റോഹിംഗ്യ:സൈനിക മേധാവി അടക്കം ആറു ജനറല്‍മാരെ വിചാരണ ചെയ്യണമെന്ന് യു.എന്‍.

ജനീവ: മ്യാന്മാറില്‍ റോഹിംഗ്യന്‍ മുസ്‌ലിംകളെ കൂട്ടക്കൊലയ്ക്കിരയാക്കിയ സംഭവത്തില്‍ സൈനിക മേധാവി അടക്കം ആറു ജനറല്‍മാരെ വിചാരണ ചെയ്യണമെന്ന് യു.എന്‍. മൂന്നംഗ വസ്തുതാന്വേഷണ സംഘമാണ് വിചാരണക്ക് ശുപാര്‍ശ ചെയ്തത്. ഇവര്‍ക്കെതിരെ കൂട്ടക്കൊല കേസ് ചുമത്തണമെന്നും കര്‍ശനമായി നിര്‍ദേശിക്കുന്നു.
മ്യാന്മാറിലെ റാഖൈന്‍ പവിശ്യയില്‍ വംശീയാധിക്ഷേപവും മറ്റുള്ളിടങ്ങളില്‍ കടുത്ത മനുഷ്യാവകാശധ്വംസനവും നടത്തിയതായി റിപ്പോര്‍ട്ട് പറയുന്നു. ഏഴുലക്ഷം പേരാണ് ഇതേത്തുടര്‍ന്ന് പലായനം ചെയ്തത്. ബലാത്സംഗം, കുട്ടികളെ പീഡിപ്പിക്കല്‍, ഗ്രാമങ്ങള്‍ തീയിടല്‍ എന്നിവയെ ഒരിക്കലും സൈനിക നടപടിയായി കാണാനാവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നേടിയ മ്യാന്മാര്‍ മേധാവി ആങ് സാന്‍ സൂചിക്കെതിരെയും കടുത്ത വിമര്‍ശനമുണ്ട്. ആങ് സാന്‍ സൂചിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വിദ്വേഷം വളരാന്‍ അവസരമൊരുക്കിയും രേഖകള്‍ നശിപ്പിച്ചും സൈനിക അതിക്രമങ്ങളില്‍ നിന്ന് ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാതെയും വംശഹത്യയ്ക്കു കൂട്ടുനില്‍ക്കുകയായിരുന്നെന്നും കമ്മിഷന്‍ പറയുന്നു.
ഫെയ്‌സ്ബുക്ക് അടക്കമുള്ള സോഷ്യല്‍മീഡിയ വംശീയവിദ്വേഷം പടര്‍ത്താന്‍ ഉപയോഗിച്ചെന്നും കമ്മിഷന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ദൃക്‌സാക്ഷികളുടെ വിവരണവും മീഡിയ റിപ്പോര്‍ട്ടുകളും സാറ്റലൈറ്റ് ചിത്രങ്ങളും ഫോട്ടോഗ്രാഫുകളുമാണ് റിപ്പോര്‍ട്ടിനായി ഉപയോഗിച്ചത്.
അതേസമയം, റിപ്പോര്‍ട്ടിനു പിന്നാലെ, മ്യാന്‍മര്‍ സൈനിക മേധാവിയുടെ അക്കൗണ്ടും സൈനിക ടി.വി ചാനലിന്റെയും സൈന്യവുമായി ബന്ധപ്പെട്ട പേജുകളും നീക്കം ചെയ്തിരിക്കുകയാണ് ഫെയ്‌സ്ബുക്ക്.
0 Comments