എണ്ണവിലയുടെ കുതിപ്പ് തുടര്‍ന്നാല്‍ വിദേശമലയാളി നേട്ടം കൊയ്യും.

കൊച്ചി: ആഗോളതലത്തില്‍ എണ്ണവിലയുടെ കുതിപ്പ് തുടര്‍ന്നാല്‍ ഈ സാമ്പത്തിക വര്‍ഷത്തിലും വിദേശമലയാളി നേട്ടം കൊയ്യും.
വരുമാനത്തില്‍ ഗൾഫ് രാജ്യങ്ങള്‍ മുന്നിലെത്തുമ്പോള്‍ നിർമാണമേഖലയിലെ കുതിപ്പ് പുതിയ തൊഴില്‍ അവസരങ്ങള്‍ തുറക്കുന്നതിനൊപ്പം രൂപയുടെ മൂല്യത്തിലുണ്ടാവുന്ന കുറവ് സമ്പാദ്യത്തില്‍ നേട്ടം സമ്മാനിക്കും.
നേട്ടം വ്യവസായത്തില്‍
സാമ്പത്തിക വിദഗ്ധര്‍ നല്കുന്ന സൂചനകളനുസരിച്ച് നിലവിലെ ഡോളര്‍ കുതിപ്പ് അടുത്ത ക്വാർട്ടറില്‍ കയറ്റുമതിക്കാര്‍ക്കും ഗുണകരമാണ്. കയറ്റുമതിയെ അടിസ്ഥാനമാക്കിയുള്ള വ്യവസായങ്ങളും കച്ചവടവും കൂടുതല്‍ നേട്ടത്തിലാകും. ഉദാഹരണത്തിന് ഐടി സേവനങ്ങള്‍ വിദേശ രാജ്യത്തേക്കു കയറ്റി അയയ്ക്കുന്ന നമ്മുടെ ടെക് കമ്പനികളുടെ ലാഭം വര്‍ധിക്കും. വന്‍തോതില്‍ വിദേശത്തേക്കു മരുന്നു കയറ്റി അയയ്ക്കുന്ന ഫാര്‍മാ കമ്പനികള്‍ക്കും രൂപയുടെ മൂല്യം കുറഞ്ഞാല്‍ നേട്ടമുണ്ടാക്കും.
ഇക്കഴിഞ്ഞ വര്‍ഷം സുഗന്ധവ്യഞ്ജന വിപണിയില്‍ വന്നതിനേക്കാള്‍ മികച്ച കുതിപ്പ് ഇതോടെ ലഭിക്കും. അതുപോലെ തന്നെയാണ് സമുദ്രോത്പന്ന വിപണിയിലും. 2017 ഫെബ്രുവരിക്കു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലവാരത്തിലാണു രൂപ ഇന്നലെ വ്യാപാരം നടത്തിയത്. രൂപ ഡോളറിനെതിരെ 67.08 എന്ന നിലവാരത്തിലായിരുന്നു.
റിയല്‍ എസ്റ്റേറ്റിലും പ്രതീക്ഷ
ഡോളറും ഇന്ധനവിലയും കുതിപ്പ് നടത്തുമ്പോള്‍ ആവേശം കൊള്ളുന്നത് കേരളത്തിലെ ചെറുകിട-റിയല്‍ എസ്റ്റേറ്റ് മേഖലയും കൂടിയാണ്. കാരണം കമ്പനികളെക്കാള്‍ കേരളത്തിലെ ഭൂമിയില്‍ നിക്ഷേപം നടത്തുന്നത് അമെരിക്കയിലെയും ഗള്‍ഫിലെയും മലയാളികളാണ്. അതുകൊണ്ടുത്തനെ നിലവിലെ സ്ഥിതി തുടരുന്നത് ഗ്രാമീണ കേരളത്തിന്റെ സാമ്പത്തിക നിലയിലും മാറ്റമുണ്ടാക്കും. ഉള്‍പ്രദേശങ്ങളിലെ പല വ്യക്തിഗത പദ്ധതികളും കറന്‍സി നിരോധനത്തിനുശേഷം നിലച്ചു നില്‍ക്കുകയാണ്. പെട്രോള്‍ വിലയിലെ ഇടിവും യുഎഇ ബാങ്കുകള്‍ വായ്പ കുറച്ചതും ഈ മേഖലയിലെ നിക്ഷേപങ്ങള്‍ കുറയാണ് കാരണമായിട്ടുണ്ട്. അതിനു മാറ്റം വരുമെന്നാണ് പ്രതീക്ഷ
തിരിച്ചടി
എണ്ണവില കൂടിവരുന്ന സാഹചര്യത്തില്‍ ഇറക്കുമതിക്കുവേണ്ടി കൂടുതല്‍ പണം നല്‍കണം. എണ്ണച്ചെലവു കൂടുന്നതു ഇന്ധനവിലയില്‍ ഒരു മാസത്തിനുള്ളില്‍ പ്രതിഫലിക്കും. ഇത് പച്ചക്കറികളുടെയും നിത്യോപയോഗ സാധനങ്ങളുടെയും വിലക്കയറ്റത്തിന് ഇടയാക്കും.
0 Comments