സൗമ്യയുടെ ഭർത്താവ് കസ്റ്റഡിയിൽ.

തലശ്ശേരി: മാതാപിതാക്കളെയും മകളെയും കൊലപ്പെടുത്തിയ കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത സൗമ്യയുടെ ഭർത്താവ് കസ്റ്റഡിയിൽ. കിഷോറിനെയാണ് അന്വേഷണസംഘം കൊടുങ്ങല്ലൂരിൽ നിന്ന് പിടികൂടിയത്. സൗമ്യയെ ഉപേക്ഷിച്ച് 2012ൽ നാടുവിട്ടതാണ് കിഷോർ. കൊല്ലം സ്വദേശിയായ കിഷോർ കൊടുങ്ങല്ലൂരിൽ കൂലിപ്പണി ചെയ്തു ജീവിക്കുകയായിരുന്നു.
കിഷോറിനെ പിണറായിയിലെത്തിച്ച് അന്വേഷണസംഘം ചോദ്യം ചെയ്യും. ഇവരുടെ ഇളയമകൾ കീർത്തന കൊല്ലപ്പെടുമ്പോൾ കിഷോറും സൗമ്യയും ഒരുമിച്ചാണ് ജീവിച്ചിരുന്നത്. കീർത്തനയുടെ മരണത്തെക്കുറിച്ചും സൗമ്യയുടെ പൂർവകാലജീവിതത്തെക്കുറിച്ചും അറിയാനാണ് കിഷോറിനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. അച്ഛൻ കുഞ്ഞിക്കണ്ണൻ, അമ്മ കമല, മൂത്തമകൾ ഐശ്വര്യ എന്നിവരെ എലിവിഷം നൽകി കൊലപ്പെടുത്തിയ കേസിലാണ് സൗമ്യയെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ നാലുമാസത്തിനിടയിലാണ് സൗമ്യ അച്ഛനെയും അമ്മയെയും മകളെയും വിഷം നൽകി കൊലപ്പെടുത്തിയത്. മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ രംഗത്തെത്തിയതോടെയാണ് ദാരുണസംഭവം ലോകമറിയുന്നത്. അച്ഛനും അമ്മയ്ക്കും മകൾക്കും ഭക്ഷണത്തിൽ എലിവിഷം കലർത്തി നൽകിയതു താനാണെന്നു സൗമ്യ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. എന്നാൽ ഇളയമകൾ കീർത്തനയുടെ മരണം സ്വാഭാവികമാണെന്നാണ് സൗമ്യ പറയുന്നത്. ആറു വർഷം മുൻപ് മരിച്ച കീർത്തനയുടെ മരണത്തെക്കുറിച്ച് ശാസ്ത്രീയമായി അന്വേഷിച്ച് വസ്തുത കണ്ടെത്തക പ്രയാസമായതു കൊണ്ടാണ് കിഷോറിനെ ചോദ്യം ചെയ്യുന്നത്.
0 Comments