പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രമേയം കേരള നിയമസഭ പാസ്സാക്കി.

തിരുവനന്തപുരം: ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങള്‍ക്ക് മാതൃകയായിപൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രമേയം കേരള നിയമസഭ പാസ്സാക്കി.ഇത്തരത്തില്‍ പ്രമേയം പാസ്സാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറുമ്പോള്‍ ഈ നടപടി സമരരംഗത്തുള്ള ഇന്ത്യന്‍ ജനതക്ക് ഏറെ ആവേശം പകരുന്നു, ഭരണ, പ്രതിപക്ഷ അംഗങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചു. ബിജെപിയുടെ ഏക എംഎല്‍എ ഒ രാജഗോപാല്‍ മാത്രമാണ് പ്രമേയത്തെ എതിര്‍ത്തത്. ഇതോടെ മതത്തിന്റെ പേരില്‍ പൗരന്‍മാരെ ഭിന്നിപ്പിക്കുന്ന നിയമത്തിനെതിരെ പ്രമേയം പാസാക്കുന്ന ആദ്യ നിയമസഭയായി കേരള നിയമസഭ മാറി. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിച്ചത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എം കെ മുനീര്‍, വി ഡി സതീശന്‍, ഷാഫി പറമ്പില്‍, എം സ്വരാജ്, എ പ്രദീപ് കുമാര്‍, ഒ രാജഗോപാല്‍, കടന്നപ്പളളി രാമചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ആര്‍എസ്എസിനെ അതിരൂക്ഷമായി വിമര്‍ശിച്ചാണ് എല്ലാവരും സംസാരിച്ചത്. മാത്രമല്ല, കേരളത്തില്‍ നടക്കുന്ന പ്രതിഷേധങ്ങളെ പോലിസ് അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നതായും പ്രതിഷേധക്കാരില്‍ പലരേയും അകാരണമായി ജാമ്യമില്ല വകുപ്പ് ചുമത്തി ജയിലിലാക്കുന്നതും പുനപരിശോധിക്കണമെന്നും ആവശ്യമുയര്‍ന്നു.
പ്രമേയത്തിന്‍മേല്‍ നടന്ന ചര്‍ച്ചയ്ക്ക് മറുപടി നല്‍കിയ മുഖ്യമന്ത്രി കടുത്ത ഭാഷയിലാണ് ആര്‍എസ്എസിനേയും ബിജെപിയേയും വിമര്‍ശിച്ചത്. പൗരത്വ ഭേദഗതി നിയമം ഒറ്റപ്പെട്ട സംഭവമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൃത്യമായ അജണ്ടയുടെ ഭാഗമാണ് ഈ നിയമം. കേന്ദ്ര സര്‍ക്കാര്‍ തുടര്‍ച്ചയായി നടപ്പാക്കുന്ന പരിഷ്‌കാരങ്ങള്‍ പ്രത്യേക വിഭാഗത്തിനെതിരാണ്. ആര്‍എസ്എസ് ആഭ്യന്തര ശത്രുക്കളായി പ്രഖ്യാപിച്ച മുസ്ലിങ്ങളെയാണ് ഇപ്പോള്‍ ലക്ഷ്യമിടുന്നത്. വിവാഹ മോചനം എല്ലാ വിഭാഗത്തിലും ഉണ്ടെങ്കിലും മുത്തലാക്കിന്റെ പേരില്‍ മുസ്ലീം വിഭാഗത്തിന് മാത്രം വിവാഹമോചനം ക്രിമിനല്‍ കുറ്റമാക്കി. എല്ലാ വിഭാഗവും വിവാഹമോചനം സിവില്‍ നിയമത്തിലൂടെ കൈകാര്യം ചെയ്യുമ്പോള്‍ മുസ്ലിങ്ങള്‍ക്ക് മാത്രം വെറൊരു നിയമം നടപ്പാക്കിയത് വിവേചനമാണ്. രാജ്യത്തിന്റെ അഭിവാജ്യഘടകമായ ജമ്മു കശ്മീരിന് എതിരായ നീക്കം വര്‍ഗീയ ചിന്താഗതിയുടെ ഭാഗമാണ്. മതപരമായ വിവേചനത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ക്ക് അവകാശം നല്‍കുന്നത് തുടരാന്‍ പാടില്ല. കൃത്യമായ അജണ്ടയുടെ ഭാഗമാണിത്.
രാജ്യത്ത് ഒരുപാട് രാഷ്ട്രീയ പാര്‍ട്ടികളുണ്ട്. ആ ഗണത്തില്‍ ഉള്‍പ്പെടുന്നവരല്ല ബിജെപി. കാരണം ആര്‍എസ്എസാണ് അവരെ നയിക്കുന്നത്. ആര്‍എസ്എസ് കൃത്യമായ ആശയമുള്ള സംഘടനയാണ്. ആര്‍ഷഭാരത സംസ്‌കാരമല്ല ആര്‍എസ്എസ് അംഗീകരിക്കുന്നത്. ഹിറ്റ്‌ലറുടെ ആശയവും മുസോളിനിയുടെ സംഘടനാ രൂപവുമാണ് ആര്‍എസ്എസ് അംഗീകരിച്ചിട്ടുള്ളത്. ഈ അപകടകരമായ ആശയത്തില്‍ നിന്നു കൊണ്ടുള്ള അജണ്ടയുടെ ഭാഗമായി ഓരോ നിയമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുകയാണ്. പൗരത്വ ഭേദഗതി നിയമം ഇതിന്റെ ഭാഗമാണ്. ജനങ്ങളുടെ രാജ്യത്തോടുള്ള കൂറ് തീരുമാനിക്കേണ്ടത് ആര്‍എസ്എസ്സല്ല. ഇന്ത്യയിലെ മഹാഭൂരിപക്ഷം വരുന്ന ജനതയെ രണ്ടാംകിട പൗരന്‍മാരായി കാണുകയാണ് ബിജെപിയും ആര്‍എസ്എസും. മുസ്ലീങ്ങളെ ആഭ്യന്തര ഭീഷണി പ്രഖ്യാപിച്ച് പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള നീക്കത്തെ ചെറുക്കണം. ഓര്‍ഡിനന്‍സിലൂടെ അടിയന്തരമായി പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar