ജീവിതം മാറ്റിമറിച്ച പ്രവാസത്തിലെ ചോദ്യം

:ഹരിഹരന്‍ പങ്ങാരപ്പിള്ളി:

പ്രവാസത്തിന്റെ തീഷ്ണമായ അനുഭവത്തിലൂടെ കടന്നുപോകുമ്പോഴെല്ലാം വിജയിക്കണം,തളരരുത്,ബഹുദൂരം മുന്നേറാനുള്ളതാണ് എന്ന് രണ്ടു വര്‍ഷം മാത്രം പ്രായമായ പ്രവാസം എന്നെ ഇടയ്ക്കിടക്ക് ഓര്‍മിപ്പിക്കുമായിരുന്നു.
പലപ്പോഴും സ്വയം ഉത്തരം കണ്ടെത്താന്‍ പാറ്റാത്ത സാഹചര്യങ്ങളില്‍ പല മനസ്സുകളോട് സംസാരിക്കുമ്പോഴും,ഇടപഴകുമ്പോഴും ഉള്ളിലുള്ളത് ഇടയ്ക്കിടക്ക് പുറത്തു വരും. അപ്പോള്‍ ഞാന്‍ ചോദിക്കും എങ്ങിനെയാ രക്ഷപ്പെടുക. ഈ ബാധ്യതകള്‍ ഒക്കെ എപ്പോഴാ തീരുക. പ്രവാസത്തില്‍ എന്നിനി വിജയിച്ചു കാണും.
പലരുമായുള്ള സംവേദനങ്ങളില്‍ നിന്നും ക്ഷമയോടെ കാലങ്ങള്‍ ഇവിടെ ചെലവഴിക്കുമ്പോള്‍ എല്ലാ ബാധ്യതകളും തീരും ,ഒപ്പം ജീവിതം വിജയിക്കുകയും ചെയ്യും എന്നുള്ള മറുപടികള്‍ കേട്ട് മനസ്സിനെ മുന്നോട്ടു നയിക്കുമ്പോഴും ആര്‍ക്കും പറയാന്‍ കഴിയാത്ത ഉത്തരം എനിക്കും അന്യമായിരുന്നു .പ്രവാസത്തിലെ വിജയതീരം അടയാന്‍ എത്ര കാലം വേണം .ശരിയാണ് ആശയങ്ങള്‍ പലരും പറഞ്ഞെങ്കിലും ഒരു വിജയതീരം മണത്തു തുടങ്ങാന്‍ വേണ്ട കാലയളവ് അറിയാതെ വീണ്ടും മുന്നോട്ടു പോവുകയാണ്.
പല അതിശയങ്ങളിലൂടെ കടന്നു പോയ രണ്ടു വര്‍ഷങ്ങളില്‍ പ്രയത്‌നിക്കാവുന്നതു പ്രയത്‌നിച്ചു കിട്ടിയ സൗഭാഗ്യമായ പ്രിയ പത്‌നിയുടെ പ്രവാസത്തിലേക്കുള്ള രംഗപ്രവേശവും ,അതിനുശേഷമുള്ള അവളുടെ ഔദ്യോഗിക ജീവിതവും ഇവിടെ പിടിച്ചു നില്ക്കാന്‍ ഈശ്വരന്‍ തന്ന കച്ചിത്തുരുമ്പു ആയിരുന്നു എന്നുതന്നെയാണ് വിശ്വാസവും ഒപ്പം യാഥാര്‍ഥ്യവും.
ഭര്‍ത്താവിന്റെ ബാധ്യതയുടെ കാഠിന്യം കുറയ്ക്കാന്‍ സ്വയം ഒരു മെഴുകുതിരിയായി സ്വന്തം കുഞ്ഞു മക്കളെ നാട്ടില്‍ തനിച്ചാക്കി പ്രവാസം സ്വീകരിച്ച അവളെ വീണ്ടും പ്രവാസത്തില്‍ തനിയെ താമസിപ്പിക്കാന്‍ അനുവദിച്ച ഹതഭാഗ്യരായ വേറെ പുരുഷന്‍മാര്‍ ഉണ്ടോ എന്നറിയില്ല, പക്ഷെ നിവര്‍ത്തികേടുകളും സാഹചര്യങ്ങളും എന്നെ അതില്‍ ഒരുവനാക്കി . പക്ഷെ മാനസിക ധൈര്യം എന്ന ഒന്നിനെ വളരെ ഭംഗിയായി ഉപയോഗപ്പെടുത്തി പാക പെടുത്തി മുന്നോട്ടു പോകുമ്പോള്‍ പലപ്പോഴും വ്യാഴഴ്ചകള്‍ അന്തിയുറങ്ങാന്‍ ഇഷ്ടമുള്ള മനസ്സുകള്‍ ക്ഷണിച്ചിരുന്നതാണ് പ്രവാസത്തിലെ രണ്ടറ്റത്തുള്ള ഞങ്ങള്‍ക്ക് കൂടിച്ചേരാന്‍ കിട്ടിയ അസുലഭ ദിനങ്ങള്‍. ഇന്നും സ്‌നേഹത്തോടെ ഒത്തിരി ഇഷ്ടത്തോടെ അവരെയും ഓര്‍ത്തുകൊണ്ടുള്ള ജീവിതയാത്രയില്‍ , അവര്‍ വഴികാട്ടികള്‍ തന്നെയാണ് എനിക്കെന്നുമെന്നും.
പല ഉപദേശങ്ങളും ശിരസാവഹിച്ചു മുന്നോട്ടു പോയി ഒരുതരത്തില്‍ പ്രിയ പത്‌നി ജോലിയില്‍ തന്റെ കഴിവ് തെളിയിച്ചു തുടങ്ങിയെന്നറിയാന്‍ കഴിഞ്ഞത് മുതല്‍ അവളുടെ സന്തോഷം കടമകളുടെ പൂര്‍ത്തീകരണമാണ് എന്ന് ഞാന്‍ പറയാതെ പലപ്പോഴും പറയാന്‍ ശ്രമിച്ചുകൊണ്ടിരുന്നപ്പോള്‍ ഞാന്‍ പതിയെ ശക്തനാകാന്‍ തുടങ്ങുകയായിരുന്നു . അങ്ങനെ ഇരുപത്തെട്ടു മാസങ്ങള്‍ക്കു ശേഷം ആദ്യം പ്രവാസ അവധിയെടുത്തു ഭാര്യയെ ഒറ്റയ്ക്കാക്കി നാട്ടിലേക്കു പോകുമ്പോള്‍ എന്തോ മനസ്സില്‍ എവിടെയോ വേദനിച്ചെങ്കിലും , ഇല്ല ഇതൊരു കൊച്ചു വിജയമാണ് തീര്‍ച്ചയായും പ്രവാസത്തിന്റെ വിജയതീരം കൈപ്പിടിയിലാക്കാം എന്ന ശുഭാപ്തി വിശ്വാസം ആദ്യ അവധികാലം എന്നെ സന്തോഷത്താലാഴ്ത്തിയിരുന്നു.
നാട്ടിലെത്തിയതും അച്ഛന്‍,’അമ്മ മക്കള്‍,എല്ലാവരെയും സന്തോഷിപ്പിക്കുന്ന ദിനങ്ങളുടെ ഓര്‍മ്മകള്‍ ഇന്നും മനസ്സില്‍ താലോലിച്ചുകൊണ്ടിരിക്കുകയാണ് . ചെറിയവള്‍ അടുക്കാന്‍ വൈകിയതൊഴിച്ചാല്‍ ബാക്കിയെല്ലാം നല്‍കിയത് വലിയൊരു അനുഭൂതിയാണ്. ആ ദൈവങ്ങള്‍ കുടികൊള്ളുന്ന വീട്ടിലെ സീലിങ്ങില്‍ തൂങ്ങേണ്ട ഞാന്‍ സന്തോഷത്തോടെ ജീവിതത്തെ സ്വീകരിച്ച രീതിയെ ഓര്‍ത്തപ്പോള്‍ ആരുടെയോ ഭാഗ്യമാണ് എന്ന് മാത്രം കരുതി .ഈശ്വരനോടുള്ള കടപ്പാടുകള്‍ പോലെ അച്ഛനെയെയും ,അമ്മയെയും അസുഖമൊന്നുമില്ലാതെ കാക്കണേ എന്ന് പ്രാര്‍ത്ഥിച്ചു അവധിക്കാലം കഴിഞ്ഞു തിരിച്ചു പ്രവാസത്തിലേക്കു കാലുകുത്തി.
സത്യത്തില്‍ മനസ്സില്‍ ബാധ്യതകളുടെ ലിസ്റ്റുകളും, ഒപ്പം പ്രവാസത്തില്‍ തന്നെയുള്ള പ്രിയ പത്‌നിയുടെ അകന്നു കഴിയലും വേദനയുളവാക്കികൊണ്ടേയിരുന്നു. പിന്നെ ചിന്തകളെ ഒന്നാഞ്ഞു പിടിച്ചപ്പോള്‍ തെളിഞ്ഞ ആശയം ജോലി മാറണം. അത്രഎളുപ്പമല്ല, വാചകടി കസര്‍ത്തു മലയാളത്തില്‍ മാത്രം നടത്തുന്ന എനിക്ക് ഈ അറബി നാട്ടില്‍ കുടുംബത്തെ സ്‌പോണ്‍സര്‍ ചെയ്യാനുള്ള ശമ്പളമുള്ള ജോലി കിട്ടുക ഒരു ബാലികേറാമല തന്നെ.
എന്തായാലും എന്റെ കണ്ണീരുകള്‍ മുകളില്‍ ഒരാള്‍ കാണുന്നുണ്ടായിരുന്നു . അതെ വെറും യാദൃശ്ചികം എന്ന് പറയാന്‍ കഴിയാത്ത ദൈവത്തിന്റെ കയ്യൊപ്പുപോലെ അത് എനിക്ക് വന്നുചേരുകയായിരുന്നു.
അവധി കഴിഞ്ഞു വന്നു ജോലിക്കു കേറി രണ്ടു ദിവസം കഴിഞ്ഞതും ഒരു ദിവസം ബ്രെഡ് ഓര്‍ഡര്‍ ചെയ്തത് പുലര്‍ച്ചെ വന്നില്ല, അപ്പോഴേക്കും സ്റ്റാഫ് കിച്ചണില്‍ നിന്നും ലൊക്കേഷനില്‍ നിന്നും വിളിയോട് വിളി. ഓടി ചെന്ന് നോക്കി പരതിയപ്പോള്‍ രണ്ടു കാര്‍ട്ടണ്‍ ബ്രെഡ് മറ്റൊരു ലൊക്കേഷനിലേക്ക് വൈകുന്നേരം കൊടുക്കാനുള്ളത് ഉണ്ടായിരുന്നു അത് എടുത്തു കൊടുത്തു പ്രശ്‌നം സോള്‍വ് ചെയ്തു. അപ്പോഴേക്കും മാനേജര്‍ക്ക് കംപ്ലൈന്റ്‌റ് പോയിരുന്നു . പിറ്റെന്നാള്‍ അദ്ദേഹത്തെ ഒരു വിധത്തില്‍ പ്രശ്‌നങ്ങള്‍ ഒന്നുമുണ്ടാക്കാതെ ബ്രെഡ് സപ്ലൈ ചെയ്യുന്ന കമ്പനിയെ മാറ്റാം എന്നും പറഞ്ഞു ഓര്‍ഡര്‍ സപ്ലൈ ചെയ്യാതിരുന്ന കമ്പനിക്ക് മെയിലും അയച്ചു മറ്റൊരു കമ്പനിക്ക് ഓര്‍ഡറും കൊടുത്തു പ്രശനങ്ങള്‍ സോള്‍വ് ചെയ്തു. പക്ഷെ പുതിയ സപ്പ്‌ളൈറുടെ റേറ്റ് കൂടുതലാണ് അത് ഫുഡ് കോസ്റ്റിനെ ബാധിക്കുമെന്ന് ഉറപ്പാണ് എന്നറിയാമായിരുന്നു എങ്കിലും മറ്റൊരു നിവര്‍ത്തിയും ഇല്ലാത്തതിനാല്‍ അത് തുടര്‍ന്നു. കൃത്യം മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ ആണ് കംപ്ലൈന്റ്‌റ് വന്ന സപ്ലയര്‍ വിളിക്കുന്നത്. ഒരു ലേഡി ആയിരുന്നു,ഞാന്‍ എന്റെ വായില്‍ തോന്നിയതെല്ലാം വിളിച്ചു പറഞ്ഞു എല്ലാം കേട്ട് അവര്‍ സോറിയും പറഞ്ഞു പിറ്റേ ദിവസത്തേക്ക് മാനേജരുടെ അനുമതിയോടെ അവര്‍ക്കു ഒരു അപ്പോയ്ന്റ്‌മെന്റും എടുത്തു കൊടുത്ത ശേഷം ഫോണ്‍ വെച്ചു.
അങ്ങിനെ പിറ്റേദിവസം ഒരു മൂന്നു മണിക്ക് ഒരു ഫിലിപ്പീനി ലേഡിയും ഒരു പാകിസ്താനിയും കൂടി വന്നു. ആ സമയം നോക്കി മാനേജര്‍ അവരെ മീറ്റ് ചെയ്യുന്ന ജോലി എന്നെ ഏല്‍പ്പിച്ചു ഭംഗിയായി മുങ്ങികളഞ്ഞിരുന്നു. അങ്ങനെ ആദ്യമായ് മാനേജരുടെ ക്യാബിനില്‍ അദ്ധേഹത്തിന്റെ കസേരയില്‍ അല്‍പനേരം ഇരിക്കാന്‍ കിട്ടിയ അസുലഭ നിമിഷങ്ങളെ ഇപ്പോഴും ഓര്‍ക്കുകയാണ്.ആ സപ്പ്‌ളൈറുടെ ബിസിനസ് എക്‌സിക്യൂട്ടീവും,സൂപ്പര്‍വൈസറും എന്റെ മുന്നില്‍.കിട്ടിയ അവസരത്തെ ഭംഗിയായി ഉപയോഗിച്ച് അവരുടെ തെറ്റുകളെ ബോധ്യപ്പെടുത്തികൊടുത്തു. അവസാനം ഒത്തിരി കാലം മാര്‍ക്കറ്റിങ്ങില്‍ ജോലിചെയ്ത അനുഭവത്തിലൂടെ അവരുടെ കച്ചവടം പോയ വിഷമം ഞാന്‍ മനസ്സിലാക്കിയിരുന്നു.അവര്‍ അവസാനം കുറെ ക്ഷമ പറഞ്ഞു ഓര്‍ഡര്‍ തിരിച്ചു തരണം എന്ന അപേക്ഷയില്‍, സംസാരപ്രിയനായ എന്റെ ചില കൈവിട്ട ചോദ്യങ്ങളില്‍ ഒരു ചോദ്യം പെട്ടെന്ന് തോന്നിയത് ഞാന്‍ അവരോടു ചിരിച്ചു കൊണ്ട്’നിങ്ങളുടെ കമ്പനിയില്‍ സെയില്‍സ് സൂപ്പര്‍വൈസര്‍ ജോലിയുണ്ടോ,ഉണ്ടെങ്കില്‍ ഒരു ഓഫര്‍ തന്നാല്‍ ഈ ഓര്‍ഡര്‍ ഞാന്‍ പിടിച്ചു തരാം’. പെട്ടെന്നുള്ള ആ ചോദ്യം അവര്‍ പ്രതീക്ഷിച്ചില്ലെങ്കിലും ഉടന്‍ തന്നെ അവരുടെ കണ്ണില്‍ എന്തോ ഒരു മിന്നലാട്ടം ഞാന്‍ ശ്രദ്ധിച്ചിരുന്നു. അവര്‍ അല്‍പനേരം കൂടെ വന്ന സൂപ്പര്‍വൈസറുമായി സംസാരിച്ചതിന് ശേഷം എന്നോട് സി.വി ചോദിച്ചു വാങ്ങിച്ചു കൊണ്ട്, ജി എം വന്നാല്‍ ഉടന്‍ വിളിച്ചു വിവരം തരാം എന്ന് പറഞ്ഞു പോയി. വെറുതെ വാചകമടിക്കാന്‍ കിട്ടുന്ന സാഹചര്യങ്ങളില്‍ അറിയാതെ പറഞ്ഞുപോകുന്ന ചിലതുപോലെ തള്ളി കളഞ്ഞു അന്നത്തെ സംഭവം മറന്നു.
ജോലിയുടെ തിരക്കുകള്‍,മറ്റു പല ചിന്തകള്‍ എല്ലാം കൂടി പോകുന്നിടയ്ക്കു ഒരു ഉച്ചയ്ക്ക് ഒരു ലേഡി വിളിച്ചു. പെട്ടെന്ന് തന്നെ ശബ്ദത്തിന്റെ ഉറവിടം മനസ്സിലായി . യെസ് മാഡം എന്ന് മറുപടി പറഞ്ഞതും, ജി എം വന്നിട്ടുണ്ടെന്നും നാളെ വന്നു മീറ്റ് ചെയ്യാന്‍ വരണം എന്നും പറഞ്ഞു അവരുടെ നമ്പറും തന്നു ഫോണ്‍ വച്ചു.
ഉടന്‍ തന്നെ പ്രിയ പത്‌നിയെ വിളിച്ചറിയിച്ചു അവള്‍ക്കു സന്തോഷായി എന്തായാലും ഇത് കിട്ടും ധൈര്യമായി പോകൂ.
അങ്ങനെ പിറ്റേദിവസം ജോലികളെല്ലാം വേഗം തീര്‍ത്തു മാനേജരുടെ അനുവാദവും വാങ്ങി സര്‍ട്ടിഫിക്കറ്റ് കോപ്പികളും,ഒരു സി വിയും കൂടി എടുത്തു യാത്രയായി.
അവര്‍ പറഞ്ഞ വഴികളിലൂടെ അവരുടെ ബേക്കറിയില്‍ എത്തി . സെക്യൂരിറ്റി കാര്യം ചോദിച്ചപ്പോള്‍ ജി എം പറഞ്ഞിട്ടാണെന്നും പറഞ്ഞു അവര്‍ കാണിച്ചു തന്ന ക്യാബിനിലേക്കു പോയി. ക്യാബിന്റെ മുന്‍പിലായി ആ ലേഡി എന്നെ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു ഒരു മാലാഖയെപ്പോലെ.എന്റെ സര്‍ട്ടിഫിക്കറ്റ് കോപ്പികളും,സി വിയും വാങ്ങിച്ചു കാത്തിരിക്കാന്‍ പറഞ്ഞിട്ട് അകത്തേക്ക് പോയി. അല്പം കഴിഞ്ഞു എന്നെയും കൊണ്ട് അകത്തുകേറി പത്തു മിനിറ്റ് പാകിസ്താനിയായ അദ്ദേഹവുമായി സംസാരിച്ചതിന് ശേഷം അദ്ധേഹത്തിന്റെ നിര്‍ദ്ദേശ പ്രകാരം എച് ആര്‍ നെ കാണാന്‍ പോയി.അവിടെ ചെല്ലുമ്പോഴേക്കും ഓഫര്‍ ലെറ്റര്‍ റെഡി ആയി ഇരിക്കുന്നുണ്ടായിരുന്നു ….കുടുംബത്തെ സ്‌പോണ്‍സര്‍ ചെയ്യാനുള്ള ശമ്പളമുള്ള ഓഫര്‍ ലെറ്ററുമായി ഞാന്‍ നടന്നു നീങ്ങിയത് ഒരു പാട് സ്വപ്നങ്ങള്‍ സഫലീകരിക്കാനുള്ള പ്രവാസത്തിലേക്കുള്ള പ്രിയപത്‌നിയോടൊപ്പം ഒരുമിച്ചുള്ള യാത്രയിലേക്കായിരുന്നു.
പിന്നീടുള്ള ഒരു മാസത്തിനുള്ളില്‍ എല്ലാ ശരിയാവുകയും പുതിയ കമ്പനിയില്‍ ജോയിന്‍ ചെയ്തു പത്‌നിയും ഞാനും ഒരു മിച്ചു റൂമെടുത്തു സന്തോഷമായി പ്രാബ്ദങ്ങളെ എതിരേറ്റു ഒരുമിച്ചു കഴിഞ്ഞു. ചില സാഹചര്യങ്ങളില്‍ അറിയാതെ കടന്നു വരുന്ന സഭാഷണങ്ങള്‍ വെറുതെ ആണെങ്കിലും അന്ന് എനിക്ക് ചോദിയ്ക്കാന്‍ തോന്നിയ ചോദ്യത്തിലൂടെ എനിക്ക് ലഭിച്ചത് ഒരു ജീവിതമാണ്,ഒപ്പം പ്രവാസത്തില്‍ ആ ജീവിതം ജീവിക്കുവാനുള്ള അവസരം കൂടിയായിരുന്നു.

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar