കീര്‍ത്തന ഛർദി ബാധിച്ചു മരിക്കുന്നത്. ഇതിനു ശേഷം 2018 ജനുവരി 13ന് ഐശ്വര്യയും ഇങ്ങനെ മരിച്ചു. തുടർന്ന് മാർച്ചിൽ കമലയും ഈ മാസം 13ന് കുഞ്ഞിക്കണ്ണനും ഛർദി ബാധിച്ചു മരിച്ചു. മൂന്നു പേര് മൂന്നു മാസത്തിനുള്ളിലും ഒരാള്‍ ആറു വര്‍ഷം മുമ്പുമാണ് മരിച്ചത്. മൂന്നു മാസത്തിനുള്ളിലെ മൂന്നു മരണങ്ങളാണ് ജനങ്ങളെ ആശങ്കയിലാഴ്ത്തിയത്. എന്തോ അണുബാധയായിരിക്കാമെന്ന സംശയത്തിൽ നാട്ടുകാരുടെ പരാതിയെത്തുടർന്ന് മുഖ്യമന്ത്രി തന്നെ ഇടപെട്ടു അന്വേഷണത്തിനു നിർദേശിച്ചു. തുടര്‍ന്ന് സ്ഥലത്തെത്തിയ ഡിഎംഒ ഡോ.നാരായണ നായിക്കിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം പ്രദേശത്തു പരിശോധന നടത്തുകയും പരിസരത്തെ കിണറുകളില്‍നിന്നു ജലം ശേഖരിച്ചു പരിശോധിക്കുകയും ചെയ്തു. എന്നാല്‍, വെള്ളത്തിനു കുഴപ്പമില്ലെന്ന പ്രാഥമിക റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ദുരുഹതയും ഉയർന്നു. തുടർന്ന് കൂടുതൽ രാസപരിശോധനയ്ക്കായി ജലം ശേഖരിച്ച് അയച്ചു. ഇതിനിടെയാണ് കുടുംബത്തിൽ അവശേഷിക്കുന്ന അംഗം ഛർദിയാണെന്ന കാരണം പറഞ്ഞ് ആശുപത്രിയിൽ അഡ്മിറ്റ് ആയത്. എന്നാൽ, യുവതി ആരോഗ്യവതിയാണെന്ന് ഡോക്ടമാർ പറഞ്ഞതോടെ ഇവരെയും അടുത്ത ബന്ധുക്കളെയും ചോദ്യം ചെയ്യാനുള്ള തയാറെടുപ്പിലാണ് പോലീസ്. സംഭവത്തില്‍ തലശേരി എഎസ്പി ചൈത്ര തെരേസ ജോണ്‍, ടൗണ്‍ സിഐ കെ.ഇ.പ്രേമചന്ദ്രന് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം ഊര്‍ജിതമാക്കി. കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോ.കെ.എസ്.മോഹനന്, ഡോ.സോമന്, ഡോ.സുജിത്ത്, പ്രഫ. കമലാസനന് എന്നിവരും തലശേരി ജനറല്‍ ആശുപത്രിയില്‍നിന്നും ഡപ്യൂട്ടി സൂപ്രണ്ട് ഡോ.വി.കെ. രാജീവന്, ഡോ.അജിത്, ഡോ.രജന, ഡോ.ജയമോഹന് എന്നിവരടങ്ങിയ സംഘമാണ് യുവതിയെ പരിശോധിച്ചത്. മരണം നടന്ന വീട് മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചിരുന്നു.
0 Comments