വാട്സ് ആപ് ഹർത്താൽ; കോഴിക്കോട്ട് 535 കേസുകൾ.വാട്സ് ആപ് ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്കെതിരേ പോലീസ് നടപടി

കോഴിക്കോട്: സമൂഹമാധ്യമങ്ങൾ വഴി ഹര്‍ത്താല്‍ ആഹ്വാനം ചെയ്തതിനും സാമുദായിക വിദ്വേഷം സൃഷ്ടിക്കും വിധത്തില്‍ സമൂഹമാധ്യമം വഴിയും മറ്റും പ്രസ്താവനകള്‍ നടത്തിയതിനുമെതിരേ കോഴിക്കോട് ജില്ലയിൽ രജിസ്റ്റര്‍ ചെയ്തത് 535 കേസുകള്‍. ഇതില്‍ 47 പേരെ വിവിധ പോലീസ് സ്റ്റേഷനുകളിലായി അറസ്റ്റ് ചെയ്തു. ഇവര്‍ ഇപ്പോള്‍ റിമാൻഡിലാണ്. റൂറലില്‍ 415 കേസുകളാണു വിവിധ സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്തത്.
ഇതില്‍ 12 കേസുകള്‍ ക്രിമിനല്‍ സ്വഭാവമുള്ളതാണ്. 27 കേസുകള്‍ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായുള്ളതാണെന്നും റൂറല്‍ എസ്പി എം.കെ. പുഷ്കരന് അറിയിച്ചു. സിറ്റിയില്‍ 120 കേസുകളാണു രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 16 പേരെ അറസ്റ്റ് ചെയ്തു റിമാന്‍ഡ് ചെയ്തിട്ടുണ്ടെന്നു സിറ്റി സ്പെഷല്‍ ബ്രാഞ്ച് അറിയിച്ചു .സമൂഹമാധ്യമങ്ങള്‍ വഴി വിവാദ പ്രസ്താവനകള്‍ നടത്തിയതിനെക്കുറിച്ചുള്ള അന്വേഷണം ഊർജിതമാക്കി. ലോക്കല്‍ പോലീസും രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം തുടരുകയാണ്.
മതസംഘടനകളുടെ പേരിലുള്ള വാട്സ് ആപ് ഗ്രൂപ്പുകളില്‍ മതവിദ്വേഷം സൃഷ്ടിക്കും വിധത്തിലുള്ള പ്രസ്താവനകള്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. സിറ്റിയില്‍ നടക്കാവ് പോലീസ് മാത്രം 16ഓളം വാട്സ് ആപ് ഗ്രൂപ്പ് അഡ്മിന്മാരെയാണു ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്. ഇതില്‍ ജില്ലയിലുള്ളതും പുറത്തുള്ളതുമായ ഗ്രൂപ്പ് അഡ്മിന്മാര് ഉള്‍പ്പെടും. വിവാദ സന്ദേശങ്ങള്‍ പ്രചരിപ്പിച്ച ഗ്രൂപ്പുകളുടെ അഡ്മിന്മാരെയാണ് ഇതിനോടകം വിളിച്ചുവരുത്തി മൊഴിയെടുത്തത്. മൊഴിയെടുത്ത ശേഷം ഇവരുടെ പേരുവിവരം രേഖപ്പെടുത്തി വിട്ടയയ്ക്കുന്നുണ്ട്.
അതേസമയം, വാട്സ് ആപ് ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്കെതിരേ പോലീസ് നടപടി ആരംഭിച്ചതായി സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്നുണ്ട്. പോലീസിനെതിരേ സംഘടിക്കുകയെന്ന ഉദേശ്യത്തോടെയാണ് ഇത്തരത്തില്‍ പോലീസ് നടപടിയെക്കുറിച്ചു പ്രചരിപ്പിക്കുന്നതെന്നാണ് രഹസ്യാന്വേഷണ വിഭാഗവും പോലീസും വിലയിരുത്തുന്നത്. നടക്കാവ് പോലീസ് സ്റ്റേഷനില്‍നിന്നു കൊടുങ്ങല്ലൂര്‍ സ്വദേശിയായ വാട്സ് ആപ് ഗ്രൂപ്പ് അഡ്മിനെ ബന്ധപ്പെടുന്നതിന്റെ ശബ്ദരേഖയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. രാജേഷ് എന്ന പോലീസുകാരനാണ് ഗ്രൂപ്പ് അഡ്മിനെ വിളിച്ചു പോലീസ് സ്റ്റേഷനിലേക്ക് എത്തണമെന്നറിയിച്ചത് ഈ സന്ദേശം കഴിഞ്ഞ ദിവസം മുതല്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്.
എന്നാല്‍, കൊടുങ്ങല്ലൂര്‍ സ്വദേശി ഇതുവരെയും പോലീസ് സ്റ്റേഷനില്‍ ഹാജരായിട്ടില്ല. പോലീസ് ഗ്രൂപ്പുകളില്‍ പ്രചരിക്കുന്ന സന്ദേശങ്ങളും ജില്ലാ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം നിരീക്ഷിക്കുന്നുണ്ട്. ഉത്തരമേഖലയില്‍ വര്‍ഗീയ വികാരം ഇളക്കിവിടാന്‍ ലക്ഷ്യമിട്ടു ചില സംഘടനകള്‍ രംഗത്തെത്തിയതിന്റെ അടിസ്ഥാനത്തില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയത്. നിലവില്‍ ജില്ലയില്‍ ഏഴു ദിവസത്തേക്കു നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. നിരോധനാജ്ഞ ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാനാണ് അതതു ജില്ലാ പോലീസ് മേധാവിമാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.
0 Comments