ഉണ്ണിമോയി ഉമ്മിണിയില്‍ സാഹിത്യപുരസ്‌ക്കാരം യുവ എഴുത്തുകാരി നൂറയുടെ പെണ്‍തെരുവിന്.

മലപ്പുറം :കവി ഉണ്ണിമോയി ഉമ്മിണിയില്‍ സാഹിത്യപുരസ്‌ക്കാരം യുവ എഴുത്തുകാരി നൂറയുടെ പെണ്‍തെരുവ് എന്ന കവിതാ സമാഹാരത്തിനു ലഭിച്ചു.പതിനായിരത്തി രണ്ട് രൂപയും ശില്‍പ്പവും അടങ്ങുന്ന അവാര്‍ഡിന് പെണ്‍തെരുവ് തിരഞ്ഞെടുത്തത് ഗാനരചയിതാവും കവിയുമായ റഫീഖ് അഹമ്മദ്,മണമ്പൂര്‍ രാജന്‍ ബാബു,കാനേഷ് പൂനൂര്‍ എന്നിവര്‍ അടങ്ങുന്ന ജഡ്ജിംഗ് കമ്മിറ്റിയാണ്. മലപ്പുറം ജില്ലയിലെ കോട്ടക്കല്‍ ഇരിങ്ങല്ലൂര്‍ സ്വദേശിനിയായ നൂറ സ്‌കൂള്‍ അദ്ധ്യാപികയാണ്. കവി ഉണ്ണിമോയി ഉമ്മിണിയില്‍ സ്ഥാപിച്ച ഉമ്മിണില്‍ കുടുംബ ട്രസ്റ്റാണ് അഞ്ച് വര്‍ഷത്തിലൊരിക്കല്‍ മലയാള ഭാഷയിലെ യുവ എഴുത്തുകാരികളുടെ മൗലിക രചനകള്‍ കണ്ടെത്തി പുരസ്‌ക്കാരം നല്‍കുന്നത്.
സെപ്റ്റംബര്‍ രണ്ടാം തിയ്യതി വൈകുന്നേരം മൂന്നു മണിക്ക് കിഴുപറമ്പിലെ കവിയുടെ ജന്മസ്ഥലമായ പറക്കാടുള്ള സ്‌ക്കൂളില്‍ വെച്ചാണ് പുരസ്‌ക്കാരം സമര്‍പ്പിക്കുക. സംസ്ഥാന തുറമുഖ,പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ അവാര്‍ഡ് സമ്മാനിക്കും. പ്രദേശത്തു നിന്നും ഏറ്റവും ഉയര്‍ന്ന മാര്‍ക്കോടെ വിദ്യാസം നേടിയ കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസ പുരസ്‌ക്കാരവും വിതരണം ചെയ്യും. സമ്മേളനത്തില്‍ ഡോ.ഖദീജ മുംതാസ്, കെ.ഇ.എന്‍ കുഞ്ഞഹമ്മദ്. എന്നിവര്‍ സംബന്ധിക്കും.
ഔപചാരികതകളോ, നാട്യങ്ങളോ ഇല്ലാതെ തന്റെ ഇടങ്ങളെ ,അവസ്ഥകളെ ,കാലത്തെ,നിരാഡംബരമായ ഒരു ഭാഷയില്‍ -അതേ സമയം നവീനമായ ഒരു ഭാഷാ പരിചരണത്തോടെ കവിതയുടെ കയ്യടക്കം അനുഭവിപ്പിക്കുന്ന കൃതിയാണ് പെണ്‍തെരുവെന്ന് റഫീഖ് അഹമ്മദ് അഭിപ്രായപ്പെട്ടു.വിരുദ്ധോക്തികളുടെ ുതിതജ്ഞതയോടെയുള്ള വിന്യാസം കൊണ്ടും ആശയങ്ങളെ അതിനൂതനമായ രീതിയില്‍ ആവിഷ്‌ക്കരിക്കാന്‍ കഴിഞ്ഞ കരുത്തുറ്റ കവിതകളാണ് നൂറയുടേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സൗദയുടെ വിവാഹം,വനിതാസെമിനാര്‍,ഉദ്ഗ്രഥന മാര്‍ഗ്ഗത്തില്‍, നഷ്ടസ്വര്‍ഗ്ഗം,കുടുംബപുരാണം, കരളിലെ കുരിശ്, ചാത്തന്‍,വിലാപ സങ്കീര്‍ത്തനം, ഖിന്നതേ നന്ദി, എന്നീ കൃതികളുടെ കര്‍ത്താവാണ് ഉമ്മിണിയില്‍ ഉണ്ണിമോയി. മുപ്പത്തിയേഴാം വയസ്സില്‍ തളര്‍വാതം പിടിപെട്ട് ശയ്യാവലംബിയായ കവി സ്ഥാപിച്ച ഉമ്മിണിയില്‍ കുടുംബ ട്രസ്റ്റ് സാഹിത്യ അവാര്‍ഡിനൊപ്പം വിദ്യാഭ്യാസ അവാര്‍ഡും വിവാഹ ധനസഹായവും നല്‍കി വരുന്നുണ്ട്.
മലപ്പുറം പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താ സമ്മേഷനത്തില്‍ ഉമ്മിണിയില്‍ കുടുംബ ട്രസ്റ്റ് ചെയര്‍മാന്‍ അഹമ്മദ് സലീം ഉമ്മിണിയില്‍,കണ്‍വീനര്‍ നജീബ് ഉമ്മിണിയില്‍,സ്വാഗതസംഘം കണ്‍വീനര്‍ പാറമ്മല്‍ അഹമ്മദ് കുട്ടി, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ അമ്മാര്‍ കിഴുപറമ്പ്, റിസപ്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഗഫൂര്‍ കുറുമാടന്‍ എന്നിവര്‍ സംബന്ധിച്ചു.
0 Comments