ശക്‌തമായ മഴയ്ക്കു സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്ത നിവാരണ അഥോറിട്ടി.

കൊച്ചി: വരുന്ന ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്‌തമായ മഴയ്ക്കു സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്ത നിവാരണ അഥോറിട്ടിയുടെ മുന്നറിയിപ്പ്. ഇനിയുള്ള അഞ്ചു ദിവസം ഉച്ച കഴിഞ്ഞ് രണ്ടു മണി മുതൽ രാത്രി എട്ടു വരെയുള്ള സമയത്ത് ശക്തമായ ഇടിമിന്നലിന് സാധ്യതയുള്ളതിനാൽ ജനം ജാഗ്രത പുലർത്തണം. ഈ സമയങ്ങളിൽ ടെറസിലോ മുറ്റത്തോ ഇറങ്ങുന്നത് ഒഴിവാക്കണം. കുട്ടികളെ തുറസ്സായ സ്‌ഥലത്ത് കളിക്കാൻ വിടരുതെന്നും സംസ്‌ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
അതേസമയം, വെള്ളിയാഴ്ച കാസർഗോഡ്, കണ്ണൂർ ഒഴികെയുള്ള ജില്ലകളിൽ മഴയുണ്ടാകും. മണിക്കൂറിൽ 60-70 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാനിടയുണ്ട്. ഇതിന്‍റെ ഭാഗമായി മലപ്പുറം ജില്ലയിൽ യെല്ലോ അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ പാലക്കാട് ജില്ലയിലും യെല്ലോ അലെർട്ട് പ്രഖ്യാപിച്ചു. ഉരുൾപൊട്ടാൻ സാധ്യതയുള്ളതിനാൽ രാത്രി സമയങ്ങളിൽ മലയോര മേഖലയിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കണം. പുഴകളിലും തോടുകളിലും പെട്ടെന്ന് ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്. പാലക്കാട്, മലപ്പുറം, തൃശ്ശൂർ എന്നി ജില്ലകളിൽ ഉരുൾപൊട്ടൽ സാധ്യതയുള്ളതിനാൽ രാത്രി സമയത്ത് (7 pm- 7 am) മലയോര മേഖലയിലേക്കുള്ള യാത്ര പരമാവധി ഒഴുവാക്കണമെന്നും അറിയിപ്പുണ്ട്.
വേനൽമഴ, മിന്നലുള്ളപ്പോൾ ചെയ്യേണ്ടത്
* മിന്നലിന്റെ ആദ്യലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്കു മാറണം
* ജനലും വാതിലും അടയ്‌ക്കുക
* മിന്നലുള്ള സമയത്തു കുളിക്കുന്നത് ഒഴിവാക്കുക
* വീടിനു പുറത്താണെങ്കിൽ വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്
* മിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ ഇറങ്ങരുത്.
* ഗൃഹോപകരണങ്ങളുടെ വൈദ്യുതിബന്ധം വിച്ഛേദിക്കുക.
* ലോഹ വസ്‌തുക്കളുടെ സ്‌പർശനമോ സാമിപ്യമോ ഒഴിവാക്കുക.
* ഫോൺ ഉപയോഗിക്കരുത്.
0 Comments