ദുരിതാശ്വാസ ക്യാമ്പിന് സ്‌നേഹപൂര്‍വ്വം വിട

:………………..ശിബ്‌ല എടവണ്ണ…………….:
അനുഭവക്കുറിപ്പുകള്‍ ചിലതാണ് കുത്തിക്കുറിക്കുന്നതു.ക്ഷമയുള്ള കൂട്ടുകാര്‍ക്കു വേണേല്‍ വായിക്കാം.നല്ല ബോറാണെല്‍ തുറന്നു പറഞ്ഞോളൂ..
ഭാഗം 1
ആലുവ കമ്പനിപ്പടി മെട്രോ സ്റ്റേഷന് സമീപം ഒരു കൊച്ചുവാടകവീട്ടില്‍ സസുഖം വാഴുന്നതിനിടെയാണ് നാട്ടില്‍ നിന്നും അത്ര സുഖകരമല്ലാത്ത ഓരോ വാര്‍ത്തകള്‍ അറിയുന്നത്. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ ഇവയില്‍ പെട്ട് അനേകം സഹജീവികളുടെ ജീവന്‍ നഷ്ടപ്പെട്ടിരിക്കുന്നു എന്നത് വല്ലാതെ വിഷമിപ്പിച്ചു. മഴ നിര്‍ത്താതെ പെയ്യുകയാണ് എന്നും.അതിനിടെ സ്വന്തം കാല്‍ച്ചുവട്ടില്‍ വെള്ളം വന്നത് അറിയാന്‍ വൈകിയോ. വീട്ടില്‍ ടീവിയില്ലായിരുന്നു. ഫോണ്‍ വഴി ആണ് കൂടുതല്‍ വിവരങ്ങള്‍ അറിയുന്നത്. ഇത്തരം വാര്‍ത്തകള്‍ നിറഞ്ഞതോടെ സോഷ്യല്‍ മീഡിയ വിട്ടു മാറി നില്‍ക്കാനാണ് തോന്നിയത്. എത്ര പേരാണ് ദുരന്തങ്ങള്‍ക്ക് ഇരയായത്. എത്ര പേര്‍ക്ക് ഉറ്റവരെ നഷ്ട്ടപ്പെട്ടു. ഒന്നും കേള്‍ക്കാന്‍ ശക്തി തോന്നിയില്ല.
അന്ന് വൈകുന്നേരം ഭര്‍ത്താവ് ഒരു വിവരം തന്നു. ഡാമുകള്‍ മിക്കവാറും തുറന്നിരിക്കുകയാണെന്നും സമീപത്തു ഒരു തോട് ഉള്ളത് നിറഞ്ഞു കവിഞ്ഞു മെയിന്‍ റോഡില്‍ വെള്ളം കയറി എന്നും, ഏതാനും മണിക്കൂറില്‍ വീടിനു താഴെ വെള്ളം എത്താമെന്നും ഒക്കെ. താമസം മുകളിലത്തെ നിലയില്‍ ആയിരുന്നു എന്നത് കൊണ്ട്
പ്രെത്യേകിച്ചു ടെന്‍ഷന്‍ ഒന്നും തോന്നിയില്ല. രാത്രി തന്നെ വീട്ടിലേക്കു പോയാലോ എന്നാലോചിച്ചു. 5 വയസ്സും 9 മാസവും പ്രായമുള്ള 2 കുഞ്ഞുമക്കള്‍ ഉള്ളതാണ്. മലപ്പുറത്തേക്കു ട്രെയിന്‍ കിട്ടില്ലെന്നും സര്‍വീസ് നിര്‍ത്തി വെച്ചിരിക്കുകയാണെന്നും അറിഞ്ഞു. യൂട്യൂബില്‍ ലൈവ് ചാനല്‍ ന്യൂസ് നോക്കി. ആലുവ ഒറ്റപ്പെടാന്‍ പോകുകയാണെന്ന് മനസ്സിലായി. എങ്കിലും വെള്ളം വീട്ടില്‍ എത്താന്‍ ചാന്‍സ് ഇല്ലെന്ന് തന്നെയാണ് സമീപ വാസികള്‍ ഉറപ്പിച്ചു പറയുന്നത്. എന്തോ ആവട്ടെ. രാവിലെ ഒരു തീരുമാനം എടുക്കാം എന്ന് വെച്ച് കിടന്നുറങ്ങി.
നേരം വെളുത്തപ്പോ ആദ്യം നോക്കിയത് റോഡിലേക്ക് തുറക്കുന്ന ബാല്‍ക്കണിവഴി താഴേക്കാണ്. വെള്ളം തുള്ളിയില്ല, ഹാവു സമാധാനമായി എന്നും കരുതി ദിനചര്യകളിലേക്കു കടന്നു.
10 മണി ആയപ്പോഴേക്കും വെള്ളം വീടിനു താഴെയുള്ള റോഡിലൂടെ ഒഴുകാന്‍ തുടങ്ങി. വീട്ടിലേക്കു പോവാനുള്ള എല്ലാ വഴിയും അടഞ്ഞെന്നു അതിനോടകം മനസ്സിലായിരുന്നു. വെള്ളം ഇനിയും കൂടുമെന്നു താഴെ നിന്നും ഒരാള്‍ വിളിച്ചു പറഞ്ഞു. കുറേപ്പേര്‍ താഴെക്കൂടി പോകുന്നുമുണ്ട്. കുടുംബസമേതം. ബാഗുകള്‍ ഒക്കെയായി. മഴയും പെയ്യുന്നുണ്ട്. ഉച്ചയോടു അടുത്ത് സമയം ആയപ്പോഴേക്കും മുട്ടിനു വെള്ളം ആയിട്ടുണ്ട്. വീട്ടിലേക്കു കയറിയിട്ടില്ലേലും റോഡില്‍ അത്രയും ആയി. കറന്റും ഇല്ലാ. മെഴുകുതിരി കത്തിച്ചായിരുന്നു അന്നത്തെ പാചകം. ഉച്ചഭക്ഷണം കഴിക്കുന്നതിനിടെയാണ് താഴെ നിന്നും ഒരു കൂട്ടം ചെറുപ്പക്കാര്‍ വിളിച്ചു കൂവുന്നത്. വെള്ളം ഇനിയും കൂടും. വേഗം അവിടെ നിന്നും മാറണം എന്നുമാണ് മുന്നറിയിപ്പ്. സത്യത്തില്‍ പട്ടിണി കിടന്നാലും വീട് വിട്ടു മറ്റൊരിടത്തേക്ക് മാറാന്‍ ആഗ്രഹം ഉണ്ടായിരുന്നില്ല. അവരുടെ നിര്‍ബന്ധത്തിനു വഴങ്ങാതെ പറ്റില്ല. ആ ഏരിയയില്‍ ഉള്ള എല്ലാവരും മാറിയേ പറ്റു. അല്ലേല്‍ ഒറ്റപ്പെട്ടു പോകും. വെള്ളം ഇനിയും കൂടിയാല്‍ പൊടിക്കുഞ്ഞിനെയെടുത്തു രക്ഷപ്പെടുന്നതും റിസ്‌കാണ് എന്നിങ്ങനെ അവര്‍ ഉപദേശിച്ചു.
രാവിലെ തൊട്ടു അവര്‍ മഴ നനഞ്ഞു രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. ഒട്ടുമിക്ക പേരെയും മാറ്റിക്കഴിഞ്ഞു. മഴയത്തു തന്നെ ഞങ്ങള്‍ ഇറങ്ങി. ഒരു ഹാന്‍ഡ്ബാഗ് മാത്രമേ എന്റെ കയ്യില്‍ ഉണ്ടായിരുന്നുള്ളു. മറ്റൊരു ബാഗ് ഭര്‍ത്താവിന്റെ അടുക്കലും. സ്വന്തം റൈന്‍കോട്ടുകള്‍ ഊരി കുഞ്ഞുങ്ങളെ പൊതിഞ്ഞു ആ ചെറുപ്പക്കാരില്‍ ചിലര്‍ എടുത്തു. മഴ തകര്‍ത്തു പെയ്യുകയാണ്. വെള്ളത്തില്‍ കാല്‍ വെച്ചപ്പോഴാണ് ഒഴുക്കിന്റെ ശക്തി മനസ്സിലായത്. കയര്‍ കെട്ടി പിടിച്ചു പോകാന്‍ അവര്‍ സൗകര്യം ഒരുക്കിയിരുന്നു. മറ്റേ കൈ പിടിക്കാന്‍ അതില്‍ ഒരു ചെറുപ്പക്കാരന്‍ ഓടി വന്നു. രണ്ടു കൈ പിടിച്ചും ഞാന്‍ വീണു പോകുമോ എന്ന് തോന്നി. അത്ര ശക്തമായ ഒഴുക്കുണ്ട്.
ഭര്‍ത്താവ് കുറച്ചു മുന്നേ ആണ് നടക്കുന്നത്. കണ്ണ് കൊണ്ട് നോക്കിയിട്ടു കാണുന്നുമില്ല. കുറെ ദൂരം പോയിട്ടുണ്ട്. ചിലയിടത്തു അരയ്‌ക്കൊപ്പം വെള്ളമുണ്ടെന്ന അറിയിപ്പില്‍ ആഴം കുറഞ്ഞയിടത്തു കൂടിയാണ് കൊണ്ട് പോകുന്നത്. അല്‍പസമയം കൊണ്ട് മെയിന്റോഡ് കടത്തി വെള്ളമില്ലാത്ത ഇടത്തു അവര്‍ എത്തിച്ചു. ചെന്നപ്പോ കുഞ്ഞു എന്നെക്കാണാതെ നിര്‍ത്താതെ കരയുന്നുണ്ട്. വേഗം എടുത്തു.
കുഞ്ഞു കരയുന്നതും ഞാന്‍ എടുക്കുന്നതും ഒക്കെ ചില മാന്യചെറുപ്പക്കാര്‍ വീഡിയോ എടുക്കുന്നതും ശ്രദ്ധയില്‍ പെടാതിരുന്നില്ല. പാന്റ് അല്പം കയറിയിരുന്നത് ഞാന്‍ താഴത്തേക്കു വലിച്ചു നേരെയിട്ടു. അവരുടെ എഫ്ബി വാളില്‍ ആ വീഡിയോ പോസ്റ്റ് ഇട്ടാല്
എന്താവും എന്നൊക്കെ ആലോചിച്ചു വെറുതെ നേരം കളയേണ്ട എന്ന് ഉറപ്പിച്ചു. പോലീസ് അവിടെ കാത്തു നിപ്പുണ്ടായിരുന്നു.
അല്പദൂരെയുള്ള ക്യാമ്പിലേക്ക് കാറില്‍ യാത്ര. പോലീസുകാരും റെയിന്‍കോട്ടു അണിഞ്ഞതിനാല്‍ യുകെജി എത്തിയ മോള്‍ക്ക് കാറില്‍ വെച്ച് പാട്ടു പാടാനൊന്നും ഒരു മടിയും ഉണ്ടായില്ല.ഞാന്‍ നിര്‍ത്താന്‍ പറഞ്ഞുവെങ്കിലും അവര്‍ അവളെ പ്രോത്സാഹിപ്പിച്ചു, പോലീസുകാരാണ് അവരെന്ന് അവള്‍ക്കു മനസ്സിലായില്ലെന്നു വ്യക്തം.ഒരു വലിയ സ്‌കൂളിന് സമീപം കാര്‍ നിര്‍ത്തി.
ആ രക്ഷാപ്രവര്‍ത്തകരില്‍ ചിലരെ അവിടെയും കണ്ടു. നനഞ്ഞു കുതിര്‍ന്നു തല തുവര്‍ത്താന്‍ പോലും നേരമില്ലാതെ ഓട്ടപ്പാച്ചില്‍ തന്നെയാണ്. അതില്‍ ഒരു പയ്യനോട് ഞാന്‍ ചോദിച്ചു. ‘നിങ്ങളുടെ വീടിനു കുഴപ്പം വല്ലതും പറ്റിയോ.. ഓ.. അതൊക്കെ നേരത്തെ വെള്ളത്തിനടിയിലായി ചേച്ചി!! എന്ന് ഒട്ടും കൂസാതെ ഉള്ള അവന്റെ മറുപടി. ഞാന്‍ നെഞ്ചത്ത് ഒരു കുത്തേറ്റ പോലെ ഞെട്ടിപ്പോയി. അവന്‍ നിറഞ്ഞു പുഞ്ചിരിച്ചു. എന്നിട്ടു നിര്‍ത്താതെ പെയ്യുന്ന മഴയിലേക്ക് വീണ്ടും ഓടി മറഞ്ഞു.
തുടരും
0 Comments