സോഷ്യല്‍ മീഡിയ പരിധി വിട്ടു, ദമ്പതികള്‍ മനോ വിഷമത്തില്‍

കണ്ണൂര്‍: സോഷ്യല്‍ മീഡിയാ സദാചാര വാദികളുടെ ആക്രമണം തകര്‍ത്തത് പാവം നവ ദമ്പതികളുടെ സമാധാനം. മറ്റുള്ളവരുടെ സ്വകാര്യതയും വ്യക്തിജീവിതവും മാനിക്കാതെയുള്ള സമൂഹമാധ്യമങ്ങളിലെ ഇടപെടലുകള്‍ അതിരു കടക്കുന്നത് പലപ്പോഴും നാം കണ്ടതാണ്.എന്നാല്‍ കണ്ണൂര്‍ ചെറുപുഴയില്‍ നടന്ന ഒരു കല്യാണമാണ് സാമൂഹ്യമാധ്യമങ്ങളിലെ ഇപ്പോഴത്തെ ചൂടേറിയ ചര്‍ച്ച. 25 കാരനായ ചെക്കന്‍ 48 കാരനായ പെണ്ണിനെ പണത്തിന് വേണ്ടി കെട്ടിയെന്നാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. എന്നാല്‍ ഈ പ്രചരണത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ദമ്പതികള്‍. വ്യാജ പ്രചാരണം നടത്തിയവര്‍ക്കെതിരെ നിയമനടപടിയെടുക്കുമെന്ന് ദമ്പതികളായ അനൂപും ജൂബിയും അറിയിക്കുകയും ചെയ്തു.സൈബര്‍ ആക്രമണം പരിധി വിട്ടതോടെ മാനസികമായി തകര്‍ന്ന ദമ്പതികള്‍ ചികിത്സ തേടിയിരികികയാണിപ്പോള്‍.
പത്രത്തിലെ വിവാഹപരസ്യമാണ് വാട്സ്ആപ്പിലും ഫെയ്സ്ബുക്കിലും പരിഹാസമായി മാറിയത്. 25 കാരന്‍ 48 കാരിയെ വിവാഹം കഴിച്ചുവെന്ന വ്യാജ തലക്കെട്ടിലാണ് ഇത് സമൂഹമാധ്യമങ്ങളിലൂടെ ഒരു കൂട്ടര്‍ പ്രചരിപ്പിച്ചത്. പണം മോഹിച്ചാണ് വരന്‍ പ്രായം കൂടിയ വധുവിനെ വിവാഹം കഴിച്ചതെന്നും പ്രചരിപ്പിക്കുകയായിരുന്നു. 15 കോടി ആസ്തിയുള്ള 48 കാരിയാണ് ജൂബിയെന്നും പ്രചരിച്ചത് വധുവിന്റെയും വരന്റെയും ബന്ധുക്കളെ വേദനിപ്പിച്ചു.

അനൂപും ജൂബിയും ഫെബ്രുവരി നാലിനാണ് വിവാഹിതരായത്. പഞ്ചാബില്‍ എയര്‍പോര്‍ട്ട് ജീവനക്കാരനാണ് അനൂപ്. ചെറുപുഴയില്‍ നിന്നും 30 കിലോമീറ്റര്‍ അകലെയുള്ള ചെമ്പന്‍തൊട്ടിയിലാണ് വധുവായ ജൂബിയുടെ വീട്. ടൂറിസത്തില്‍ ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദം നേടിയ 27 കാരിയായ ജൂബിയെ കണ്ട് ഇഷ്ടമായ 29 കാരനായ അനൂപിന്റെ വീട്ടുകാര്‍ വിവാഹലോചന നടത്തുകയായിരുന്നു. വിവാഹത്തെക്കുറിച്ച് പല കഥകളും ആളുകള്‍ ചമക്കുന്നുണ്ടെന്നും ഇതെല്ലാം ദുഃഖമുണ്ടാക്കുന്നുവെന്നും ഇരുവരും പറഞ്ഞു. അപവാദ പ്രചാരണം നടത്തിയവര്‍ക്കെതിരെ കേസ് കൊടുക്കാന്‍ തന്നെയാണു ദമ്പതികളുടെ തീരുമാനം.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar